തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. വോട്ടർപട്ടികയിലെ ‘വോട്ട് ചോർത്തൽ’ ആരോപണങ്ങളിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിക്കുന്നുവെന്ന കോൺഗ്രസിന്റെ വിമർശനങ്ങൾക്കിടെയാണ് നടപടി.
പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് പ്രമേയം പാസാക്കിയത്. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, അർഹരായിട്ടും തെറ്റായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, നിഷ്പക്ഷതയിൽ ഗുരുതരമായ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജ്ഞാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുക എന്നിവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങൾ.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള സമിതിയുടെ ഘടനയിലും മാറ്റം വേണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന സമിതി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കണമെന്നാണ് പ്രമേയത്തിലെ നിർദേശം.
പ്രമേയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാക്കാലുള്ള ഭേദഗതി അംഗീകരിച്ചു. പുറത്തായ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ എന്നത് 13 കോടി എന്നാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. വാക്കാലുള്ള ഭേദഗതി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, പ്രമേയത്തെ ബിജെപി എംഎല്‍എമാര്‍ എതിര്‍ത്തു. പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. സഭ്ക്ക് പുറത്ത് ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രമേയം കത്തിച്ച് പ്രതിഷേധിച്ചു.
















