തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നു.മധ്യ, തെക്കന്‍ കേരളത്തില്‍ വ്യാപകമായും വടക്കന്‍ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ. പത്ത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഇരുപത് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.അരുവിക്കരയില്‍ മൂന്ന് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി.
















