ന്യൂദല്‍ഹി: ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ വിവേക് ഭഗത് അസഭ്യമായ രീതിയില്‍ ദേഹത്ത് സ്പര്‍ശിക്കുന്ന വ്യാജവീഡിയോ നിര്‍മ്മിച്ചത് ഹരിയാന സ്വദേശിയായ നദീം അഹമ്മദ് അമീന്‍ ആണെന്ന് കണ്ടെത്തി. ദല്‍ഹി സൈബര്‍ പൊലീസ് ഈ യുവാവിനെ അറസ്റ്റ് ചെയ്തു. സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസില്‍ പോലും തോറ്റ നദീം അഹമ്മദ് അമീന്‍ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.
വ്യാജമായി എഐ ഉപയോഗിച്ച് ഉണ്ടാക്കിയ വീഡിയോയില്‍ വിവേക് ഭാഗതിന്റെ പേരും ദല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥന്‍ എന്നും വലുതാക്കി എഴുതിക്കാണിച്ചിരിക്കുകയാണ്. ഇതുവഴി സിജെപി സമരത്തെ തടയുന്ന സമര്‍ത്ഥരായ പൊലീസ് ഉദ്യോഗസ്ഥരെ കള്ളന്മാരാക്കി ചിത്രീകരിക്കുകയായിരുന്നു നദീം അഹമ്മദിന്റെ ലക്ഷ്യം. ദല്‍ഹി സൈബര്‍ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വീഡിയോ കള്ളമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ദല്‍ഹി പൊലീസ് നദീം അഹമ്മദിനെ ഹരിയാനയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ന്യൂദൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അഡീഷണൽ ഡിസിപി മൻജീത് ഷിയോറൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സേനയുടെ പ്രതിച്ഛായ തകർക്കുക, അരാജകത്വം പരത്തുക, പ്രതിഷേധക്കാരെ പ്രകോപിപ്പിച്ച് അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കുക, അതുവഴി അക്രമത്തിന് വഴിയൊരുക്കുക എന്നിവയായിരുന്നു ഈ വ്യാജവീഡിയോയ്‌ക്ക് പിന്നിലെ ലക്ഷ്യമെന്ന് ദൽഹി പോലീസ് വ്യക്തമാക്കി.
വ്യാജ പോസ്റ്ററും വീഡിയോയും നിര്‍മ്മിച്ചതില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും
വ്യാജ പോസ്റ്റർ നിർമിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന. .
















