ന്യൂദൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലായ എംവി റോയാദ് മമ്മഡോവിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ആക്രമണത്തിൽ രണ്ട് വിദേശ നാവികർ കൊല്ലപ്പെടുകയും ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ചില ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. കരിങ്കടലിൽ വെച്ച് തുർക്കിയുടെ ഉടമസ്ഥതയിലുള്ള സിവിലിയൻ കാർഗോ കപ്പലിൽ ഒരു റഷ്യൻ ഡ്രോൺ ഇടിച്ച് കയറുകയായിരുന്നു.
അതേ സമയം തന്നെ കപ്പലിലെ ജീവനക്കാരായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. “കരിങ്കടലിൽ വെച്ച് എംവി റോയാദ് മമ്മഡോവിന് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഈ ആക്രമണത്തിൽ രണ്ട് വിദേശ നാവികർ കൊല്ലപ്പെടുകയും ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ചില ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റൊമാനിയൻ അധികൃതർ രക്ഷപ്പെടുത്തി വൈദ്യസഹായം നൽകുന്നുണ്ട്. കപ്പലിലെ ജീവനക്കാരായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണ്. ഈ സംഭവത്തിൽ റൊമാനിയൻ അധികാരികളുടെ വേഗത്തിലുള്ള നടപടിക്ക് ഞങ്ങൾ നന്ദി പറയുന്നു,” – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അതീവ ആശങ്കയോടെയാണ് കാണുന്നതെന്നും അന്താരാഷ്‌ട്ര ജലപാതകളിലെ ഗതാഗതം ലക്ഷ്യമിടുന്നത് ആഗോള വാണിജ്യത്തെയും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തെയും ഗുരുതരമായി ദുർബലപ്പെടുത്തുന്നു എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സംഭാഷണത്തിനും നയതന്ത്രത്തിനും ഞങ്ങൾ തുടർന്നും ആഹ്വാനം ചെയ്യുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
റഷ്യ-ഉക്രെയ്ൻ സംഘർഷം മൂലം വാണിജ്യ ഷിപ്പിംഗിനും തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ കാരണം ഗുരുതരമായ തടസ്സങ്ങൾ നേരിടുന്ന ഒരു നിർണായക ആഗോള വ്യാപാര കേന്ദ്രമാണ് കരിങ്കടൽ.
















