ന്യൂദൽഹി: ജർമ്മനിയിലെ ശ്രീനാരായണ ഗ്ലോബൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ‘ദൈവദശകം ഒരു ലോകം ഒരു പ്രാർത്ഥന’ എന്ന ലക്ഷ്യമിട്ട് 50ൽ പരം രാജ്യങ്ങളിൽ 10 ലക്ഷത്തിൽ അധികം ആൾക്കാർ ഒരേ സമയം ആലപിക്കുന്നു. ഒക്‌ടോബർ 25 നാണ് ആലാപനം.
സംസ്‌കൃത് പ്രമോഷൻ ഫൗണ്ടേഷൻ, എസ്എൻഡിപി യോഗം, യോഗത്തിന്റെ ദൽഹി യൂണിയൻ, ശ്രീ നാരായണ കേന്ദ്ര, ശ്രീ നാരായണ ഫോറം ഫോർ യൂണിവേർസൽ ബ്രദർഹുഡ് , പാഞ്ചജന്യം ഭാരതം എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഭാരതത്തിലെ പ്രചാരണാർത്ഥം ദൽഹി ശ്രീനാരായണ കേന്ദ്രത്തിൽ യോഗം ചേർന്നു. എസ്എൻഡിപി ദൽഹി യൂണിയൻ പ്രസിഡന്റ് ടി. എസ്. അനിൽ അദ്ധ്യക്ഷനായി. യോഗത്തിൽ
വെള്ളാപ്പള്ളി നടേശൻ മുഖ്യ രക്ഷാധികാരിയായും, ഗിരിധർ റാവുവിനെ (ഭാരതീയ ഭാഷാ സമിതി) ദേശീയ അദ്ധ്യക്ഷനായും 51 അംഗ കമ്മിറ്റി രൂപീകരിച്ചു.
ഒക്‌ടോബർ 25 ന് ദൽഹിയിൽ വിശാല സാംസ്‌കാരിക സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. സ്വാഗതസംഘം ചെയർമാനായി കെ. പി. പ്രകാശിനെ തെരഞ്ഞെടുത്തു. എസ്എൻഡിപി യോഗം ദൽഹി യൂണിയൻ സെക്രട്ടറി ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് സി.ഡി. സുനിൽ കുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എം. കെ. അനിൽ, ശ്രീനാരായണ കേന്ദ്ര ജനറൽ സെക്രട്ടറി ജയദേവൻ, പാഞ്ചജന്യം ഭാരതം ജനറൽ സെക്രട്ടറി വിനോദ് കല്ലേത്ത്, വിശ്വകർമ്മ മഹാസഭ വൈസ് പ്രസിഡന്റ് ബിജോ വിജയൻ, എൻഎസ്എസ് മുൻ സെക്രട്ടറി ആർ.ആർ. നായർ, എൻഎസ്എസ് ട്രഷറർ വിജയൻ നായർ, ദൽഹി സർക്കാർ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ പ്രസംഗിച്ചു.
















