തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത സംഭവത്തിൽ യുവജനകാര്യ, കായിക മന്ത്രി ശ്രീ ഒ. ജെ. ജനീഷിനെതിരെ ഭരണഘടനാനുസൃതമായ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എയുടെ പേരിലുള്ള നിവേദനം ബിജെപി പ്രതിനിധിസംഘം ഗവർണർക്ക് സമർപ്പിച്ചു.
അമിത് ഷായുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര സംഭവമാണ് കൊല്ലത്ത് ഉണ്ടായതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ താൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നതെന്നും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും മന്ത്രി ജനീഷ് തന്നെ പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും മന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്ന നിലപാടും നിവേദനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ നടന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ആഭ്യന്തരമന്ത്രിയുടെ ജീവൻ അപായപ്പെടുത്താൻ ആണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചത്
സംഭവത്തിന്റെ ഉത്തരവാദിത്വം താനാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ഷോൺ ജോർജ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ മനു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറായി നേരിൽ കണ്ട് നിവേദനം നൽകിയത്.
















