കൊല്ലം:വാടക തര്‍ക്കത്തെ തുടര്‍ന്ന് ഉടമകള്‍ വീട് ഇടിച്ചു നിരത്തി.താമസക്കാരായ ദമ്പതികള്‍ കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതാണ് വീട്ടുടമയെ കടുംകൈക്ക് പ്രേരിപ്പിച്ചത്.ചിതറയിലാണ് സംഭവം.
എട്ടു വര്‍ഷമായി വാടകയ്‌ക്ക് താമസിക്കുകയായിരുന്ന അബ്ദുള്‍ വാഹിദും ഭാര്യ സുഹറ ബീവിയും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ വേളയിലാണ് വീട് ഇടിച്ചു നിരത്തിയത്. ഉപജീവനത്തിനായി ഇവര്‍ ആശ്രയിച്ചിരുന്ന കടയോട് കൂടിയ വീടാണ് ഇടിച്ചുനിരത്തിയത്.
ആറ് മാസം മുന്‍പ് വീട് ഒഴിയണം എന്ന് ഉടമകള്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരിടം കണ്ടെത്തുന്നത് വരെ ഉടമകളോട് സാവകാശം ദമ്പതികള്‍ ചോദിച്ചിരുന്നു.എന്നാല്‍ ഇത് പിന്നീട് കേസായി. കോടതിയില്‍ നിന്നും ദമ്പതികള്‍ക്കനുകൂലമായി സ്റ്റേ കിട്ടുകയും ചെയ്തു.
വീടിന് സമീപത്തെ തെങ്ങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുറിച്ച് വീടിന് മുകളിലൂടെ ഇടുകയും വീട് പൂര്‍ണമായും ഇടിച്ച് നിരത്തുകയുമായിരുന്നു.
















