ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയ തുർക്കിയ്‌ക്ക് താക്കീതുമായി ഇന്ത്യ . കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, ഇത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും ബാധിക്കുന്ന വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയെയും ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തെയും സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് നടത്തിയ അനാവശ്യമായ പരാമർശങ്ങളെ ഇന്ത്യ തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു . ഈ വിഷയം ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും ബാധിക്കുന്നതാണ്; ഇക്കാര്യത്തിൽ പുറത്തുനിന്നുള്ള ഒരു കക്ഷിക്കും യാതൊരു അവകാശമോ പങ്കോ ഇല്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 24-ന് ഐക്യരാഷ്‌ട്രസഭ പൊതുസഭയുടെ 81-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കശ്മീർ വിഷയം ഉൾപ്പെടെ ദക്ഷിണേഷ്യയിലെ എല്ലാ തർക്കങ്ങളും യു.എൻ. ചാർട്ടറിന്റെയും പ്രസക്തമായ പ്രമേയങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്ന് ചർച്ചകളിലൂടെ പരിഹരിക്കണമെന്നായിരുന്നു എർദോഗൻ പറഞ്ഞത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് തുർക്കി പ്രസിഡന്റ് ഈ പരാമർശങ്ങൾ നടത്തിയത്. കശ്മീർ വിഷയം ഉന്നയിക്കാൻ എർദോഗൻ യു.എൻ. വേദി ഉപയോഗിച്ച സന്ദർഭമായിരുന്നു ഇത്. ഇതിനെതിരെയാണ് ഇന്ത്യ പ്രതികരിച്ചത്.
















