മൂന്നാര്‍: നീലക്കുറിഞ്ഞി പൂവ് കാണാനെത്തിയ വിനോദസഞ്ചാരികള്‍ പള്ളിവാസല്‍ മലമുകളില്‍ കുരിശിനു മുകളില്‍ കയറി നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ 4 പേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ഉണ്ണിക്കുളം പുനൂര്‍ കക്കാട്ടുമേല്‍ മുഹമ്മദ് അഷ്മില്‍ (20), പെരുമ്പള്ളി പുതുപ്പാടി മരക്കൂട്ടത്തില്‍ മുഹമ്മദ് നിഹാല്‍ (19), താമരശേരി കാട്ടിപ്പാറ വടക്കേക്കുന്നത്ത് മുഹമ്മദ് ഇര്‍ഫാന്‍ (20), കാട്ടിപ്പാറ ബംഗ്ലാവ് കുന്നുമ്മേല്‍ മുഹമ്മദ് മുക്ഭാര്‍ (19) എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സപ്തം. 19ന് നീലക്കുറിഞ്ഞി കാണാനെത്തിയ ഇവര്‍ സെന്റ് ആന്‍സ് ചര്‍ച്ചിന്റെ മലയിലെ കുരിശില്‍ കയറി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. മലയ്‌ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് കുരിശിന് മുകളില്‍ കയറി നിന്നുള്ള യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകം സംഭവം അറിയുന്നതും, വിവാദമായതും.
പള്ളിവാസല്‍ സെന്റ് ആന്‍സ് പള്ളി വികാരിയുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
















