പത്തനംതിട്ട: ശബരിമല കുത്തക ലേലം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരാണെന്ന സത്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ ബോധ്യപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാനോ സ്ഥലംമാറ്റാനോ ബോര്‍ഡ് തുനിയാത്തതില്‍ ദുരൂഹതകളേറെ. തിരുവനന്തപുരം നന്തന്‍കോട്ടെ ആസ്ഥാനത്ത് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഭരണവിഭാഗം, ദേവസ്വം കമ്മീഷണറേറ്റ്, അക്കൗണ്ട്‌സ് വിഭാഗം, മരാമത്ത് വിഭാഗങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇടത് – വലത് അനുഭാവികളും പ്രവര്‍ത്തകരുമാണ്. കരാര്‍ ലോബിയുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളത്. ഇത്തരക്കാരെ സ്ഥലംമാറ്റിയാലും പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. ദേവസ്വം തലപ്പത്ത് ആരു വന്നാലും ഇവര്‍ അവരെ വളരെ എളുപ്പം സ്വാധീനത്തിലാക്കും.
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടക്കുന്ന ഇ-ടെണ്ടര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍, കുത്തക ലേലക്കാര്‍ക്കായി മാനദണ്ഡങ്ങള്‍ മാറ്റല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്ളത്. ശബരിമലയിലെ 110 കടകളുടെ കുത്തക ലേലത്തിനുള്ള ഇ-ടെണ്ടറില്‍ പങ്കെടുത്ത ബിഡ്ഡര്‍മാരുടെ രഹസ്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കുത്തക ലേല ലോബി ഇ-ടെണ്ടറില്‍ പങ്കെടുത്ത പുതിയ കരാറുകാരെ ഭീഷണിപ്പെടുത്തിയെന്നും ലേലത്തില്‍ നിന്നു പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വ്യക്തമായിട്ടുണ്ട്.
ഇത് പുറത്തായതോടെ സുതാര്യത ഉറപ്പാക്കാനായി ദേവസ്വം ബോര്‍ഡ് ലേല നടപടികള്‍ പൂര്‍ണമായി റദ്ദാക്കുകയും പുതിയ ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഈ നടപടിയെ പിന്തുണച്ചെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷണ നടപടി എടുക്കുന്നില്ലെന്നതാണ് വിചിത്രം. ശര്‍ക്കര, ഉണക്കലരി തുടങ്ങിയവ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ അട്ടിമറിക്കാനാണ് ചില ദേവസ്വം ഉദ്യോഗസ്ഥരും ഇടനിലക്കാരും ശ്രമിച്ചത്. സാധനങ്ങള്‍ പമ്പ വരെ എത്തിച്ചാല്‍ മതിയെന്ന നിബന്ധന, സെക്യൂരിറ്റി ഡെപ്പോസിറ്റ് വിവരങ്ങള്‍ എന്നിവ പരസ്യത്തില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയതിലൂടെ ഗുണനിലവാരമുള്ള കമ്പനികള്‍ ടെണ്ടറില്‍ നിന്ന് വിട്ടുനില്‍ക്കുകയും, മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് മാത്രം കരാര്‍ ലഭിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
മുന്‍വര്‍ഷങ്ങളിലെ ലേലത്തുക പൂര്‍ണമായി അടയ്‌ക്കാത്തവരെയും ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചവരെയും നിബന്ധനകള്‍ ലംഘിച്ച് വീണ്ടും ലേലത്തില്‍ പങ്കെടുക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചു. ശബരിമലയില്‍ വിതരണം ചെയ്യുന്ന മില്‍മ നെയ്യിന്റെ മറവില്‍ തമിഴ്നാട്ടില്‍ നിന്നും വ്യാജ നെയ്യ് എത്തിച്ച് സന്നിധാനത്തേക്ക് കടത്തിയ സംഭവത്തിലും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം വിജിലന്‍സ് അന്വേഷണ പരിധിയിലാണ്.
കരാര്‍ ലോബിക്ക് ടെണ്ടര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിനും ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്കും കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കൂടാതെ ചില മുന്‍നിര ദേവസ്വം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലുമാണ്. പക്ഷേ യഥാര്‍ത്ഥ വില്ലന്മാര്‍ കണ്‍മുമ്പിലുള്ളപ്പോള്‍ അവരെ കണ്ടെത്താതെ, ഭരണ- പ്രതിപക്ഷ നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്വേഷണം ദീര്‍ഘിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.
















