മണ്ഡല തീര്‍ത്ഥാടനകാലം അടുത്തുകൊണ്ടിരിക്കെ ശബരിമലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഭക്തജനങ്ങളെ വേദനിപ്പിക്കുന്നതാണ്. മല ചവിട്ടിയെത്തുന്ന അയ്യപ്പന്മാര്‍ക്ക് വഴിപാടായി നല്‍കേണ്ട അരവണയും ഉണ്ണിയപ്പവും തയ്യാറാക്കാനുള്ള യാതൊരു മുന്നൊരുക്കവും തിരുവിതാംകൂര്‍ ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. ആവശ്യമായ കരാറുകള്‍ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിഭവങ്ങള്‍ ശേഖരിച്ചിട്ടുമില്ല. അയ്യപ്പന്മാര്‍ക്ക് യാത്രാസൗകര്യം ഒരുക്കാനുള്ള നടപടികള്‍ ദേവസ്വം അധികൃതര്‍ സ്വീകരിക്കുന്നതായി കാണുന്നില്ല. ഭക്തരെ സഹായിക്കാന്‍ ഹിന്ദുസംഘടനകളെ അനുവദിക്കുന്നുമില്ല. രണ്ടു മാസത്തില്‍ കുറഞ്ഞ കാലയളവുകൊണ്ട് തീര്‍ത്ഥാടനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ എത്ര ശ്രമിച്ചാലും ദേവസ്വം അധികൃതര്‍ക്ക് കഴിയില്ല.
ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും തമ്മിലുള്ള ശീതസമരമാണ് ശബരിമലയിലെ സ്തംഭനാവസ്ഥക്ക് കാരണമെന്ന് അറിയുന്നു. ശബരിമലയിലെ സ്ഥിതിഗതികള്‍ ഗുരുതരമെന്നും തീര്‍ഥാടനം സുഗമമായി നടത്താന്‍ ഏതറ്റംവരെയും പോകുമെന്നുമാണ് മന്ത്രി മുരളീധരന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് പ്രതികൂലമായ സാഹചര്യമാണ് ശബരിമലയില്‍ ഇപ്പോഴുള്ളതെന്ന് മന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു. മന്ത്രിയുടെ ആക്ഷേപങ്ങളെ തള്ളുകയാണ് ദേവസ്വം പ്രസിഡന്റ് ജയകുമാര്‍. മന്ത്രിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കാണുകയും ചെയ്തു. രാജിവെക്കണമെങ്കില്‍ അക്കാര്യം പറഞ്ഞാല്‍ മതിയെന്നാണ് ജയകുമാറിന്റെ പ്രതികരണം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് ആരെങ്കിലും തുടരണമോ വേണ്ടയോ എന്നതല്ല അയ്യപ്പഭക്തരുടെ പ്രശ്‌നം. തീര്‍ത്ഥാടനത്തിന് ആവശ്യമായ അന്തരീക്ഷം ഒരുക്കുക എന്നതാണ്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റ് പരാജയപ്പെട്ടിരിക്കുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നയാളല്ല ദേവസ്വം മന്ത്രി എന്നതാവാം ഇതിനു കാരണം. അത് എന്തായിരുന്നാലും അടിയന്തര നടപടികള്‍ സ്വീകരിച്ച് തീര്‍ഥാടനം സുഗമമാക്കാനുള്ള വഴിയൊരുക്കണം.
അയ്യപ്പഭക്തരെ പരമാവധി ദ്രോഹിച്ചും കബളിപ്പിച്ചും ഭരിച്ച പിണറായി സര്‍ക്കാരിന് പകരം വന്നതാണ് യുഡിഎഫ് സര്‍ക്കാര്‍. പക്ഷേ ശബരിമലയുടെ കാര്യം വരുമ്പോള്‍ ഇതിനുശേഷവും മാറ്റമില്ലാതെ തുടരുകയാണ്. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ ശബരിമല സ്വര്‍ണക്കൊള്ളയെ വിമര്‍ശിച്ച് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ അതെക്കുറിച്ച് മിണ്ടുന്നില്ല. കേസുകളില്‍ പ്രതിയായിരുന്നവരൊക്കെ ജയിലിന് പുറത്തായിരിക്കുന്നു. ഇവരോട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മൃദുസമീപനം സ്വീകരിക്കുകയാണ്. ഇപ്പോഴിതാ ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണ കിരീടം ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ്ങ്‌റൂമില്‍ നിന്ന് നഷ്ടപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. ഭരണം മാറിയിട്ടും കളവിന് മാറ്റം വരുന്നില്ല എന്നര്‍ത്ഥം.
ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസുകളുടെ അന്വേഷണം എവിടെയെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളും തെളിവ് നശിപ്പിക്കലുകളും നിര്‍ബാധം നടന്നതായാണ് അറിയുന്നത്. ശബരിമലയിലെ കാര്യങ്ങള്‍ നേരെയാക്കാനെന്ന പേരില്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടയാളാണ് കെ. ജയകുമാര്‍. നിരാശാജനകമായ പ്രകടനമാണ് ജയകുമാര്‍ കാഴ്ചവെച്ചിട്ടുള്ളത്. സ്വര്‍ണക്കൊള്ള കേസ് ഏതു വഴിക്ക് പോയാലും തനിക്ക് പ്രശ്‌നമില്ലെന്നും അതൊന്നും തന്റെ മുന്‍ഗണനയില്‍ വരുന്നതല്ലെന്നും ഈ ഐഎഎസുകാരന്‍ തെളിയിച്ചുകഴിഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കസേരയില്‍ ആര് ഇരിക്കണമെന്നത് അയ്യപ്പഭക്തരുടെ പ്രശ്‌നമല്ല. ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കുകയും, തീര്‍ത്ഥാടനത്തിന് തടസം വരാതിരിക്കുകയും ചെയ്യുക എന്നതാണ് അവര്‍ക്ക് പ്രധാനം. ഇപ്പോള്‍തന്നെ സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. അയ്യപ്പനിലുള്ള വിശ്വാസം വോട്ടുവാങ്ങാന്‍ മാത്രമുള്ളതാവരുത്. സര്‍ക്കാരിലും ദേവസ്വം ബോര്‍ഡിലും ഇരിക്കുന്നവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറുകയും, സത്വര നടപടികള്‍ സ്വീകരിക്കുകയും വേണം. അയ്യപ്പഭക്തരെ വഞ്ചിക്കുന്നവര്‍ ആരായാലും തിരിച്ചടി നേരിടും.
















