ഭുവനേശ്വര്‍: ഭാരതത്തിന്റെ ജ്യോതിശാസ്ത്ര മികവിന്റെയും വാസ്തുവിദ്യാ വൈഭവത്തിന്റെയും അതുല്യ മാതൃകയായ ഒഡീഷയിലെ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ശ്രീകോവില്‍ വീണ്ടും തുറക്കുന്നു. 123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ ശ്രീകോവിലായ ജഗ്മോഹന്‍ ഹാള്‍ മണല്‍ നിറച്ചിട്ടതോടെ ഭക്തര്‍ക്ക് ഇവിടേക്കുള്ള പ്രവേശനം മുടങ്ങുകയായിരുന്നു. ക്ഷേത്രത്തിന് ബലക്ഷയം സംഭവിച്ച് 15 അടി ഉയരമുള്ള മതില്‍ തകരുന്നത് തടയാനാണ് മണല്‍ നിറച്ചതെന്നാണ് അന്ന് അറിയിച്ചത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ), ഐഐടി മദ്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് മണല്‍ നീക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ മണല്‍ പൂര്‍ണമായും നീക്കാന്‍ സാധിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കും. എഎസ്‌ഐ പുരി സര്‍ക്കിള്‍ സൂപ്രണ്ടന്റ് ഡി.ബി. ഗദ്‌നായക് അറിയിച്ചു.
13-ാം നൂറ്റാണ്ടില്‍ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹദേവന്‍ ഒന്നാമന്‍ നിര്‍മിച്ചതാണ് കൊണാര്‍ക് സൂര്യക്ഷേത്രം. സൂര്യദേവന്റെ രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന. 24 കൂറ്റന്‍ ശിലാചക്രങ്ങളും ഏഴ് കുതിരകളുമാണ് ക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകള്‍. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലും മറ്റ് ഘടനകളില്‍ പലതും കാലക്രമേണ തകര്‍ന്നെങ്കിലും ജഗ്‌മോഹന്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
1984ല്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ മണലിന്റെ സ്വഭാവത്തിലും ഘടനയ്‌ക്കുള്ളിലെ ഈര്‍പ്പത്തിലും മാറ്റങ്ങള്‍ ഉണ്ടായതോടെ ഇതിന്റെ ദീര്‍ഘകാല സുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നതോടെയാണ് മണല്‍ ശാസ്ത്രീയമായി നീക്കാനുള്ള നടപടികള്‍ എഎസ്‌ഐ ആരംഭിച്ചത്. 2025 ഡിസംബറില്‍ പടിഞ്ഞാറന്‍ ഭിത്തിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോര്‍ ഡ്രില്ലിങ് നടത്തിയിരുന്നു. ഭിത്തിയുടെ ശക്തിയും അകത്തെ മണലിന്റെ അവസ്ഥയും വിലയിരുത്തുന്നതിനായിരുന്നു പരിശോധന. എഎസ്‌ഐ മദ്രാസ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സാങ്കേതിക വിലയിരുത്തലുകള്‍ക്ക് ശേഷമാണ് തുടര്‍നടപടികള്‍ക്ക് അനുമതി ലഭിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം സാങ്കേതിക പഠനങ്ങളും പരിശോധനകളും നടത്തിയശേഷം സുരക്ഷിതസംവിധാനങ്ങളൊരുക്കിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. മണല്‍ പുറത്തെടുക്കുന്നതിനിടെ ക്ഷേത്രത്തിന്റെ കല്‍ഭിത്തികള്‍ക്ക് യാതൊരു ആഘാതവും ഉണ്ടാകാതിരിക്കാനായി നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















