പ്രസിദ്ധ സാഹിത്യകാരി പ്രിയ.എ.എസ് എഴുതുന്ന അമ്മ അനുഭവം ഹൃദ്യമാണ്, അനുഭവ തീവ്രമാണ്. പ്രിയയുടെ
ഔദ്യോഗിക നാമം പ്രിയ ആനന്ദവല്ലി സദാശിവൻ എന്നാണ്. ചെറുകഥകൾ, ബാലസാഹിത്യം, വിവർത്തനങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ അനവധിയുണ്ട് രചനകൾ. മൂന്ന് തവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പ്രിയ, പലവിധ രോഗങ്ങളിലൂടെ തീവ്രമായ ജീവിതാനുഭവങ്ങൾ അറിഞ്ഞയാളാണ്. മാതാ അമൃതനന്ദമയീ ദേവിയുടെ പിറന്നാളിന് എഴുതിയ ഒരു കുറിപ്പ് ഇങ്ങനെ:
അമൃതാനന്ദമയി അമ്മയുടെ എഴുപത്തിരണ്ടാം ജന്മദിനത്തോടനുബന്ധിച്ച് 70 പേർ എഴുതുന്നു, അതിലൊരാളായി എഴുതാമോ എന്ന് കഴിഞ്ഞ വർഷം ലക്ഷ്‌മി Lakshmi Sankar ചോദിച്ചപ്പോൾ, ലക്ഷ്മിയോടുള്ള പ്രിയത്തെ പ്രതിയാണ് എഴുതാനിരുന്നത്.
കഴിഞ്ഞ വർഷം നേരിട്ട ഗുരുതരമായ അപകടത്തെ ലഘുതരമായി നേരിട്ട് ലക്ഷ്‌മി, അമൃതാനന്ദമയിയമ്മയുടെ 73ാം പിറന്നാൾ വേദിയിൽ ചിരിമയി യായി വാഗ് ശുദ്ധിയായി ഉയിർത്തെണീറ്റു നിൽക്കുന്നതറിയുമ്പോൾ , എണീറ്റയാളെയും എണീപ്പിച്ചയാളെയും ഈ കുറിപ്പ് കൊണ്ട് നമസ്ക്കരിക്കണമെന്നു തോന്നുന്നു.
അമൃതാനന്ദം
പ്രിയ എ എസ്
_______
ഒരിയ്‌ക്കല്‍ അമൃതാനന്ദമയിയമ്മയെ കാണാന്‍ ഇടപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തിൽ പോയിട്ടുണ്ട്.
ഒക്കത്ത് എല്‍ കെ ജിക്കാരന്‍ കുഞ്ഞുമകന്‍ കുഞ്ഞുണ്ണി.കൈയില്‍ ആയിടെ കുഞ്ഞുങ്ങള്‍ക്കായെഴുതിയ ‘അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം’ എന്ന പുസ്തകം.
കുഞ്ഞുണ്ണിയുടെ എല്‍ കെ ജി ക്‌ളാസ് റ്റീച്ചര്‍ എന്ന പദവിയില്‍ നിന്ന് എന്റെ ആത്മസുഹൃത്തായി മാറിയ പുഷ്പയുടെ നിര്‍ബന്ധമായിരുന്നു ആ സന്ദര്‍ശനത്തിനുപിന്നില്‍. ‘ആള്‍ക്കൂട്ടം ഇഷ്ടമല്ല , ക്യൂ നില്‍പ്പ് എന്നെ പരവശയാക്കും , ഞാന്‍ തലകറങ്ങിത്താഴെവീഴാനാണ് ചാന്‍സ് ‘ എന്നൊക്കെ ഒഴികഴിവ് പറഞ്ഞെങ്കിലും കുഞ്ഞുണ്ണിയുടെയും എന്റെ തന്നെയും ജീവന് അമൃതാഹോസ്പിറ്റലിനോടുള്ള തീരാക്കടപ്പാട് എന്ന ഒരു കാര്യം മനസ്സില്‍ വന്നതോടെ അമൃതാനന്ദമയി അമ്മയുമായുള്ള ഒരു മുഖാമുഖം ,എന്റെ ജന്മത്തിലെവിടെയോ എഴുതിയിട്ടുണ്ടാവാം എന്ന തോന്നലായി.
ക്യൂ നിന്ന് തളര്‍ന്ന് അമൃതാനന്ദമയി അമ്മയുടെ അടുത്തെത്തി ഞാനെന്ത് പറഞ്ഞു എന്നോര്‍മ്മയില്ല, പുസ്തകം കൊടുത്തതും, അമ്മ കണ്ണുകൊണ്ടും ചിരികൊണ്ടും ‘ഒക്കത്തുകുഞ്ഞുണ്ണി’യിലേക്കും പുസ്തകത്തിലേക്കുമായി ഒരു പ്രത്യേകനോട്ടം നോക്കിയതോര്‍മ്മയുണ്ട്.തിരക്കില്‍ നിന്നു രക്ഷപ്പെട്ട് താഴേക്കിറങ്ങി മുറ്റത്തുകൂടി നടക്കുമ്പോള്‍ മുമ്പില്‍ ഗായകൻ കൃഷ്ണചന്ദ്രന്‍. ‘അല്ലിയിളംപൂ’വിനോടുള്ള ഇഷ്ടം പണ്ട് മാതൃഭൂമി പത്രത്തിലെഴുതിയിരുന്നു എന്നു പറഞ്ഞോടിച്ചെന്നപ്പോള്‍ , ‘അച്ഛന്‍ കാണിച്ചുതന്നിരുന്നു പ്രിയയുടെ ലേഖനം’ എന്ന് കൃഷ്ണചന്ദ്രന്‍ സ്‌നേഹമായി.ആ കൂടിക്കാഴ്ച ,ഞങ്ങളെ കൂട്ടുകാരാക്കി. കൃഷ്ണചന്ദ്രനോട് വല്ലപ്പോഴും മിണ്ടുമ്പോഴെല്ലാം ഞാൻ അന്നത്തെയാ ‘അമൃതാനന്ദമയി അമ്മയെക്കാണാന്‍പോക്കിന്റെ’ ഓര്‍മ്മയിലെത്തും .

അമൃതാനന്ദമയി അമ്മയുടെ അടുത്ത് പോയതും പുസ്തകം കൊടുത്തതും അമൃത ആശുപത്രിയിലെ ബ്രഹമചാരിണി മായയോട് പറഞ്ഞപ്പോള്‍ മായ പറഞ്ഞു , ‘അമ്മ അത് തീര്‍ച്ചയായും വായിക്കും , അമ്മയ്‌ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള കഥകളൊക്കെ ഇഷ്ടമാണ് ‘ .
മായ ആയിരുന്നു എന്നും അമൃതാആശുപത്രിയില്‍ എന്റെ ആശ്രയം . എന്റെ കല്യാണത്തിന് പട്ടുപാവാടയും ബ്‌ളൗസും നാഗപടത്താലിയുമിട്ട് താലം പിടിക്കാനുണ്ടായിരുന്ന കുട്ടിയാണ് മായ എനിക്കെന്നും .എന്റെ കുഞ്ഞമ്മയുടെ മകൾ സീനയുടെ ക്‌ളാസ്മേറ്റായാണ് മായ , എന്റെ കല്യാണത്തിനെത്തിപ്പെട്ടത്.പിന്നെ മായ ,വെള്ളസ്സാരി അലസമായി ചുറ്റി രുദ്രാക്ഷം കഴുത്തിലിട്ട് ബ്രഹ്‌മചാരിണിയായി എത്രയോ തവണ എന്റെ അമൃതാവാസങ്ങള്‍ക്ക് കൂട്ടായി , താങ്ങായി,സമാശ്വാസമായി, ഒരിയ്‌ക്കലും വറ്റാത്ത ചിരിയോടെ എന്റെ വേവലാതികളെ തണുപ്പിച്ചുകിടത്തി.
ആദ്യമായി അമൃതയിലെത്തിയത് ,പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഒരു കുഞ്ഞുമുള എന്റെ ഉള്ളില്‍ നാമ്പെടുത്തപ്പോഴാണ്.അസുഖങ്ങളുടെ ഒരു വന്‍ചരിത്രവുമായി നാലുവയസ്സുമുതല്‍ ജീവിച്ചുവരുന്നവളാകയാല്‍ , ഏറ്റവും നല്ല ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗമുള്ള ആശുപത്രിയില്‍ പോയേ പറ്റൂ എന്ന് കോട്ടയത്തെ ഡോക്റ്റര്‍ ഉപദേശിച്ചതിനെത്തുടര്‍ന്ന് , ‘ഏതാശുപത്രി’ എന്ന കൂട്ടിക്കിഴിക്കലുകള്‍ ഒരുപാടുനടത്തിയശേഷം അമൃതയിലെത്തുകയായിരുന്നു ഏറ്റുമാനൂര്‍ക്കാരിയായിരുന്ന അന്നത്തെ ഞാന്‍. .അവിടുത്തെ ഗൈനക്കോളജി വിങ്ങിലെ ഡോക്റ്റര്‍ ബി രാജാമ്മാളും ഗ്യാസ്‌ട്രോ എന്ററോളജി വിങ്ങിലെ ഡോക്റ്റര്‍ വി ബാലകൃഷ്ണനും കൂടി എനിയ്‌ക്ക് തന്ന മകന്‍ കുഞ്ഞുണ്ണിയ്‌ക്ക് ഈ സെപ്റ്റംബര്‍ തീരുമ്പോൾ ഇരുപതുവയസ്സാകും . അന്ന് 2005 ല്‍ സെപ്റ്റംബര്‍ ഇരുപത്തിയേഴിന് , അമൃതാനന്ദമയി അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഒരു കുഞ്ഞുവയറും വച്ച് ഞാനവിടുണ്ട്. ഒക്‌റ്റോബര്‍ ഇരുപത്തിനാലിനുവരേണ്ടിയിരുന്ന കക്ഷി , ‘വരവ് ‘ നേരത്തേയാക്കിയത് അമൃതാനന്ദമയി അമ്മയുടെ പിറന്നാളിന്റന്നുതന്നെ എത്തിച്ചേരാനാണോ എന്ന സംശയം ഇടക്കിടെ വന്നുപോകുന്നുണ്ടായിരുന്നു.ഏതായാലും പിറന്നാളുകള്‍ തമ്മില്‍ ‘ക്‌ളാഷ് ‘ ആയില്ല . സെപ്റ്റംബർ അവസാനമാണ് കുഞ്ഞനെത്തിയത്. പക്ഷേ കുഞ്ഞുണ്ണിയുടെ ഓരോ പിറന്നാളും കാത്തിരിക്കുമ്പോള്‍ ഇരുപത്തിയേഴിന് ,ഒരോര്‍മ്മവന്നുപോകും അമൃതാന്ദമയി അമ്മയുടെ പിറന്നാള്‍ എന്ന്.

എമര്‍ജന്‍സിനേരമെന്തെങ്കിലും ഉണ്ടായി ഏറ്റുമാനൂരുനിന്നു വരുമ്പോള്‍ ,റെയില്‍വേഗേറ്റില്‍ കുടുങ്ങിപ്പോയാലോ എന്നു പേടിച്ച് പ്രസവകാലത്തിന് ഒരു മൂന്നുമാസം മുമ്പ് അമ്മയും അച്ഛനുമൊത്ത് മഞ്ഞുമ്മലേക്ക് താമസം മാറിയിരുന്നു. അതിനിടെ ബി പി ഇടയ്‌ക്കിടയ്‌ക്ക് വല്ലാതെ കൂടുകയും ആശുപത്രിയില്‍ ഒരു രാത്രിനേരത്തേക്കൊക്കെ അഡ്മിറ്റാവുകയും ചെയ്തുകൊണ്ടേയിരുന്നു .അങ്ങനെ ചെല്ലുമ്പോഴൊക്കെ ലേബര്‍റൂമിലാണ് കിടത്തുക . പ്രഷര്‍നോക്കാന്‍ ഇടക്കിടെ നേഴ്‌സ് വന്നുപോകുന്നതൊഴിച്ചാല്‍, അവിടെ അവശേഷിക്കുന്നത് ഞാനും അമൃതാനന്ദമയിയമ്മയുടെ പൂര്‍ണ്ണകായ ഫോട്ടോയും മാത്രം . വേറാരോടും മിണ്ടാനില്ലാത്തതിനാല്‍ ഞാന്‍ ആ ഫോട്ടോയോട് മിണ്ടി . ‘എനിയ്‌ക്ക് എന്റെ കുഞ്ഞിനെ കിട്ടിയേ പറ്റൂ , അതും ഒരു കുഴപ്പവുമില്ലാതെ ‘ എന്ന് ഞാനാ വജ്രമൂക്കൂത്തിയുടെ ചിരിയോട് ഉള്‍ക്കണ്ണീരോടെ വാശിപിടിച്ചു മയങ്ങിയും മയങ്ങാതെയും കിടന്നു . ‘ഇവിടെ ഒരു രാത്രി വന്നു കിടന്നാല്‍ നോര്‍മലാകുന്ന ബി പി’ എന്ന് എപ്പോള്‍ ബി പി കൂടി അഡ്മിറ്റാകുമ്പോഴും നേഴ്‌സുമാരൊക്കെ എന്നെ കളിയാക്കി.
ഇപ്പോഴും ഇടക്കൊക്കെ ആ മുറി , ആ ചിത്രരൂപി, ആ വാശിക്കണ്ണീര്‍ – അതൊക്കെ ഓര്‍മ്മ വരാറുണ്ട് ,വലുതായ കുഞ്ഞുണ്ണിയോട് ഓരോ കാര്യത്തിന് കലഹിക്കുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യേണ്ടിവരുമ്പോള്‍. ‘എത്ര വാശി പിടിച്ച് കിട്ടിയതാണെന്നോ നിന്നെ’ എന്ന് അവനെ പറഞ്ഞുമനസ്സിലാക്കാനൊരുങ്ങാറില്ല . ചിലതിനൊക്കെ കാലമാണ് ഉത്തരം കൊടുക്കേണ്ടത് എന്നുമാത്രമോര്‍ക്കും അപ്പോഴെല്ലാം.ഒരു ദിവസം എന്റെ കുഞ്ഞിവയറ്റിനകത്ത് ഒരു ഇളകിമറിയല്‍ നടന്നതും വയറ് ഒട്ടൊന്ന് ചരിഞ്ഞെന്നുതോന്നിയതും ഒരുവശത്തേക്ക് ചരിഞ്ഞവയറുനോക്കി കണ്ണാടി മുന്നിൽ നിന്ന് പേടിച്ചുവിറച്ചതും ‘ഏതുനേരത്തുവേണേലും വിളിച്ചോളൂ’ എന്ന് ഡോക്റ്റര്‍ രാജാമ്മാള്‍ പറഞ്ഞതോര്‍ത്ത് അപ്പോത്തന്നെ ഫോണ്‍വിളിയായതും ‘വയറ് ഇടിഞ്ഞതാണ്’ എന്ന് പഴമക്കാര്‍ പറയും കുഞ്ഞ് തല കീഴായി പുറംലോകം കാണാനായി പൊസിഷന്‍ മാറ്റിയതാണ് ,നാളെ വന്നോളൂ , നമുക്കൊന്നുറപ്പുവരുത്തിയേക്കാം എന്ന് ഡോക്റ്റര്‍ ചിരിച്ചുപറഞ്ഞതും ആയ ഒരോര്‍മ്മ അപ്പോ നനവായി കണ്ണിലേക്കു കയറിവരും .എല്ലാ കുഞ്ഞുണ്ണിപ്പിറന്നാളിനും ഞാന്‍ വിളിക്കാറുണ്ട് ഡോക്റ്റർ രാജാ മ്മാളിനെ.

പിന്നെ എത്രയോ തവണ ഹെപ്പറ്റൈറ്റിസ് , സ്‌പൈന്‍ റ്റിബി , ഡീപ് വെയിന്‍ ത്രോംബോസിസ് എന്നൊക്കെ പറഞ്ഞ് എല്ലാത്തില്‍നിന്നുമുള്ള പടിയിറങ്ങിപ്പോകലിന്റെ വക്കത്തുനിന്നുകൊണ്ട് അമൃത ആശുപത്രി കയറിയിറങ്ങി ,വീണ്ടും ഉഷാറായി ജീവിതത്തിലേക്കുതന്നെ തിരിച്ചുകയറി …ഓരോ മുറിയിലും ഓരോ പോസില്‍ ഇരുന്ന് മാതാഅമൃതാനന്ദമയി അമ്മ എന്നെ നോക്കി. തോളില്‍ തത്ത ഇരിക്കുന്ന ഒരു പടമതില്‍ വച്ച് ഏറ്റവുമോര്‍മ്മയുണ്ട്.
അതിനിടെ മായ, എന്റെ കല്യാണത്തിനു വന്ന മായ , എന്റെ മരണോന്മുഖകിടപ്പുകള്‍ക്ക് കൂട്ടിരുന്ന മായ- ഭൂമി വിട്ടു.എന്റെ കല്യാണം,ഏതോ ജന്മത്തിലെ ഓര്‍മ്മയായി അവസാനിച്ചു. എന്നെ ഹൃദയത്തോടുചേര്‍ത്തുനിര്‍ത്തിയിരുന്ന ഡോക്റ്റര്‍ ബാലകൃഷ്ണനും പോയി.
ഇടയ്‌ക്കൊന്ന് ക്യാന്‍സര്‍ വിങ്ങിലും എത്തിയിരുന്നു ഞാന്‍.മലിഗ്നന്‍സി ഇല്ല എന്നറിഞ്ഞപ്പോള്‍, ആശ്വാസത്തിനൊപ്പം ഡോക്റ്റര്‍ വിജയകുമാറെന്ന സ്‌നേഹസ്വരൂപന്റെ സാമീപ്യത്തിന്റെ നഷ്ടബോധവും കൂടി നിറഞ്ഞ മനസ്സുമായാണ് ഞാന്‍ തിരികെ നടന്നത്.കഴിഞ്ഞവര്‍ഷം ക്യാന്‍സര്‍ ഡെയില്‍ , അമൃതാഹോസ്പിറ്റലിലേയ്‌ക്ക് ഗസ്റ്റായി ക്ഷണം വന്നപ്പോള്‍ എന്റെ അന്നത്തെയാ നഷ്ടബോധത്തിന് ‘സുപര്യാവസാനമുള്ള ഒരു കോംപന്‍സേഷന്‍ ‘ എന്ന ചിരി പടര്‍ന്നു ഉള്ളിലാകെ. അമൃത ആശുപത്രി അറേഞ്ച് ചെയ്ത വണ്ടി എരമല്ലൂരില്‍ വന്ന് എന്നെ പിക് ചെയ്ത് , വര്‍ണ്ണപ്പകിട്ടുള്ള വേഷഭൂഷയില്‍ ഞാനവിടെ ഗസ്റ്റായി ചെന്നിറങ്ങുമ്പോള്‍ ‘ഏതു വണ്ടിയില്‍ ആര് കൊണ്ടുപോകുന്നു എന്താണിട്ടിരിക്കുന്നത് ‘ എന്നൊന്നും യാതൊരു പിടിയുമില്ലാതെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ അവിടെ ചെന്നെത്താറുപതിവുള്ള ഒരെന്നെയോര്‍ത്ത് എനിയ്‌ക്ക് പാവം തോന്നി .രോഗിയില്‍ നിന്ന് ഗസ്‌റ്റോളം എന്നെ എത്തിച്ച കാലത്തിന് കൂപ്പുകൈ പറഞ്ഞുകൊണ്ട് , ഗസ്റ്റിന് ആശുപത്രി സ്‌നേഹോപഹാരമായി നല്‍കിയ നല്‍കിയ ഗണപതിവിഗ്രഹം ഏറ്റുവാങ്ങുമ്പോള്‍ ജീവിതത്തിലിന്നുവരെ തോന്നിയ അഭിമാനനിമിഷങ്ങളേക്കാള്‍ എത്രയോ ഉയരത്തിലായിരുന്നു ആ നിമിഷം .
എന്റെ രണ്ടു കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുകള്‍ക്കു നടുവിലായാണ് ആ ഓട്ടുഗണപതിയെ വച്ചിരിക്കുന്നത്. കുഞ്ഞുണ്ണിയ്‌ക്കായി ജീവിച്ചിരിക്കാന്‍ വേണ്ടി പോരാടിയതിന് ,എന്റെ സ്വന്തം ആശുപത്രി തന്ന ഉപഹാരത്തിനേക്കാള്‍ വലുതല്ല എനിക്ക് ഒരവാര്‍ഡും .
ഇപ്പോഴും അമൃതാഹോസ്പിറ്റല്‍ തന്നെയാണ് ശരണം . അവിടിരിക്കുമ്പോള്‍ ഓര്‍മ്മകളുടെ പെരുമഴയാണ്.വീല്‍ചെയറിനു പുറകേ, പതിഞ്ഞ കാല്‍വയ്‌പുകളോടെയെങ്കിലും എന്നും അനുധാവനം ചെയ്തിരുന്ന അച്ഛനിപ്പോള്‍ വീട്ടിനകം മാത്രം ശരണമായ എണ്‍പത്തിയേഴുകാരനാണ്. എന്തിനുമേതിനും അമൃതയിലുണ്ടായിരുന്ന പഴയ പരിചയക്കാര്‍ പോയി പുതിയ പരിചയക്കാര്‍ വന്നുകൊണ്ടേയിരിക്കുന്നു.എന്റെ മേല്‍വിലാസത്തിന്റെ നിലനില്‍പ്പ് ,ആനന്ദമയമായി തുടരുമായിരുന്നില്ല ‘അമൃത’ എന്ന ഇടം ഇല്ലായിരുന്നെങ്കില്‍. എന്റെ അമ്മയുടെ പേരും കൂടിയാണ് ആനന്ദം.
‘പ്രിയ ഒറ്റക്കുവന്നാലും ഞങ്ങളൊക്കെയില്ലേ ഇവിടെ?’ എന്നു ചോദിക്കുന്ന ഒരുപിടി ആളുകള്‍ – അവരാണ് എനിയ്‌ക്കുള്ള അമൃതം, ഞാന്‍ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യം.
ഞാനാ പ്രഷര്‍കൂടിക്കിടപ്പിലെ മുറിയിലെ മുഴുകായചിത്രമുള്ള ഭിത്തിയില്‍ നിന്നെന്നെ വന്നുതൊട്ട ചിരിയിലും അന്നത്തെ ചരിഞ്ഞ വയറില്‍ നിന്നു പുറത്തുവന്ന കുഞ്ഞനെനിക്കു പിറന്നാൾ സമ്മാനമായി തന്ന പലപല നിറങ്ങളിലെ ചിത്രശലഭലോക്കറ്റുകളിലും വല്ലപ്പോഴും വര്‍ത്തമാനം പറയുമ്പോഴുള്ള കൃഷ്ണചന്ദ്രന്റെ സ്‌നേഹവായ്‌പിലും മായയുടെ നാഗപടത്താലിക്കും രുദ്രാക്ഷത്തിനുമിടയിലെ വൈരുദ്ധ്യത്തിലും ‘യു ആർ എ മിറക്കിൾ’
എന്ന ഡോക്റ്റര്‍ ബാലകൃഷ്ണന്റെ പറച്ചിലിലുമൊക്കെ നിത്യസൗന്ദര്യത്തിന്റെ പൂമ്പാറ്റച്ചിറകടി കേള്‍ക്കുന്നു.
അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.
















