കോട്ടയം: സംസ്ഥാനത്തെ റബര്‍ ടാപ്പര്‍മാരുടെ (kRTA ) മുഖാമുഖം റബര്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നു. റബര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിലാളി വിഭാഗമായ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും അവരുടെ നിര്‍ദേശങ്ങള്‍ റബര്‍ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. റബര്‍ ബോര്‍ഡിന്റെ ചരിത്രത്തില്‍ കേരളത്തിലെ ടാപ്പര്‍മാരെ വ്യാപകമായി പങ്കെടുപ്പിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതിനായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഇത്തരത്തിലുള്ള മുഖാമുഖം പരിപാടിയാണിത്.
റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരിയുടെ നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച രാവിലെ 11ന് കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ഏഴാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് മുഖാമുഖം നടക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള റബര്‍ ടാപ്പര്‍മാരുടെയും ടാപ്പിങ് തൊഴിലാളി പ്രതിനിധികളുടെയും പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കും. ടാപ്പിങ് മേഖലയിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള നിര്‍ണായക വേദിയായിരിക്കും ഈ മുഖാമുഖം.
റബര്‍ ഉല്‍പാദനത്തിന്റെ അടിസ്ഥാന വിഭാഗമായ ടാപ്പര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ടാപ്പിങ് തൊഴിലിലെ തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍, സുരക്ഷ, പരിശീലനം, തൊഴിലാളികളുടെ ക്ഷേമം, വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, തൊഴില്‍ ലഭ്യത, പുതു തലമുറയെ ടാപ്പിങ് മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ ടാപ്പര്‍മാരില്‍ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. പ്രത്യേകിച്ച് ടാപ്പിംഗ് മേഖലയില്‍ തൊഴിലാളി കുറവ് നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ യോഗത്തിന് പ്രസക്തിയും പ്രാധാന്യവും ഏറുന്നു.
+ടാപ്പിങ് മേഖലയിലെ തൊഴിലാളികളുടെ അനുഭവങ്ങളും പ്രായോഗിക അറിവുകളും റബര്‍ ബോര്‍ഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണിക്കും. ടാപ്പര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സാധ്യമായവയ്‌ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.”റബര്‍ മേഖലയിലെ നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുമ്പോള്‍ കര്‍ഷകരോടൊപ്പം ടാപ്പര്‍മാരുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ട്.
റബര്‍ മരത്തിൽ നിന്ന് ഉല്‍പാദനം സാധ്യമാക്കുന്ന നിര്‍ണായക കണ്ണിയാണ് ടാപ്പര്‍. അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും സാധ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ മുഖാമുഖത്തിന്റെ പ്രധാന ലക്ഷ്യം,” റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി പറഞ്ഞു. റബര്‍ ബോര്‍ഡ് ടാപ്പര്‍മാര്‍ക്കും റബര്‍ മേഖലയിലെ തൊഴിലാളികള്‍ക്കും വേണ്ടി നടപ്പാക്കുന്ന വിവിധ പരിശീലന പരിപാടികള്‍, ക്ഷേമപദ്ധതികള്‍, സാമ്പത്തിക സഹായങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, സുരക്ഷാ സംവിധാനങ്ങള്‍, സാങ്കേതിക സഹായങ്ങള്‍ എന്നിവയെക്കുറിച്ച് യോഗത്തില്‍ വിശദീകരിക്കും.
ബോര്‍ഡിന്റെ വിവിധ പദ്ധതികളുടെ പ്രയോജനം അര്‍ഹരായ ടാപ്പര്‍മാരിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പദ്ധതികള്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും ടാപ്പര്‍മാര്‍ക്ക് നേരിട്ട് ഉദ്യോഗസ്ഥരോട് മറുപടി തേടുന്നതിനും അവസരമുണ്ടാകും.ടാപ്പര്‍മാരുടെ നൈപുണ്യ വികസനം, ആധുനിക ടാപ്പിങ് രീതികളിലുള്ള പരിശീലനം, തൊഴില്‍സുരക്ഷ, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും മുഖാമുഖത്തില്‍ പരിശോധിക്കും.റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
















