കോട്ടയം: കേരളത്തിലെ റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് റബർ ബോർഡ് വേദിയായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമുള്ള റബർ ടാപ്പർമാരുടെ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ റബർ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയെ റബർ കൃഷിയിലേക്കും ടാപ്പിങ് രംഗത്തേക്കും ആകർഷിക്കുന്നതിനുമുള്ള വിവിധ നിർദേശങ്ങൾ ഉയർന്നു. റബർ ബോർഡ് ഉദ്യോഗസ്ഥരും കേരള റബർ ടാപ്പേഴ്‌സ് അസോസിയേഷൻ (കെആർടിഎ) പ്രതിനിധികളും മൂന്ന് മണിക്കൂറോളം ആശയവിനിമയം നടത്തി.
ടാപ്പർമാരുടെ ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു. നിലവിലുള്ള ഇൻഷുറൻസ്, ചികിത്സാ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ വിശദാംശങ്ങൾ യോഗത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. വന്യജീവി ആക്രമണത്തിന് ഇരയാകുന്ന ടാപ്പർമാർക്ക് ഇൻഷുറൻസ് പരിരക്ഷയും ചികിത്സാ ആനുകൂല്യവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തും.
റബർ മേഖലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരുമായി ആലോചിച്ച് ശക്തിപ്പെടുത്തുമെന്നും എൻ. ഹരി പറഞ്ഞു. ഇതിനായി മന്ത്രിമാർ ഉൾപ്പെട്ട ഉന്നതതല യോഗം റബർ ബോർഡ് നേരത്തെ വിളിച്ചുചേർത്തിരുന്നു. ടാപ്പർമാരുടെ പ്രശ്നങ്ങൾ റബർ ബോർഡിന്റെ നയരൂപീകരണ ചർച്ചകളിൽ കൂടുതൽ സജീവമായി ഉൾപ്പെടുത്തുന്നതിനായി ബോർഡ് വിളിച്ചു ചേർക്കുന്ന കർഷക .യോഗങ്ങളിൽ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ജില്ലാതല യോഗങ്ങളും സംഘടിപ്പിക്കും.
റബർ ബോർഡിന്റെ പദ്ധതികൾക്കുള്ള അപേക്ഷകൾ മാർച്ച് 27 വരെ ഓഫ്‌ലൈൻ സംവിധാനത്തിലൂടെയും സമർപ്പിക്കാം. അതിനുശേഷം അപേക്ഷാ നടപടികൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടി. പദ്ധതികളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ബോർഡ് വിശദീകരിച്ചു.
കേരളത്തിലെ ഏകദേശം 20 ശതമാനം റബർ തോട്ടങ്ങൾ ടാപ്പ് ചെയ്യാതെ കിടക്കുന്നതായി യോഗത്തിൽ ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്ന ഉടമകളുടേതോ ഉപേക്ഷിക്കപ്പെട്ടതോ ആയ തോട്ടങ്ങളാണ് ഇതിൽ വലിയൊരു പങ്കും. ഇത്തരം തോട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി റബർ ബോർഡിന്റെ നേതൃത്വത്തിൽ ‘INRK Connect’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടൻ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം വഴി തോട്ടമുടമകളെയും ടാപ്പിങ് നടത്താൻ താൽപര്യമുള്ളവരെയും ഒരേ വേദിയിൽ എത്തിക്കാനാണ് ലക്ഷ്യം.
റബർ ബോർഡ് സംഘടിപ്പിക്കുന്ന പരിശീലന ബോധവൽക്കരണ പരിപാടികളിൽ ടാപ്പർമാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന പ്രതിനിധികളുടെ ആവശ്യം നടപ്പാക്കുമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്ത ഗേശൻ അറിയിച്ചു. കൂടാതെ 2027 മാർച്ച് 27 വരെ വിവിധ അപേക്ഷകൾ ഓഫ്‌ലൈനായി തന്നെ സമർപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. അതിനുശേഷം കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ച് ഓൺലൈനിലേക്ക് മാറും.
ടാപ്പർമാരെ ലഭിക്കാത്തതിനാൽ റബർ തോട്ടങ്ങളിൽ ടാപ്പിങ് മുടങ്ങുന്ന ഉടമകൾക്ക് പുതിയ സംവിധാനം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ടാപ്പിങ് രംഗത്തേക്ക് പുതുതലമുറയെ എത്തിക്കുന്നതിനുള്ള പരിശീലനം, ക്ഷേമപദ്ധതികൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലും കൂടുതൽ ഇടപെടലുകൾ വേണമെന്ന നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു.
റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുടെ നിർദേശപ്രകാരം സംഘടിപ്പിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും
കേരള റബർ ടാപ്പേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു. പ്രസിഡന്റ് അൽബക്കർ (കൊല്ലം), സെക്രട്ടറി സജീർ (കൊല്ലം), ട്രഷറർ ബിജു രാമചന്ദ്രൻ (കൊല്ലം), വൈസ് പ്രസിഡന്റുമാരായ അനീഷ് ആർ. (കോട്ടയം), അലീക്ക (കോഴിക്കോട്), ജോയിന്റ് സെക്രട്ടറിമാരായ ഷിബു എം.എൽ. (കോട്ടയം), ഉനൈസ് (മലപ്പുറം), ഷാജി (പത്തനംതിട്ട) എന്നിവർ ടാപ്പർമാരുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് നിർദേശങ്ങൾ സമർപ്പിച്ചു.
മൂന്ന് മണിക്കൂറോളം നീണ്ട ആശയവിനിമയത്തിൽ റബർ മേഖലയെ നിലനിർത്താനുള്ള അടിയന്തര നടപടികൾക്കൊപ്പം ടാപ്പിങ് തൊഴിൽ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വഴികളും ചർച്ചയായി.
















