അടൂര്‍: വേദോപനിഷത്തുകള്‍ ഉദ്ഘോഷിക്കുന്ന അദ്വൈത വേദാന്തത്തിന്റെ പ്രായോഗിക തലമാണ് ശബരിമലയുടെ തത്വദര്ശനത്തിലൂടെ മാനവരാശിക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് സാഹിത്യകാരന് രവിവര്‍മ്മ തമ്പുരാന്. തപസ്യ കലാസാഹിത്യ വേദി അടൂര്‍ പഴകുളം പാസ് കാമ്പസില്‍ സംഘടിപ്പിച്ച പഠന ക്യാമ്പില്‍ ദേശപ്പെരുമ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനത്തോടെ മനുഷ്യനെ അകമേ സംസ്കരിച്ച് മനപരിവര്‍ത്തനത്തിന്റെ പാത തുറക്കാനും ഒപ്പം സാംസ്കാരിക വൈവിധ്യങ്ങളെ ചേര്‍ത്തുനിര്‍ത്താനും ശബരിമലക്ക് സാധിക്കുന്നു. ഒരു നാടിന്റെ മുഴുവന്‍ സംസ്കാരത്തെയും ഓളങ്ങളില്‍ ആവാഹിച്ചാണ് പമ്പ ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവോണത്തോണിയിലെ ഭഗവദ് സാന്നിധ്യത്തെക്കുറിച്ചും ഭക്തിയുടെ ചന്ദന വഴികള്‍ തുറക്കുന്ന വള്ളസദ്യയെക്കുറിച്ചും ജില്ലയിലെ സാഹിത്യകാരന്മാര്, സിനിമ പ്രവര്‍ത്തകര്‍, ജില്ലയിലെ ജാതി, മത, വിശ്വാസ, വൈവിധ്യങ്ങള്‍ എന്നിവയെ കുറിച്ചും രവിവര്‍മ്മ വിശദീകരിച്ചു.
നമുക്കിടയില്‍ ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്ന ഈ കാലത്ത് പൈതൃകവും സാംസ്കാരിക തനിമയും ചേര്‍ത്തുപിടിക്കാന്‍ തപസ്യ കലാ സാഹിത്യ വേദി പോലുള്ള സാഹിത്യ കൂട്ടായ്മകളിലെ പ്രവര്‍ത്തകര്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും അതിന് ഇത്തരം പഠന ശിബിരങ്ങളിലൂടെ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















