കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാര്‍വതിയുടെ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
ഇടപ്പള്ളിയിലെ ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റര്‍ എമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങളുടെ സിഇഒയായ പാര്‍വതി മായ ഷാജിയും കൂട്ടാളികളും ചേര്‍ന്നാണ് വന്‍ തട്ടിപ്പ് നടത്തിയത്. കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഇപ്പോള്‍ കാക്കനാട് ജയിലിലാണ്.
ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിയെടുത്ത കോടികള്‍ വിദേശത്തേയ്ക്ക് കടത്തിയ സാഹചര്യത്തിലാണ് കേസ് ഇ ഡിക്ക് വിടാന്‍ പോലീസ് തീരുമാനിച്ചത്. കേസിന്റെ പ്രാഥമിക വിവരങ്ങള്‍ പോലീസ് ഇ ഡിക്ക് കൈമാറിയിരുന്നു. പൂര്‍ണമായ റിപ്പോര്‍ട്ടും തെളിവുകളും പോലീസ് ഇന്ന് ഇ ഡിക്ക് കൈമാറുമെന്നാണ് സൂചന.
തട്ടിപ്പിനെക്കുറിച്ച് ഇ ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തേയ്ക്ക് പണം കടത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സിക്ക് മാത്രമേ ഇക്കാര്യം കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്ന സാഹചര്യത്തിലാണ് പോലീസ് ഇ ഡിക്ക് വിവരങ്ങള്‍ കൈമാറുന്നത്.
പാര്‍വതിയുടെ ഭര്‍ത്താവ് അനീഷ് മേനോന്, മാനേജര്‍മാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയന്, ഷാജി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും. ഇവര്‍ വിദേശത്താണെന്നാണ് സൂചന. അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2023 മുതല്‍ പണം നല്കിയവരാണ് തട്ടിപ്പിനിരയായത്.
കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഇരകളെ ആകര്‍ഷിച്ചിരുന്നത്. ആഡംബര കാറുകള്‍ക്കൊപ്പവും വിലകൂടിയ ആഭരണങ്ങളണിഞ്ഞും സമൂഹമാധ്യമങ്ങളില്‍ റീലുകളിലൂടെ നിറഞ്ഞുനിന്ന വ്യക്തിയാണു പാര്‍വതി.
















