Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സാങ്കേതികവിദ്യ എത്രത്തോളം വളര്‍ന്നാലും ഒരു ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ എഐക്കോ ,ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനങ്ങള്‍ക്കോ കഴിയില്ലെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍. തിരുവനന്തപുരം എസ്‌യുടി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവ ഡോക്ടര്‍മാര്‍ രോഗികളുമായുള്ള ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും പുലര്‍ത്തണം. ഡോക്ടര്‍മാര്‍ ധരിക്കുന്ന വെള്ളക്കോട്ട് കേവലം പ്രൊഫഷണല്‍ അറിവിനെ മാത്രമല്ല, സമൂഹത്തിന് അവരുടെ മേലുള്ള വലിയ വിശ്വാസത്തെയും ഉത്തരവാദിത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. രോഗനിര്‍ണയത്തില്‍ കൃത്യതയും പരിചരണത്തില്‍ കരുണയും തീരുമാനങ്ങളില്‍ ധാര്‍മ്മികതയും കാത്തുസൂക്ഷിക്കാന്‍ മെഡിക്കല്‍ ബിരുദധാരികള്‍ തയ്യാറാകണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്. ദല്‍ഹിയില്‍ ഒരു എയിംസ് മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് രാജ്യത്തുടനീളം 22 പുതിയ എയിംസുകള്‍ സ്ഥാപിതമായിക്കഴിഞ്ഞു. ഓരോ ഗ്രാമവും വികസിക്കുമ്പോള്‍ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ. സമീപഭാവിയില്‍ തന്നെ കേരളത്തിനും ഒരു എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയും ഉപരാഷ്‌ട്രപതി പങ്കുവെച്ചു.

തങ്ങള്‍ ആര്‍ജ്ജിച്ച അറിവും വൈദഗ്ധ്യവും സാങ്കേതികവിദ്യയും രാജ്യത്തെ ജനങ്ങളുടെ നന്മയ്‌ക്കായി വിനിയോഗിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മാതാപിതാക്കളുടെ പരിശ്രമവും അദ്ധ്യാപകരുടെ അച്ചടക്കവും എപ്പോഴും അവര്‍ ഓര്‍മ്മിക്കപ്പെടണം. എന്ത് സ്ഥാനത്തേക്ക് ഉയര്‍ന്നാലും അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനായി മാറുകയാണ് വേണ്ടത്. ഹൃദയനന്മയുള്ള ഒരാള്‍ക്ക് മാത്രമേ ഏത് മേഖലയിലും വിജയിക്കാനും മനുഷ്യരാശിക്കായി പ്രവര്‍ത്തിക്കാനും സാധിക്കുകയുള്ളൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
ആരോഗ്യ സര്‍വകലശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍, മന്ത്രി ആര്‍. ബിന്ദുകൃഷ്ണ, എസ് യുടി മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എ.സി ഷണ്‍മുഖം തുടങ്ങിയവര്‍ സംസാരിച്ചു.

Recent Posts