ഇംഫാൽ: നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒക്ടോബർ 1 മുതൽ ആറ് മാസത്തേക്ക് കൂടി സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം കേന്ദ്രം നീട്ടി. നേരത്തെ പിൻവലിച്ചില്ലെങ്കിൽ ഒക്ടോബർ 1 മുതൽ ആറ് മാസത്തേക്ക് ഈ പ്രദേശങ്ങളിൽ അഫ്സ്പ പ്രാബല്യത്തിൽ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.
മണിപ്പൂരിൽ അഞ്ച് ജില്ലകളിലായി 13 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്തുടനീളം അഫ്സ്പ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡിൽ, ദിമാപൂർ, ന്യൂലാൻഡ്, ചുമൗകെഡിമ, മോൺ, കിഫൈർ, നോക്ലാക്ക്, ഫെക്, പെരെൻ, മേലുരി എന്നീ ഒമ്പത് ജില്ലകളിലേക്ക് അഫ്സ്പ വ്യാപിപ്പിച്ചിട്ടുണ്ട്. നിയമത്തിലെ സെക്ഷൻ 3 പ്രകാരം അവയെ പ്രശ്‌നബാധിത പ്രദേശങ്ങൾ ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നാഗാലാൻഡിലെ മറ്റ് അഞ്ച് ജില്ലകളിലെ 21 പോലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളും വിജ്ഞാപനത്തിൽ ഉൾപ്പെടുന്നുണ്ട്.
അതേ സമയം തന്നെ അടുത്ത വർഷം ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ ഒഴികെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് സായുധ സേന (പ്രത്യേക അധികാര) നിയമം അല്ലെങ്കിൽ അഫ്സ്പ നീക്കം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
“ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ ഒഴികെ, അടുത്ത വർഷം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും എ.എഫ്.എസ്.പി.എ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഇന്നും, വടക്കുകിഴക്കൻ മേഖലയുടെ 80 ശതമാനത്തിലധികം പേർക്കും എ.എഫ്.എസ്.പി.എയിൽ നിന്ന് മോചനം ലഭിച്ചിട്ടുണ്ട്,”- അദ്ദേഹം പറഞ്ഞു.
















