മട്ടാഞ്ചേരി: ധനകമ്മി കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് സ്വര്‍ണവിനിമയം കുറയ്‌ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഫലം കാണുന്നു. കഴിഞ്ഞ മെയിലാണ് പ്രധാനമന്ത്രി രാജ്യത്തോട് സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കണമെന്നാഹ്വാനം നടത്തിയത്. രൂപയുടെ മൂല്യം ഉയര്‍ത്തുവാനും ലക്ഷ്യമിട്ടായിരുന്നു കേന്ദ്രത്തിന്റെ ഈ നടപടി.
ഇറക്കുമതിയില്‍ ക്രൂഡ് ഓയിലിന് പുറകെ സ്വര്‍ണം രണ്ടാം സ്ഥാനത്താണ്. ഇറക്കുമതി അനിയന്ത്രിതമായതും, യുദ്ധസാഹചര്യങ്ങളും, ഇന്ധന സംഭരണ ലക്ഷ്യവും ഭാരതത്തിന്റെ ധനകമ്മി കുതിച്ചുയരാനിടയാക്കി. ഡോളറിനെതിരെ രൂപ മൂല്യത്തിലും ഇടിവുണ്ടാക്കി. തുടര്‍ന്നാണ് സ്വര്‍ണ ഇറക്കുമതി വാങ്ങല്‍ ഉപഭോഗങ്ങളില്‍ നിയന്ത്രണമാവശ്യപ്പെട്ട് പ്രധാനമന്ത്രി ജനകീയാഭ്യര്‍ത്ഥന നടത്തിയത്.
മെയ് 13ന് ഇറക്കുതി ചുങ്കം ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ഇത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനക്കിടയാക്കിയെങ്കിലും തുടര്‍ന്ന് വിപണിയില്‍ വിലക്കുതിപ്പിന് തടയിട്ടു. ചുങ്കം വര്‍ദ്ധന സ്വര്‍ണക്കള്ളക്കടത്ത് കൂട്ടാനിടയാക്കുമെന്നതിനും തിരിച്ചടിയായി.സ്വര്‍ണം പവന്‍ വില 1,31,000 രൂപയില്‍ റിക്കാര്‍ഡിട്ട ജനുവരിയില്‍ 99.4ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഫെബ്രുവരിയില്‍ 66 ടണ്ണും. തുടര്‍ന്ന് യുദ്ധഭീതി വര്‍ദ്ധിച്ചതോടെ എണ്ണവില കുതിപ്പിനിടയാക്കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണത്തിനൊരുങ്ങി.
പ്രധാനമന്തിയുടെ ആഹ്വാനത്തിന് പിന്നാലെ മെയ് മാസം സ്വര്‍ണ ഇറക്കുമതി 29.4 ടണ്ണായി കുറഞ്ഞു. 2025ലെ 30.6 ടണ്ണിനെക്കാള്‍ നാല് ശതമാനം കുറവ്. തുടര്‍ന്ന് ജൂണില്‍ 19.8 ടണ്‍ (2025ല്‍- 24.8 ടണ്‍), ജൂലായ് 32.9 ടണ്‍ (2025ല്‍- 43.1 ടണ്‍), ആഗസ്തില്‍ 46 ടണ്‍ (2025ല്‍- 64.2 ടണ്‍) എന്നിങ്ങനെ ഇറക്കുമതിയില്‍ കുറവുണ്ടായി. ജൂണ്‍, ജൂലൈ, ആഗസ്ത് എന്നീ മാസങ്ങളില്‍ 20 ശതമാനം, 24 ശതമാനം, 30 ശതമാനം എന്നിങ്ങനെയാണ് ഇറക്കുമതി കുറഞ്ഞത്.
സമാനമായി ആഭ്യന്തര വിപണിയിലും സ്വര്‍ണ വില്പനയിലും വിലയിലും കുറവുണ്ടായി. മാത്രമല്ല പഴയ സ്വര്‍ണം വിപണിയിലെത്തുവാനുമിടയാക്കിയതായി സ്വര്‍ണവിപണി വൃത്തങ്ങള്‍ പറഞ്ഞു. ഉത്സവകാലം വിവാഹം, ആഘോഷങ്ങള്‍ തുടങ്ങിയ സീസണ്‍ കാലമായിട്ടും സ്വര്‍ണവില സ്ഥിരതയില്‍ തുടരുകയുമാണ്.
















