
ശിവഗിരി: ശ്രീനാരായണഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശിവഗിരി മഠം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, സൈബര്‍ സെല്‍ വിഭാഗം തുടങ്ങിയവര്‍ക്ക് ശിവഗിരി മഠവും ഗുരുധര്‍മ്മ പ്രചരണ സഭയും നിവേദനം നല്‍കി.
കഴിഞ്ഞ കുറെക്കാലമായി മൂവാറ്റുപുഴ, തൊടുപുഴ കല്ലൂര്‍ക്കാട് ഒരാള്‍ ശ്രീനാരായണഗുരുവിനെ നിന്ദ്യവും നീചവുമായി സമൂഹമാധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ജനകോടികളുടെ വികാരമായ ഗുരുദേവനെ തുടരെ ആക്ഷേപിക്കുന്നത് അനിഷ്ട സംഭവങ്ങള്‍ സൃഷ്ടിക്കുകയും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുവാനുള്ള കാരണമായിത്തീരുകയും ചെയ്യും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട് ശ്രീനാരായണ ഭക്തരുടെയും പൊതുജനങ്ങളുടെയും വികാരം മാനിക്കണമെന്നും ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.