
കൊച്ചി: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വദീപ്തി മള്‍ട്ടി-സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെതിരെയും അതിന്റെ പ്രൊമോട്ടര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
നിലവില്‍ സംസ്ഥാന ക്രൈംബ്രാഞ്ചാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. ആരോപണവിധേയമായ തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സൊസൈറ്റിയിലെ നിക്ഷേപകരായ കെ. സുമംഗലയും മറ്റ് 45 പേരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഗോപിനാഥ് പി. ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണെന്നും പ്രധാന പ്രതി രാജ്യം വിട്ടെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ റേഞ്ച് ക്രൈംബ്രാഞ്ച് (ഇക്കണോമിക് ഒഫന്‍സസ് വിംഗ്) പോലീസ് സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. രണ്ട് മാസത്തിനുള്ളില്‍ കേസുകള്‍ സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും കോടതി നിര്‍ദ്ദേശിച്ചു.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം, സൊസൈറ്റിക്കെതിരെ 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അവ ഇക്കണോമിക് ഒഫന്‍സസ് വിംഗ് ഉള്‍പ്പെടെയുള്ള വിവിധ ക്രൈംബ്രാഞ്ച് യൂണിറ്റുകളിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഏകദേശം 65 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും 750 പേര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, 1,500ലധികം ആളുകള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു.
12% മുതല്‍ 14.5% വരെ പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ നിക്ഷേപം നടത്താന്‍ സൊസൈറ്റി പ്രേരിപ്പിച്ചുവെന്നും എന്നാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിച്ചില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എല്ലാ കേസുകളിലും 11 ഡയറക്ടര്‍മാര്‍ പ്രതികളാണ്. ഇവരില്‍ എട്ടുപേരെ അറസ്റ്റ് ചെയ്യുകയോ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയോ ചെയ്തിട്ടുണ്ട്. ഒരു ഡയറക്ടര്‍ മരിച്ചുപോയി. വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ ഒളിവിലോ വിദേശത്തോ ആണ്. ബിഡെ ശക്തി പ്രകാശ് ആണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നു. ഔദ്യോഗിക രേഖകളില്‍ അദ്ദേഹത്തിന്റെ പേരില്ലെങ്കിലും തിരശ്ശീലയ്‌ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് അദ്ദേഹമാണെന്നും നിക്ഷേപത്തുകയുടെ വലിയൊരു ഭാഗം അദ്ദേഹത്തിലേക്കാണ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനങ്ങളുള്ള ഒരു മള്‍ട്ടി-സ്റ്റേറ്റ് സഹകരണ സംഘമായതിനാല്‍, സിബിഐക്ക് മാത്രമേ ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ ഉന്നതര്‍ രാജ്യം വിട്ടുപോയിട്ടുണ്ടാകാമെന്നു സംശയിക്കുന്നതായും അവര്‍ വാദിച്ചിരുന്നു.