അനധികൃത പൗരന്മാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന എസ്ഐആറിനെതിരെ ബഹളം വയ്‌ക്കുന്ന പ്രതിപക്ഷ കക്ഷികളെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങള്‍ തമസ്‌കരിച്ച ഒരു കോടതിവിധി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. മലയാളിയായ ഒരാളുടെ പാകിസ്ഥാന്‍കാരിയായ ഭാര്യയ്‌ക്ക് ഭാരത വിസ നല്‍കാന്‍ കഴിയില്ലെന്ന് ഇക്കഴിഞ്ഞ ആഗസ്ത് 13-ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാനമായ വിധിയാണിത്.
പാകിസ്ഥാന്‍കാരി ഭാര്യ ഖദീജ ജബീനുമാണ് വിസ അനുവദിക്കാത്തതിനെതിരെ കോടതിയെ സമീപിച്ചത്. ദുബായില്‍ വിവാഹിതരായ ഇരുവരും വിദേശത്ത് താമസിക്കുകയാണ്. ഭര്‍തൃ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭാര്യക്ക് വിസ വേണം. പക്ഷേ വിസയ്‌ക്ക് അപേക്ഷിക്കാന്‍ പോലും പോര്‍ട്ടലില്‍ ഓപ്ഷനില്ല. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
ഒരു ദോഷവും ചെയ്യാത്ത ഒരാളുടെ വിസ അപേക്ഷ പരിഗണിക്കാന്‍ പോലും അവസരം നിഷേധിക്കുന്നത് സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, ജീവിക്കാനുള്ള അവകാശം വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 എന്നിവയുടെ ലംഘനമാണെന്നും, ഈ അവകാശങ്ങള്‍ ഭാരത പൗരന്മാര്‍ക്ക് മാത്രമല്ല, എല്ലാ വ്യക്തികള്‍ക്കും ഉള്ളതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഇപ്പോള്‍ വിവാഹത്തിന് വരാനാണെങ്കിലും, ഭാരത പൗരന്റെ ഭാര്യ എന്ന നിലയില്‍ തനിക്ക് ദീര്‍ഘകാല വിസയാണ് ആഗ്രഹിക്കുന്നതെന്ന വാദവും പാകിസ്ഥാന്‍കാരി ഉന്നയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ആരാഞ്ഞു. ഇതിന് മറുപടിയായി കേന്ദ്രത്തിന്റെ അഭിഭാഷകന്‍ ഒരു ഉത്തരവ് ഹാജരാക്കി.
2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കറെ തൊയ്ബ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ഫോറിനേഴ്സ് ആക്റ്റ് 1946 ലെ സെക്ഷന്‍ 3 പ്രകാരം കേന്ദ്രം ഒരു ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍, ദീര്‍ഘകാല, ഡിപ്ലോമാറ്റിക്, ഉദ്യോഗസ്ഥ വിസകള്‍ ഒഴികെ പാകിസ്ഥാനികള്‍ക്ക് നല്‍കിയ എല്ലാ വിസകളും 2025 ഏപ്രില്‍ 27 മുതല്‍ റദ്ദാക്കിയിട്ടുള്ളതാണ്. പാക് പൗരന്മാര്‍ക്കുള്ള എല്ലാത്തരം വിസ സര്‍വീസുകളും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ദീര്‍ഘകാല വിസകളുടെ കാര്യത്തിലും പിന്നീട് വ്യക്തത വരുത്തി. പുതിയ ദീര്‍ഘകാല വിസകള്‍ പരിഗണിക്കപ്പെടില്ല. 2025 ഏപ്രില്‍ 25 ന് മുന്‍പ് അനുവദിച്ചിരുന്ന ദീര്‍ഘകാല വിസകളും മെഡിക്കല്‍ വിസകളും മാത്രമാണ് തുടരാന്‍ അനുവദിച്ചത്. മെഡിക്കല്‍ വിസകള്‍ 2025 ഏപ്രില്‍ 29 വരെ മാത്രമേ സാധുവായിരുന്നുള്ളൂ. കേന്ദ്രത്തിന്റെ ഉത്തരവു പ്രകാരം ഒരു വിദേശിക്കും നിയമപ്രകാരമല്ലാതെ ഭാരതത്തില്‍ പ്രവേശിക്കാന്‍ അവകാശമില്ല. വിസ നല്‍കുന്നത് കേന്ദ്രത്തിന്റെ വിവേചനാധികാരമാണ്. അത് ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഒരു വിദേശി, ഭാരത പൗരന്റെ ഭാര്യയോ ഭര്‍ത്താവോ ആണെങ്കില്‍പ്പോലും വിസയ്‌ക്ക് അപേക്ഷിക്കാനും, അത് പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും അവകാശമുണ്ടോ എന്ന പ്രശ്നമാണ് കോടതി പരിശോധിച്ചത്. വിസ അവകാശമല്ല, രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഒന്നാണെന്നുള്ള വിധിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിള്‍ ബെഞ്ച് പ്രഖ്യാപിച്ചത്. ഭാരത പൗരന്റെ ഭാര്യയായതുകൊണ്ടു മാത്രം നിക്ഷിപ്തമായ അവകാശം കിട്ടില്ല. വിദേശികളുടെ പ്രവേശനം, താമസം, സഞ്ചാരം എന്നിവ നിയന്ത്രിക്കുന്നത് കേന്ദ്രത്തിന്റെ പ്രത്യേക അധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം പ്രയോഗത്തിലുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്റ്റ്- 2025 സെക്ഷന്‍ 3 പ്രകാരം ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഒരു പാക് പൗരനും തന്റെ വിസ അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 14 വിദേശികള്‍ക്കും ബാധകമാണ്. പക്ഷേ, അത് അവര്‍ ഭാരത മണ്ണിലായിരിക്കുമ്പോള്‍ മാത്രമാണ്. ഹര്‍ജിക്കാരി ഇപ്പോള്‍ ഭാരതത്തിന് പുറത്തായതിനാല്‍ ആര്‍ട്ടിക്കിള്‍ 14ന്റെ പരിധിയില്‍ വരില്ല. ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വാതന്ത്ര്യം നിഷേധിക്കാം. ഫോറിനേഴ്സ് ആക്റ്റ് പ്രകാരമുള്ള ഉത്തരവ് തന്നെയാണ് ഇതിന്റെ നടപടിക്രമം.
പഹല്‍ഗാം ആക്രമണത്തിനു ശേഷം സാര്‍ക് കൂട്ടായ്‌മയുടെ പേരില്‍ പാക് പൗരന്മാര്‍ക്കുള്ള വിസ ഇളവുകള്‍ ഭാരതം റദ്ദാക്കിയിരുന്നു. ഇവര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഉത്തരവിട്ടു. വിവാഹം മാനുഷിക പരിഗണനയില്‍ വരുന്ന കാര്യമാണ്. നിയമപരമായ അവകാശമല്ല. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ ഭരണകൂടത്തിന് ഇത് നിരസിക്കാം. ഒരു ഭാരത പൗരനെ വിവാഹം ചെയ്താല്‍ രാജ്യത്തേക്കുള്ള വിസ ലഭിക്കുമെന്ന പലരുടെയും ധാരണ തെറ്റാണ്.
ദീര്‍ഘകാല വിസയും ഇപ്പോഴില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മെഡിക്കല്‍ വിസപോലും രണ്ടു ദിവസത്തേക്ക് മാത്രമാണ് അനുവദിക്കുന്നത്. ഈ ഉത്തരവ് പിന്‍വലിക്കപ്പെടാത്തിടത്തോളം പാക് പൗരനായ ഭാര്യക്കോ ഭര്‍ത്താവിനോ ഭാരതത്തില്‍ വരാന്‍ കഴിയില്ല. ഒരാളുടെ വ്യക്തിപരമായ ആവശ്യം വലുതായിരിക്കാം. പക്ഷേ രാജ്യത്തിന്റെ സുരക്ഷ അതിനേക്കാള്‍ വലുതാണെന്ന തീരുമാനമാണ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാര്‍ ഉള്‍പ്പെടെയുള്ള അനധികൃത പൗരന്മാരെ ഒഴിവാക്കുന്നത് എസ്ഐആറിന്റെ ഭാഗമാണ്. ഈ നടപടിക്കിടെ ബംഗാളില്‍ നിന്ന് നിരവധി അനധികൃത പൗരന്മാര്‍ ബംഗ്ലാദേശിലേക്ക് പോയിരുന്നു.
ഇതിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിക്കൂട്ടില്‍ നി
ര്‍ത്തുന്നത്. ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാര്‍ക്കും ആസാമില്‍ കഴിയാന്‍ അവകാശമുണ്ടെന്നും, അവര്‍ക്ക് വോട്ടുചെയ്യാനാവുമെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് ആസൂത്രണ ബോര്‍ഡ് അംഗമായിരുന്ന സെയ്ദ ഹമീദ് പറഞ്ഞത് വലിയ വിവാദമായിരുന്നു. രാജ്യ താല്പര്യത്തിന് വിരുദ്ധമായി പെരുമാറുന്ന ഇത്തരക്കാര്‍ക്കുള്ള മറുപടി കൂടിയാണ് പാകിസ്ഥാന്‍കാരിക്ക് വിസ നല്‍കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി. ഈ വിധി ചര്‍ച്ചയാവാതിരിക്കാനാണ് പല മാധ്യമങ്ങളും ഇതിന് പ്രചാരം നല്‍കാതിരുന്നത്.
















