തിരുവനന്തപുരം: 93ാം പിറന്നാളിന്റെ മധുരം അനുഭവിക്കുന്ന മധു എന്ന നടന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീന്‍ എന്ന സിനിമയിലെ പരീക്കുട്ടി എന്ന കഥാപാത്രമാണ്. പ്രണയിച്ച പെണ്ണിനെ നഷ്ടമാകുന്ന പരീക്കുട്ടി എന്ന നിരാശാകാമുകനെ മലയാളിയുടെ മനസ്സില്‍ എന്നെന്നേയ്‌ക്കുമായി പതിപ്പിക്കാന്‍ ആ കഥാപാത്രത്തിലൂടെ മധുവിന് കഴിഞ്ഞു. ചെമ്മീനിലെ മന്നാഡേ ആലപിച്ച ”മാനസ മൈനേ വരൂ”’ എന്ന ഗാനത്തിലൂടെ നിഷ്കളങ്കനായ കാമുകന്റെ ഭാവങ്ങള്‍ മധു അനശ്വരമാക്കി.
1965ലാണ് തകഴിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ചെമ്മീന്‍ എന്ന സിനിമ ഇറങ്ങുന്നത്. അന്ന് മധുവിന് 32വയസ്സാണ് പ്രായം. ഈ പ്രായത്തില്‍ ലഭിച്ച പരീക്കുട്ടി എന്ന കഥാപാത്രത്തിന് ശേഷം മധുവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി പിന്നീട് 400ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. 1993 സെപ്തംബര്‍ 23നു ഗൗരീശപട്ടത്തെ കീഴതില് വീട്ടിലാണ് മധുവിന്റെ ജനനം.
ദൽഹിയിലെ നാഷനൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചു കൊണ്ടിരിക്കേ നടൻ അടൂർ ഭാസിയാണ് മധുവിനെ രാമു കാര്യാട്ടിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. കാര്യാട്ട് തന്റെ “മൂടുപടം “എന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ മധുവിനെ ക്ഷണിക്കുന്നു .മദ്രാസിൽ വെച്ച് മൂടുപടത്തിന്റെ ഷൂട്ടിംങ്ങ് നീണ്ടു പോകുന്നതിനിടെ എൻ.എൻ.പിഷാരടിയുടെ “നിണമണിഞ്ഞ കാൽപ്പാടുകൾ ” എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് മധു എന്ന നടന്റെ അഭിനയ ജീവിതം ആരംഭിച്ചു .
ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ഡൽഹിയിലെ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയവും പഠിച്ച മാധവൻ നായർ എന്ന മലയാളികളുടെ പ്രിയനടൻ മധു നടനില്‍ മാത്രമായി ഒതുങ്ങിയില്ല. അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു. അദ്ദേഹം നടനും നിർമ്മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമൊക്കെയായി മാറി.
മധു ഒരു ഇംഗ്ലീഷ് ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. A Sunrise in the West എന്നാണ് ചിത്രത്തിന്റെ പേര്. “ഉദയം പടിഞ്ഞാറ് ” എന്ന പേരിൽ അത് മലയാളത്തിലും റിലീസ് ചെയ്തിരുന്നു. മാത്രമല്ല, ആ ചിത്രത്തിൽ പ്രേംനസീർ അഭിനയിച്ചിട്ടുമുണ്ട്.ഏകദേശം 16-ലധികം ചലച്ചിത്രങ്ങൾ മധു നിർമ്മിച്ചു.
സി.രാധാകൃഷ്ണന്റെ വിവാദ നോവൽ തേവിടിശ്ശി “പ്രിയ ” എന്ന പേരിൽ സംവിധാനം ചെയ്തു കൊണ്ട് ആ രംഗത്തും വെന്നിക്കൊടി പാറിച്ചു. സിന്ദൂരച്ചെപ്പ് , നീലക്കണ്ണുകൾ, മാന്യശ്രീ വിശ്വാമിത്രൻ , അക്കൽദാമ , എന്നിങ്ങനെ പതിനാല് സിനിമകൾ സംവിധാനം ചെയ്തു.
മലയാളസിനിമയെ മദിരാശിയിൽ നിന്നും മലയാളനാട്ടിൽ കൊണ്ടുവരാനായി തിരുവനന്തപുരത്തെ പുളിയറക്കോണത്ത് “ഉമാ സ്റ്റുഡിയോ ” സ്ഥാപിച്ചും ഇദ്ദേഹം ചലച്ചിത്ര രംഗത്തെ നിറസാന്നിധ്യമായി.
മധു വിറ്റുകളഞ്ഞ ഉമാ സ്റ്റുഡിയോയാണ് ഇന്നത്തെ ഏഷ്യാനെറ്റ് . രാജ്യം പത്മശ്രീ നൽകി മധുവിനെ ആദരിച്ചിട്ടുണ്ട്.
പാട്ടുകള്‍ പാടി അഭിനയിക്കുന്നതില്‍ നസീറിനെപ്പോലെ അഗ്രഗണ്യനായിരുന്നു മധു എന്ന നടനും. അദ്ദേഹം അഭിനയിച്ച അനശ്വരമായ ചില പാട്ടുകളുടെ ലിസ്റ്റ് താഴെ:
“വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ ….”
(ചുക്ക് )
“കൃഷ്ണപ്പക്ഷക്കിളി ചിലച്ചൂ…”
(നഖങ്ങൾ)
” എകാന്തപഥികൻ ഞാൻ ….”
(ഉമ്മാച്ചു)
“സാമ്യമകന്നോരുദ്യാനമേ….”
(ദേവി )
“അനുവദിക്കൂ ദേവി അനുവദിക്കൂ … ”
(തീർത്ഥയാത്ര)
“ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ… ”
“രാസലീലക്കു വൈകിയതെന്തു നീ രാജീവലോചനേ..”
” വൃശ്ചികരാത്രിതൻ അരമന മുറ്റത്തൊരു ….”
(മൂന്നു ഗാനങ്ങളും ആഭിജാത്യം)
“ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ … ”
“പൊന്നിൽ കുളിച്ച രാത്രി ….”
(സിന്ദൂരച്ചെപ്പ്)
“കനവു നെയ്തൊരു കല്പിത കഥയിലെ ….”
(മാന്യശ്രീ വിശ്വാമിത്രൻ )
” തെളിഞ്ഞൂ പ്രേമയമുന വീണ്ടും ….”
(മനസ്സ്വിനി )
” മംഗളം നേരുന്നു ഞാൻ ….”, ( ഹൃദയം ഒരു ക്ഷേത്രം)
“മാണിക്യ വീണയുമായെൻ മനസ്സിന്റെ ….”
(കാട്ടുപൂക്കൾ )
“ഒന്നാംമാനം പൂമാനം … ”
(ഏണിപ്പടികൾ )
” കുറ്റാലം കുളിരരുവി …”
( നീലക്കണ്ണുകൾ )
















