കൊല്ലം: കൊല്ലം റൂറല്‍ പോലീസ് പരിധിയില്‍ ഓരോ വര്‍ഷവും ശരാശരി 700-ലേറെ പേരെയാണ് കാണാതായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 3,653 മിസ്സിംഗ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതായത് പ്രതിവര്‍ഷം ശരാശരി 730 പേരെ കാണാതായതായി പരാതി ലഭിക്കുന്നുണ്ട്.
2021-ല്‍ 663 പേരെയാണ് കാണാതായതായി കേസെടുത്തത്. 2022-ല്‍ ഇത് 730 ആയി. 2023ല്‍ 837 പേരെ കാണാതായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ലാണ്. 2024ല്‍ 730 കേസുകളും, 2025ല്‍ 693 കേസുകളും രജിസ്റ്റര്‍ ചെയ്തു.
2021 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വലിയ കുറവോ വര്‍ധനയോ ഉണ്ടായിട്ടില്ലെങ്കിലും, വര്‍ഷംതോറും നൂറുകണക്കിന് പേരെ കാണാതാകുന്ന സാഹചര്യം തുടരുകയാണ്. കുടുംബപ്രശ്‌നങ്ങള്‍, വ്യക്തിപരമായ കാരണങ്ങള്‍, ജോലി തേടിയുള്ള യാത്ര, പ്രണയബന്ധങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങളാണ് പല കേസുകള്‍ക്കും പിന്നിലെന്ന് പോലീസ് അന്വേഷണങ്ങളില്‍ കണ്ടെത്താറുണ്ട്. കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കാണാതാകുന്ന കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
2026 ഏപ്രില്‍ 25 വരെയുള്ള കണക്കില്‍ 165 മിസ്സിംഗ് കേസുകളാണ് കൊല്ലം റൂറല്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാണാതായവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തുകയും വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലാ തലത്തിലും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. അതേസമയം, കൊല്ലം സിറ്റി പോലീസ് പരിധിയിലും മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിറ്റി പോലീസിന്റെ ലഭ്യമായ കണക്കനുസരിച്ച് 2022ല്‍ 145 മിസ്സിംഗ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സിറ്റിയും റൂറലും ഉള്‍പ്പെടെയുള്ള ജില്ലാതലത്തിലെ പൂര്‍ണ കണക്ക് ലഭ്യമാകുമ്പോള്‍ കൊല്ലത്ത് പ്രതിവര്‍ഷം കാണാതാകുന്നവരുടെ എണ്ണം ഇതിലും ഉയരും. കാണാതാകുന്ന ഒരാളെ കണ്ടെത്തുന്നതില്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണായകമായതിനാല്‍ പരാതി ലഭിച്ചയുടന്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നുണ്ട്. കാണാതായവരുടെ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
















