തൃശൂര്‍:തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം. കൂര്‍ക്കഞ്ചേരിയിലെ ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു.വീട്ടില്‍ ആളില്ലാത്തപ്പോഴാണ് മോഷണം.
മകന്റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്.
കഴിഞ്ഞ രാത്രി 1.30ഓടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരാള്‍ മതില്‍ ചാടി അകത്തു കടക്കുന്ന ദൃശ്യം ലഭിച്ചു. മതില്‍ ചാടിക്കടന്ന മോഷ്ടാവ് സി സി ടി വി തകര്‍ത്തു. വീട്ടിലെ രണ്ട് വാതിലുകള്‍ കുത്തിത്തുറന്നിട്ടുണ്ട്.
മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ഹസന്‍ അലിയുടെ ഭാര്യയുടെയും മകളുടെയും മരുമകളുടെയുമായി 55 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ബാങ്ക് വായ്‌പയടക്കാന്‍ കരുതിയിരുന്ന മൂന്നര ലക്ഷം രൂപയും കവര്‍ന്നു.
വീട്ടുകാര്‍ രാവിലെ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചത് പ്രകാരം തൃശൂര്‍ സിറ്റി പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
















