ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മംദാനിക്കെതിരെ നെതന്യാഹു ആഞ്ഞടിച്ചത്. യുഎൻ പ്രസംഗത്തിൽ മംദാനിക്കെതിരെ സത്യങ്ങൾ വെളിപ്പെടുത്തുമെന്നു നെതന്യാഹു വ്യക്തമാക്കി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
‘ഞങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കിയ ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്നതിനും ന്യൂയോർക്കിലെ ജൂതന്മാരെനിക്കെതിരെ കലാപങ്ങൾ സൃഷ്ടിക്കുന്നതിനും നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു. ഞാൻ ഐക്യരാഷ്‌ട്രസഭയിലേക്ക് വരികയാണ്. ഞങ്ങളുടെ ധീരരായ സൈനികരെക്കുറിച്ചുള്ള സത്യം ഞാൻ അവിടെ പറയും. നിങ്ങളെ കുറിച്ചുള്ള സത്യവും ഞാൻ പറയും’ – എന്നാണ് ഒരു ഹ്രസ്വ വീഡിയോ പ്രസ്താവനയിൽ നെതന്യാഹു പ്രതികരിച്ചത്.
ന്യൂയോർക്കിലെ ജൂതർക്കെതിരെ കലാപത്തിന് പ്രേരണ നൽകുന്നതിലും നിങ്ങളെ ഓർത്തു ലജ്ജിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞിരുന്നു.വ്യാഴാഴ്ച രാവിലെ ന്യൂയോർക്കിലെത്തുന്ന നെതന്യാഹു, ഉച്ചയ്‌ക്ക് രണ്ട് മണിക്ക് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത ശേഷം ഉടൻ തന്നെ ഇസ്രായേലിലേക്ക് മടങ്ങും. നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്നും ഫലസ്തീൻ ജനതയ്‌ക്കെതിരായ നരഹത്യയുടെ സൂത്രധാരനാണെന്നും മംദാനി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇസ്രായേൽ കോൺസൽ ജനറൽ ഒഫിർ അകുനിസും മേയർ മംദാനിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. മംദാനി നുണകളും വിദ്വേഷ പ്രചാരണങ്ങളും മാത്രമാണ് നടത്തുന്നതെന്നും ഇത് പരമ്പരാഗതമായ യഹൂദവിരുദ്ധതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് മംദാനി ഒരക്ഷരം പോലും മിണ്ടിയില്ലെന്നും അകുനിസ് കൂട്ടിച്ചേർത്തു. യു.എൻ പ്രസംഗത്തിനായി നെതന്യാഹു എത്തുന്നതിന് മുമ്പ് തന്നെ, ഐ.സി.സി അറസ്റ്റ് വാറണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിലുള്ള പരസ്യമായ വാക്പോര് അന്താരാഷ്‌ട്രതലത്തിൽ ചർച്ചയായിരിക്കുകയാണ്.
















