ശ്രീനഗര്‍ : പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നല്‍കിയ ട്രക് ൈഡ്രവര്‍ ജമ്മുവില്‍ പിടിയില്‍. കതുവ സ്വദേശി അമന്‍(24) ആണ് അറസ്റ്റിലായത്. അതിര്‍ത്തിക്ക് സമീപം വീടുള്ള അമനെ ഐഎസ്‌ഐ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തി ഭാരതത്തിന്റെ സൈനിക വിന്യാസം നിരീക്ഷിക്കുന്നതിനായി നിയോഗിക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അമനും ഐഎസ്‌ഐയും തമ്മില്‍ ബന്ധപ്പെട്ടിരുന്നത്. അമന്‍ തന്റെ വീടിന് പുറത്ത് ഐഎസ്‌ഐയുടെ നിര്‍ദേശ പ്രകാരം സിം കാര്‍ഡ് ഘടിപ്പിച്ച സിസിടിവി ക്യാമറ സ്ഥാപിച്ചശേഷം അതിര്‍ത്തിക്ക് സമീപത്തായി സൈന്യം ഉപയോഗിക്കുന്ന റോഡിന് നേരെ തിരിച്ചുവെച്ചു. പാകിസ്ഥാനിലെ ഐഎസ്‌ഐ ഹാന്‍ഡിലര്‍മാര്‍ക്ക് അതിര്‍ത്തിയിലെ സൈനിക നടപടികള്‍ തത്സമയം കാണാന്‍ ഇതിലൂടെ സാധിച്ചിരുന്നു.
ലൈവ് സ്ട്രീമിങ് ക്യാമറ സ്ഥാപിക്കുന്നതിനായി ഐഎസ്‌ഐ അമന് 20,000 രൂപ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസും രഹസ്യാന്വേഷണ ഏജന്‍സിയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അമനെ പിടികൂടിയത്. ഇയാളുടെ മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു, ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം അതിര്‍ത്തിയിലെ ചിത്രങ്ങള്‍ക്ക് പകരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ചാരന്മാര്‍ക്ക് കൈമാറി വിവരങ്ങള്‍ ചോര്‍ത്താന്‍ ഐഎസ്‌ഐ നീക്കം ആരംഭിച്ചതിന്റെ സൂചന കൂടിയാണിത്.
കഴിഞ്ഞ മെയില്‍ അതിര്‍ത്തിയിലെ വിവരങ്ങള്‍ ഐഎസ്‌ഐയ്‌ക്ക് കൈമാറിയ കരണ്‍ എന്ന ചാരനെയും പിടികൂടിയിരുന്നു. പഞ്ചാബില്‍ ജോലി ചെയ്യുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ കരണിനെ ഹണി ട്രാപ്പില്‍ അകപ്പെടുത്തുകയും അതിര്‍ത്തിയിലെ വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു.














