ടെഹ്‌റാന്‍/വാഷിങ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ യുഎസുമായി പങ്കുവെച്ച് ഇറാന്‍. നിര്‍ദേശങ്ങള്‍ യുഎസിന് അയച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ മൊഹ്‌സെന്‍ റെസായി പറഞ്ഞു.
എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, ഇറാനില്‍ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ടുനല്‍കുക, തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം നീക്കുക തുടങ്ങിയവയാണ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നത്. നിര്‍ദേശം യുഎസ് നിരസിക്കുകയാണെങ്കില്‍ വലിയ സൈനിക നടപടികള്‍ ഉണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യെമനും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മൊഹ്‌സെന്‍ റെസായി പറഞ്ഞു.
അമേരിക്ക തങ്ങളുടെ ഉപാധികൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും മുൻ ചർച്ചാ രീതികളിലേക്ക് മടങ്ങില്ലെന്നും വ്യക്തമാക്കി ഇറാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ പ്രതികരണം.
ഇടനിലക്കാർ മുഖേന ഇറാന്റെ ആവശ്യങ്ങൾ അമേരിക്കയെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് അൽ ജസീറയോട് ഖാലിബാഫ് വ്യക്തമാക്കി. ഈ ഉപാധികൾ പാലിക്കപ്പെടുകയും ഇറാൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയും അമേരിക്ക അവരുടെ ബാധ്യതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ല. മുൻ ചർച്ചാ രീതികളിലേക്ക് മടങ്ങാനുള്ള യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഹ്റാനെതിരെ അമേരിക്ക വീണ്ടും സൈനിക നീക്കം നടത്തിയാൽ മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കും താൽപര്യങ്ങൾക്കും നേരെ കനത്ത ആക്രമണം ഉണ്ടാകുമെന്ന് ഇറാന്റെ കേന്ദ്ര സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അബദ്ധമുണ്ടായാൽ യാതൊരു പരിഗണനയുമില്ലാതെ തുടർച്ചയായതും ഫലപ്രദവും വേദനാജനകവുമായ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടെഹ്റാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെയും ആക്രമണത്തിലെ പങ്കാളികളായി കണക്കാക്കുമെന്നും സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















