ജോധ്പുര്‍: ഭാരതത്തിന്റെ തദ്ദേശീയ യുദ്ധവിമാനമായ തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റ. ഭാരത-ജപ്പാന്‍ സംയുക്ത വ്യോമാഭ്യാസമായ ‘വീര്‍ ഗാര്‍ഡിയന്‍2026’ന്റെ ഭാഗമായി ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍ നിന്നാണ് ജനറല്‍ മൊറിറ്റയും ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും തേജസ് വിമാനങ്ങളില്‍ പറന്നത്.
തേജസിലെ പറക്കല്‍ ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷി നേരിട്ട് മനസിലാക്കാനുള്ള വിലപ്പെട്ട അവസരമായിരുന്നെന്ന് ജനറല്‍ മൊറിറ്റ പറഞ്ഞു. തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയില്‍ നിന്ന് രൂപംകൊണ്ട തേജസ് ഭാരതത്തിന്റെ സാങ്കേതിക നവീകരണത്തിന്റെയും ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി. തേജസിന്റെ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സൈനികരുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും പരിശ്രമങ്ങളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
തേജസിലെ പറക്കല്‍ ഭാരതത്തിന്റെ തദ്ദേശീയ യുദ്ധവിമാനത്തില്‍ ജപ്പാന്‍ പ്രകടിപ്പിക്കുന്ന വിശ്വാസത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ് പറഞ്ഞു. ഇരു വ്യോമസേനകളും തമ്മിലുള്ള പ്രൊഫഷണല്‍ വിശ്വാസവും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതാണ് ഇത്തരം സംയുക്ത പരിശീലനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത വ്യോമസേനയുടെ തേജസ്, സുഖോയ് 30 എംകെഐ, റഫാല്‍ എന്നിവയാണ് ‘വീര്‍ ഗാര്‍ഡിയന്‍ 2026’ല്‍ പങ്കെടുക്കുന്നത്. ജപ്പാന്‍ വ്യോമസേന എഫ്2എ യുദ്ധവിമാനങ്ങളുമായാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ജപ്പാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ആദ്യമായാണ് ഭാരതത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ അഭ്യാസത്തിനുണ്ട്.
വ്യോമാഭ്യാസം നാളെ സമാപിക്കും. സങ്കീര്‍ണമായ വ്യോമപ്രവര്‍ത്തനങ്ങള്‍, ദൗത്യ ആസൂത്രണം, സാങ്കേതിക മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം, പ്രവര്‍ത്തനപരമായ അനുഭവ കൈമാറ്റം എന്നിവയാണ് അഭ്യാസത്തിന്റെ ഭാഗമായി നടക്കുന്നത്. ഭാരതം-ജപ്പാന്‍ പ്രതിരോധ സഹകരണം കൂടുതല്‍ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വേദിയായാണ് ‘വീര്‍ ഗാര്‍ഡിയന്‍ 2026’ മാറുന്നത്.
















