വ്യക്തി ജീവിതത്തിലെ കഴിഞ്ഞ് പോയ വിഷമഘട്ടത്തെക്കുറിച്ച് അടുത്തിടെ ഉർവശി പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ഉർവശിയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് മുമ്പൊരിക്കൽ മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകളുടെ സുരക്ഷിതത്വം വളരെ അത്യാവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. മകളുടെ ഭാവി എനിക്ക് വളരെ നിർബന്ധമായിരുന്നു. അതിന് വേണ്ടി മാത്രമായിരുന്നു. അല്ലാതെ പൊലീസ് സ്റ്റേഷനിൽ കയറാനും മത്സരിക്കാനും ആഗ്രഹിച്ചിട്ടില്ലെന്നും മനോജ് കെ ജയൻ അന്ന് പറഞ്ഞു. എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ആ ആറ്റിറ്റ്യൂഡുള്ള ആളല്ല ഞാൻ.
തെറ്റ് ചെയ്യാത്തത് കൊണ്ട് രണ്ടാം വിവാഹ സമയത്ത് എനിക്ക് മാറേണ്ടി വന്നിട്ടില്ല. ഈ ജീവിതമെങ്കിലും എനിക്ക് പരിപൂർണമായി നല്ലൊരു ജീവിതം ദെെവം തരണം എന്ന പ്രാർത്ഥനയുണ്ടായിരുന്നു. അതെന്റെ ഭാര്യ ആശ അങ്ങേയറ്റം നന്നായി നിറവേറ്റുന്നുണ്ട്. പ്രത്യേകിച്ചും എന്റെ മോളെ സ്വന്തം മോളേക്കാൾ നന്നായി സ്നേഹിക്കുന്നു. എന്റെ ഏറ്റവും വലിയ സന്തോഷം ആ കുടുംബമാണ്.
ഒരാളോടും വിഷമം പറയുന്ന ആളല്ല ഞാൻ. അത് പറയുമ്പോൾ ആദ്യ ഭാര്യയെ കുറ്റം പറയേണ്ടി വരും. എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ ദുഖങ്ങൾ ഞാൻ തന്നെ എന്റെ മനസിലിട്ട് കുഴിച്ച് മൂടുന്നു. എന്റെ മോളുടെ മുന്നിൽ വിഷമിക്കുന്നത് എനിക്കിഷ്ടമല്ല. ഒരുപാട് വിഷമമുള്ളപ്പോൾ എന്റെ ഇന്നോവയെടുത്ത് ചെന്നെെയിലെ പല സ്ഥലങ്ങളിൽ പോയി കരഞ്ഞു. ആ വണ്ടിക്കകത്തിരുന്ന് ഒരുപാട് കരഞ്ഞെന്നും മനോജ് കെ ജയൻ പറയുന്നു.
















