കൊച്ചി : റിമാന്‍ഡിലുള്ള റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മെസ്സി സന്ദര്‍ശന കേസില്‍ നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം.
സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആന്റോയ്‌ക്ക് ഹൈക്കോടതിയും ഇടക്കാല ജാമ്യം നിഷേധിച്ചു.
മദ്യം പിടിച്ചെടുത്ത വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദം പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും പ്രതിഭാഗത്തോടും നിര്‍ദേശിച്ചു. ആന്റോ മാനന്തവാടി ജില്ലാ ജയിലിലാണിപ്പോള്‍.
വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ കേസിന്റെ മെറിറ്റിലേക്ക് കടക്കുകയുള്ളൂവെന്നും ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയ്‌ക്ക് മുമ്പ് കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനുപുറമെ മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ അന്വേഷണം ഊര്‍ജിതമാക്കിയ എസ് ഐ ടി കായികവകുപ്പിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെ പരിശോധന തുടരുകയാണ്. മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെയും ഉടന്‍ ചോദ്യം ചെയ്തേക്കും.
അതേസമയം, മുട്ടില്‍ മരംമുറിയിലെ വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങല്‍ക്കെതിരെയുള്ള കുറ്റപത്രം ഇന്ന് ചോറ്റാനിക്കര കോടതിയില്‍ വായിച്ചുകേള്‍പ്പിക്കും.
















