നഗോയ: ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങ് ടൂറിന് പകരം കബഡി താരം പവൻ സെറാവത്ത് ഭാരതത്തിന്റെ പതാകവാഹകനാകും. ഔദ്യോഗിക കിറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്ന് തജീന്ദർപാൽ സിങ്ങിന് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് ഈ മാറ്റം.
ഷൂട്ടിങ് താരം മനു ഭാക്കറിനൊപ്പം തജീന്ദർപാലിനെയായിരുന്നു നേരത്തെ പതാകവാഹകരായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കിറ്റ് വൈകിയതുമൂലം അദ്ദേഹം പിന്മാറിയതോടെ മുൻ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഭാരത പുരുഷ കബഡി ടീമിലെ അംഗമായ പവൻ സെറാവത്ത് മനു ഭാക്കറിനൊപ്പം പതാകയേന്തുമെന്ന് ഭാരത
സംഘത്തിന്റെ ചീഫ് ഡി മിഷൻ സഹദേവ് യാദവ് അറിയിച്ചു.
കിറ്റ് വൈകിട്ട് മൂന്നിന് നഗോയ വിമാനത്താവളത്തിൽ എത്തുമെന്നാണ് അറിയിച്ചതെന്നും അവിടെ നിന്ന് ഉദ്ഘാടന വേദിയിലെത്താൻ സമയമെടുക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്നും തജീന്ദർപാൽ പറഞ്ഞു. ഭാരതത്തില്‍ തന്നെയാണ് തന്റെ കിറ്റ് ഉള്ളതെന്നും അത്‌ലറ്റിക്സ് ടീമിലെ മറ്റാർക്കും ഇതുവരെ കിറ്റ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബർ 13 മുതൽ ടോക്കിയോയ്‌ക്ക് സമീപമുള്ള സുകുബ സർവകലാശാലയിൽ പരിശീലനം നടത്തുന്ന ഭാരത അത്‌ലറ്റിക്സ് സംഘം സെപ്തംബർ 21ന് നഗോയയിലെത്തും.
















