ഇടുക്കി: കാട്ടുപാതകളിലെ വന്യമൃഗ ഭീഷണിയും കിലോമീറ്ററുകളോളം ഭാരം പേറിയുള്ള ദുരിതയാത്രക്കും പരിസമാപ്തി. വിദൂര വനവാസി ഊരുകളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി ഉടുമ്പന്‍ചോല താലൂക്കിലും സജീവമാകുന്നു.
ഉടുമ്പന്‍ചോല താലൂക്കിലെ കോഴിപ്പന്നകുടി, പന്തടി കളം തുടങ്ങിയ ദുര്‍ഘടമായ വനവാസി മേഖലകളിലേക്കാണ് പുതിയ ഘട്ടത്തില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് കൂടുതല്‍ കാര്യക്ഷമമായും സമഗ്രമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന വനവാസി കോളനികളെ ലക്ഷ്യമിട്ട് ഈ മാതൃകാ പദ്ധതി പ്രവര്‍ത്തിക്കുന്നത്.
കാട്ടാന ഭീഷണിക്കും തലച്ചുമടിനും ശാശ്വത പരിഹാരം ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ പൊതുവിതരണ കേന്ദ്രത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍പ് റേഷന്‍ വാങ്ങുന്നതിനായി ഊരുകളില്‍ നിന്ന് ഏറെ ദൂരം സഞ്ചരിച്ച് പൊതുവിതരണ കേന്ദ്രത്തില്‍ എത്തിയ ശേഷം, അരിയും മറ്റ് അവശ്യസാധനങ്ങളും തലച്ചുമടായി കൊണ്ടുപോകേണ്ട ദുരിതാവസ്ഥയിലായിരുന്നു ഇവിടുത്തെ നിവാസികള്‍. കാടുകളിലൂടെയുള്ള യാത്രയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം പതിവായതോടെ റേഷന്‍ വാങ്ങാന്‍ പോകുന്നതുപോലും വലിയ ജീവന്‍മരണ പോരാട്ടമായിരുന്നു. സഞ്ചരിക്കുന്ന റേഷന്‍ കട എത്തിയതോടെ ഈ സുരക്ഷാ ഭീഷണിക്കും ശാരീരിക അധ്വാനത്തിനും ശാശ്വത പരിഹാരമായിരിക്കുകയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
പദ്ധതിയുടെ വ്യാപനവും രണ്ടാം ഘട്ടവും പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അടുവിളാന്താന്‍ കുടിയിലാണ് വിജയകരമായി റേഷന്‍ ധാന്യങ്ങള്‍ വാതില്‍പ്പടിയായി എത്തിച്ചു നല്‍കിയത്. ഇതിന്റെ വിജയത്തെയും പ്രയോജനത്തെയും തുടര്‍ന്നാണ് പദ്ധതി കൂടുതല്‍ ഉന്നതികളിലേക്ക് വ്യാപിപ്പിച്ചത്. പന്നിയാര്‍ പൊതുവിതരണ കേന്ദ്രത്തെ പ്രധാന കേന്ദ്രമാക്കി മാറ്റിക്കൊണ്ടാണ് മറ്റ് വനവാസി ഉന്നതികളിലേക്കും സഞ്ചരിക്കുന്ന റേഷന്‍ കടയുടെ പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരിലേക്ക് തടസ്സങ്ങളില്ലാതെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ പൂര്‍ത്തിയാകുന്നത്.















