Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ് വിധിച്ചത് സംബന്ധിച്ച്, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന് പ്രതികരിച്ച് പൊലീസ് മുന്‍ മേധാവി ടി പി സെന്‍കുമാര്‍.ശിക്ഷാവിധി തികച്ചും മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ തന്നെ ഏകദേശം എട്ടോളം അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍,സാമുദായിക, രാഷ്‌ട്രീയ പിടിപാട് ഇരു മുന്നണികളിലെയും സര്‍ക്കാരുകളില്‍ ഉണ്ടായിരുന്നതുകൊണ്ട് ഒന്നും സംഭവിച്ചില്ല. പലനാള്‍ ഇതേപോലെ ചെയ്തു വരുമ്പോള്‍ എവിടെയെങ്കിലും കുടുങ്ങും. അങ്ങനെ ഒരു നല്ല പ്രോസിക്യൂട്ടര്‍, ഉദ്യോഗസ്ഥര്‍, അന്വേഷിച്ചവര്‍ എല്ലാം, സമ്മര്‍ദത്തിലും സ്വാധീനത്തിലും വീഴാതെ നടന്നതുകൊണ്ട് ഇപ്പോള്‍ മാതൃകാപരമായ ഒരു ശിക്ഷാ നടപടിയിലേക്ക് പോകാനായി സാധിച്ചു.ബാക്കിയുള്ള ഐപിഎസുകാര്‍ ഇതുകണ്ട് അറിഞ്ഞ് മനസിലാക്കണം. അവര്‍ക്കും ഇങ്ങനെയൊക്കെ സംഭവിക്കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇത് ഇതില്‍ നിന്നും മനസിലാക്കി കൊടുക്കുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ ജെ തച്ചങ്കരിയെ നാല് വര്‍ഷം കഠിന തടവിനും 30.84 ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധികം തടവ് അനുഭവിക്കണം. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2003 – 2007 കാലയളവില്‍ 64.7 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കോടതി വിധി.

 

Recent Posts