പത്തു വര്‍ഷം മുമ്പ്, ഭാരതീയയായ ഒരു പെണ്‍കുട്ടി തനിക്ക് സ്വന്തമായി റോക്കറ്റ് നിര്‍മ്മിക്കണമെന്ന് പറയുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. ഐഎസ്ആര്‍ഒ-യില്‍ ചേരണം എന്നല്ല തനിക്ക് സ്വന്തമായി റോക്കറ്റ് ഉണ്ടാക്കണം എന്നാണ് പറഞ്ഞത്. അതുകേട്ട് ഒരു വ്യക്തിക്ക്, പ്രത്യേകിച്ച് അവളെപ്പോലൊരാള്‍ക്ക് സാധ്യമാകുന്ന ഒന്നല്ല ഇതെന്ന് ആരെങ്കിലും സ്‌നേഹത്തോടെ വിശദീകരിച്ചു കൊടുത്തിട്ടുമുണ്ടാകും. ബഹിരാകാശമെന്നത് സര്‍ക്കാരിന്റെ മാത്രം മേഖലയായിരുന്നു. അത്രയും വലിയ സ്വപ്‌നങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാത്രമുള്ളതായിരുന്നു.
2026 ജൂലൈ 18-ന്, ഭാരതത്തിലെ ഒരു സ്വകാര്യ കമ്പനി നിര്‍മ്മിച്ച റോക്കറ്റ് ഭ്രമണപഥത്തിലെത്തി. അസാധ്യമെന്നു കരുതിയ സ്വപ്‌ന സാക്ഷാത്കാരത്തിനായി, ജോലി ഉപേക്ഷിച്ചിറങ്ങിയ രണ്ട് ചെറുപ്പക്കാരായ എന്‍ജിനീയര്‍മാര്‍ രൂപീകരിച്ച സ്‌കൈറൂട്ട് എന്ന കമ്പനിയാണ് അത് നിര്‍മ്മിച്ചത്. ഇതോടെ, അമേരിക്കയയ്‌ക്കും ചൈനയ്‌ക്കുമൊപ്പം സ്വകാര്യ വ്യക്തികളുടെ കമ്പനിക്ക് ബഹിരാകാശത്തെത്തുവാന്‍ സാധിക്കുന്ന ലോകത്തിലെ മൂന്ന് രാജ്യങ്ങളിലൊന്നായി ഭാരതം മാറി. അന്ന് തന്റെ ആഗ്രഹം അസാധ്യമാണെന്ന് പറഞ്ഞു വിലക്കപ്പെട്ട പെണ്‍കുട്ടിക്ക് ഇന്ന് തനിക്ക് ഇലോണ്‍ മസ്‌കിനെപ്പോലെയാകണം എന്ന് ആഗ്രഹിക്കാം; അതൊരു തമാശയായല്ല, മറിച്ച് ഒരു കര്‍മ്മപദ്ധതിയായിത്തന്നെ പറയാം. ധൈര്യമായി മുന്നോട്ട് പോകാം.
ഈ പത്തു വര്‍ഷത്തിനിടയില്‍ രാജ്യത്തെ പ്രതിഭയുടെ കാര്യത്തില്‍ മാറ്റം വന്നിട്ടില്ല. മാറിയത് മറുപടിയാണ്. നമ്മുടെ ചരിത്രത്തില്‍ ഏറിയ പങ്കും, വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ഒരു ഭാരതീയന് ലഭിച്ചിരുന്ന മറുപടി ‘നിനക്കിത് സാധ്യമല്ല’ എന്നതായിരുന്നു. അയാള്‍ക്ക് കഴിവില്ലാത്തതുകൊണ്ടല്ല, മറിച്ച് അതിനുള്ള മാര്‍ഗങ്ങള്‍ ഇവിടെ ഇല്ലാതിരുന്നതുകൊണ്ടാണ്. നരേന്ദ്ര മോദിയുടെ ഭരണ നേതൃത്വത്തിന്റെ നിശബ്ദവും എന്നാല്‍ ഏറ്റവും വലുതുമായ നേട്ടം, ആ മറുപടി ‘എന്തുകൊണ്ട് ആയിക്കൂടാ’ എന്നായി മാറി എന്നതാണ്.
ഈ മാറ്റം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പതിറ്റാണ്ടുകളായി ഭാരതത്തിലെ അഭിലാഷങ്ങള്‍ അനുമതികളുടെ ഒരു വലിയ മതില്‍ക്കെട്ടിനു മുന്നില്‍ തട്ടി തടസ്സപ്പെടുകയായിരുന്നു. പ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ലൈസന്‍സ്, അനുമതിപത്രങ്ങള്‍, രാഷ്‌ട്രീയ ബന്ധങ്ങള്‍ അല്ലെങ്കില്‍ പ്രശസ്തമായ കുടുംബപ്പേര് എന്നിവ ആവശ്യമായിരുന്നു. രാജ്യത്ത് സ്വപ്‌നം കാണുന്നവര്‍ക്കല്ല; അവസരങ്ങള്‍ക്കായിരുന്നു കുറവ്. അവസരങ്ങളുടെ വാതിലുകള്‍ എണ്ണത്തില്‍ കുറവായിരിക്കുമ്പോള്‍, കയ്യില്‍ താക്കോലുള്ളവര്‍ക്കായിരിക്കും അവ ആദ്യം തുറന്നുകിട്ടുക. യുവാക്കളും ദരിദ്രരും, വലിയ കുടുംബപ്പേരുകളുടെ പിന്‍ബലമില്ലാത്തവരും പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു.
ആ മതില്‍ക്കെട്ടിനെ കൃത്യമായി തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനമന്ത്രി മോദിയുടെ യഥാര്‍ത്ഥ കാഴ്ചപ്പാട്. ‘അനുമതി നല്‍കിയിട്ടില്ലെങ്കില്‍ നിരോധിതം’ എന്നതില്‍ നിന്ന് ‘നിരോധിച്ചിട്ടില്ലെങ്കില്‍ അനുവദനീയം’ എന്നതിലേക്ക് ഭരണകൂടം മാറണമെന്ന ഒറ്റ വരിയിലാണ് അദ്ദേഹം ഈ പരിവര്‍ത്തനത്തെ നിര്‍വ്വചിച്ചത്. അനുമതികളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത്, അതിന് പകരം തുറന്നിട്ട വാതിലുകളുടെ ഒരു രാജ്യം പടുത്തുയര്‍ത്തുക എന്നതായിരുന്നു ഈ ഒരു ദശകത്തില്‍ അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലുണ്ടായിരുന്ന അടിസ്ഥാന ആശയം. നിങ്ങള്‍ ആരുടെ മക്കളാണെന്നതിനല്ല, മറിച്ച് നിങ്ങള്‍ക്ക് എന്ത് സൃഷ്ടിക്കാന്‍ കഴിയും എന്നതിനു മാത്രം രാജ്യം പ്രാധാന്യം നല്‍കി.
തുറന്നുനല്‍കപ്പെട്ട അവസരങ്ങളിലേക്ക് ഒന്നു നോക്കൂ. ആദ്യം ബഹിരാകാശ മേഖലയാണ് ഇതിന് സാക്ഷ്യം വഹിച്ചത്; ആറ് പതിറ്റാണ്ടോളം സര്‍ക്കാരിന്റെ കുത്തകയായിരുന്ന ഈ മേഖല, 2020-ല്‍ വിക്ഷേപണ ശേഷിയുള്ള ആര്‍ക്കും പ്രവേശിക്കാവുന്ന ഒന്നായി മാറി.
ഒരു ഡ്രോണ്‍ പറത്തുന്നതിന് പോലും ഡസന്‍ കണക്കിന് ഫോമുകളും അനുമതികളും ആവശ്യപ്പെട്ടിരുന്ന അന്നത്തെ നിയമപുസ്തകം ഏതാണ്ട് പൂര്‍ണ്ണമായും തിരുത്തിയെഴുതപ്പെട്ടു; ഇന്ന് ഒരു ചെറിയ ഗ്രാമത്തിലെ കൗമാരക്കാരനും സ്വന്തമായി ഡ്രോണ്‍ നിര്‍മ്മിച്ച്, ഫോണിലൂടെ അത് രജിസ്റ്റര്‍ ചെയ്ത് ഒരു ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കുന്നു. അതേ ഡ്രോണുകള്‍ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകളുടെ കൈകളിലേക്ക് എത്തിച്ചേരുകയും, ഈ സാങ്കേതികവിദ്യയെ അവരുടെ ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുകയും ചെയ്തു.
2021-ല്‍ ഭൂപടങ്ങള്‍ സ്വതന്ത്രമാക്കപ്പെട്ടതോടെ, ഒരു ഇന്ത്യന്‍ കമ്പനിക്ക് തങ്ങള്‍ ജീവിക്കുന്ന സ്വന്തം രാജ്യം സര്‍വ്വേ ചെയ്യുന്നതിന് ഇനി അനുമതി പത്രങ്ങള്‍ ആവശ്യമില്ലെന്ന സ്ഥിതിവന്നു. 2023-ല്‍ നടപ്പിലാക്കിയ ഒരൊറ്റ നിയമത്തിലൂടെ നൂറുകണക്കിന് നിയമങ്ങളിലെ ആയിരത്തിലേറെ കുറ്റകൃത്യ വ്യവസ്ഥകളില്‍ നിന്ന് ജയില്‍ശിക്ഷ ഒഴിവാക്കപ്പെട്ടു. 2014-ല്‍ ഒരൊറ്റ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് പോലും കാര്യമായി ഇല്ലാതിരുന്ന ഭാരതത്തിലിന്ന് 440-ഓളം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളിലേക്ക് നാം വളര്‍ന്നു; അതോടൊപ്പം മുന്‍പ് ഒരെണ്ണം പോലുമില്ലാതിരുന്ന സ്ഥാനത്ത് ഇന്ന് നൂറുകണക്കിന് ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളും നിലവിലുണ്ട്. 2016-ല്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ആരംഭിക്കുമ്പോള്‍ രാജ്യത്ത് അംഗീകൃതമായ 350-ഓളം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത് രണ്ടു ലക്ഷത്തിലധികമായി ഉയര്‍ന്നു. അവ ഇരുപത് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. രാജ്യത്തിന്റെ ഓരോ കോണിലുമുള്ള ചെറുപട്ടണങ്ങളിലേക്ക് അവ പടര്‍ന്നുപന്തലിച്ചു. അവയില്‍ ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വനിതകള്‍ ആരംഭിച്ചവയാണ്.
പഴയ വ്യവസ്ഥിതിയില്‍ അവഗണിക്കപ്പെട്ടിരുന്ന വിഭാഗങ്ങളെ ദളിത്, വനവാസി കുടുംബങ്ങളില്‍ നിന്നുള്ള സംരംഭകര്‍, സ്ത്രീകള്‍ എന്നിവരെപ്രത്യേകം ലക്ഷ്യമിട്ടായിരുന്നു വായ്‌പകള്‍ നല്‍കിയത്. മുന്‍പ് ഒരിക്കലും ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്ന കോടിക്കണക്കിന് ഭാരതീയര്‍ ഒടുവില്‍ ഈ സാമ്പത്തിക പ്രക്രിയയുടെ ഭാഗമായി. പച്ചക്കറിക്കച്ചവടക്കാരനും സ്റ്റാര്‍ട്ടപ്പ് സ്ഥാപകനും ഇന്ന് ഒരേ രീതിയിലാണ് പണമിടപാടുകള്‍ നടത്തുന്നത്.
യുവതലമുറയുടെ വിദ്യാഭ്യാസരീതിപോലും പുനര്‍ചിന്തനത്തിന് വിധേയമായി. മുന്‍പ് ഒരുമിച്ചു പഠിക്കാന്‍ അനുവദിക്കാതിരുന്ന വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പഠിക്കാനും, ബിരുദപഠനം പകുതിക്കുവെച്ച് നിര്‍ത്തിയാല്‍ ആദ്യം മുതല്‍ തുടങ്ങാതെ പിന്നീട് തുടരാനും, ഉയര്‍ന്ന നിലവാരമുള്ള പഠനത്തിനായി രാജ്യം വിട്ടുപോകാതെ ഇവിടെത്തന്നെ പഠിക്കാനും സാധിക്കുന്നു. ദീര്‍ഘവീക്ഷണമുള്ള എന്തെങ്കിലും സൃഷ്ടിക്കണമെങ്കില്‍ വിദേശത്തേക്ക് വിമാനം കയറണമെന്ന് നമ്മുടെ മിടുക്കരായ യുവാക്കള്‍ക്ക് മുമ്പ് തോന്നിയിരുന്നു. നമുക്കില്ലാതിരുന്ന അവസരങ്ങള്‍ ഒരുക്കിയ മറ്റ് രാജ്യങ്ങളിലേക്ക് വര്‍ഷങ്ങള്‍ തോറും നിശ്ശബ്ദമായി നാം അവരെ വഴിതിരിച്ചുവിട്ടു. എന്നാല്‍ ബഹിരാകാശ-സാങ്കേതിക മേഖലകളിലും സോഫ്റ്റ്വെയര്‍-വിദ്യാഭ്യാസ രംഗങ്ങളിലും അവസരങ്ങള്‍ ഇവിടെത്തന്നെ ഒരുക്കിയതിലൂടെ, ആ പ്രതിഭകള്‍ക്ക് ഇവിടെ തുടരാനും തിരികെ വരാനും ഇന്നത്തെ നേതൃത്വം പ്രചോദനം നല്‍കിയിരിക്കുന്നു. ഒരു മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നത് ഭാരതം വിട്ടുപോയി ചെയ്യേണ്ട ഒന്നല്ലാതായി മാറി. മറിച്ച്, നിങ്ങള്‍ ഇവിടെത്തന്നെ തുടരുന്നതുകൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നായി അത് മാറി.
ഏതൊരു നയരേഖയ്‌ക്കും ചിത്രീകരിക്കാന്‍ കഴിയാത്തതും, ബാക്കിയുള്ള എല്ലാ കാര്യങ്ങളെയും വ്യത്യസ്തമായ രീതിയില്‍ അനുഭവവേദ്യമാക്കുന്നതുമായ മറ്റൊരു സുപ്രധാന ഘടകമുണ്ട്. ഒരു തലമുറയ്‌ക്ക് എല്ലാവിധ അവസരങ്ങളും ലഭിച്ചാലും, തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടായേക്കാം. എന്നാല്‍ നരേന്ദ്ര മോദി രാജ്യത്തെ യുവതലമുറയെ ഒരിക്കലും പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായോ വെറുമൊരു വോട്ടു ബാങ്കായോ കണ്ടിട്ടില്ല. പരീക്ഷകള്‍ക്ക് തൊട്ടുമുമ്പ് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുന്ന് ഭയത്തെക്കുറിച്ചും സമ്മര്‍ദ്ദത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും തികച്ചും ലളിതമായി സംസാരിക്കുന്നു. അത് പ്രജകളോട് പ്രസംഗിക്കുന്ന ഒരു ഭരണാധികാരിയായല്ല, മറിച്ച് ഒരേസമയം യൗവനത്തിന്റെ ഭയവും സ്വപ്‌നങ്ങളും നേരിടുക എന്നാലെന്താണെന്ന് ഓര്‍മ്മയുള്ള ഒരാളായാണ്. അദ്ദേഹം യുവാക്കളോട് തുല്യരെപ്പോലെ സംസാരിക്കുന്നു; അവരെ അടിച്ചമര്‍ത്തി സംസാരിക്കുകയോ അവഗണിച്ചു സംസാരിക്കുകയോ ചെയ്യുന്നില്ല. പ്രതിസന്ധികള്‍ നേരിടുമ്പോള്‍, അവയെ നേരിട്ട് അഭിമുഖീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും, ഒന്നും മറച്ചുവെക്കേണ്ടതില്ലെന്ന് തന്റെ സ്വന്തം മാതൃകയിലൂടെ യുവതലമുറയ്‌ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
അതൊരു ചെറിയ കാര്യമല്ല; ഒരുപക്ഷേ ഏറ്റവും വലിയ കാര്യം അതുതന്നെയാകാം. കാരണം, കഴിവുള്ളയാളാണ് എന്ന രീതിയില്‍ ഒരാളോട് സംസാരിക്കുമ്പോള്‍, തനിക്ക് കഴിവുണ്ടെന്ന് അവര്‍ പതുക്കെ വിശ്വസിച്ചു തുടങ്ങുന്നു. അങ്ങനെ സ്വന്തം ശേഷിയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഒരു വാടകമുറിയില്‍ റോക്കറ്റ് നിര്‍മ്മാണ കമ്പനി ആരംഭിക്കുകയും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്യുന്നത്.
ഓരോ തലമുറയ്‌ക്കും തങ്ങള്‍ തിരഞ്ഞെടുക്കാത്ത പരിമിതികളാണ് പാരമ്പര്യമായി ലഭിക്കുന്നത്. എന്നാല്‍ നമുക്ക് ലഭിച്ചത് വ്യത്യസ്തമായ ഒന്നാണ്: ഈ രാജ്യം കെട്ടിപ്പടുക്കാന്‍ ഒടുവില്‍ നമ്മെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരു ഭാരതത്തെയാണ്. ഒരു ഭാരതീയ യുവതിയ്‌ക്ക് മുന്നില്‍ ഇനി അവശേഷിക്കുന്ന ഒരേയൊരു ചോദ്യം തനിക്ക് സ്വപ്‌നം കാണാന്‍ അനുവാദമുണ്ടോ എന്നതല്ല; മറിച്ച് എത്രത്തോളം ദൂരേക്ക് യാത്ര ചെയ്യാന്‍ അവള്‍ ആഗ്രഹിക്കുന്നു എന്നത് മാത്രമാണ്.
















