തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി ബുധനാഴ്ച ചേര്‍ന്ന വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളുടെയും വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും യോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പടെ നേമം മണ്ഡലത്തിലെ കൗണ്‍സിലര്‍മാര്‍, പൊതുമരാമത്ത്, ജലസേചനം, കെ എസ് ആര്‍ ടി സി,കെ എസ് ഇബി, സതേണ്‍ റെയില്‍വേ, കേരള വാട്ടര്‍ അതോറിറ്റി, നാഷണല്‍ ഹൈവേ അതോറിറ്റി, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെ പതിനാറ് സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന റോഡ്, പാലം, കെട്ടിടം, ജലസേചനം തുടങ്ങിയ മേഖലകളിലെ വിവിധ ബഡ്ജറ്റ് പ്രവൃത്തികളുടെ പുരോഗതി യോഗം വിശദമായി വിലയിരുത്തി. മണക്കാട്-കൊഞ്ചിറവിള റോഡ്, തൃക്കണാപുരം-കരികാളി ക്ഷേത്രം റോഡ്, കളത്തറ-കാലടി സൗത്ത് റോഡ്, പാപ്പനംകോട് വിശ്വംഭരന്‍ റോഡ് വികസനം, ചാല ഗവ. ഹൈസ്‌കൂള്‍ പുതിയ കെട്ടിട നിര്‍മ്മാണം, കരമന പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടം, കരിയല്‍ തോടിന്റെ പുനരുദ്ധാരണം, ആറ്റുകാല്‍ ബണ്ട് റോഡിലെ പുതിയ പാലം എന്നിവയുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ യോഗത്തില്‍ ചര്‍ച്ചയായി.കൂടാതെ, വിവിധ വാര്‍ഡുകളിലെ റോഡ്, സ്‌കൂള്‍ കെട്ടിടം, ജലസേചന കനാല്‍ സംരക്ഷണ ഭിത്തി, കുടിവെള്ള ക്ഷാമ പരിഹാരം, ദേശീയ പാതയിലെ അപകട സാധ്യതാ സ്ഥലങ്ങളിലെ വെളിച്ചക്രമീകരണം, തിരുവനന്തപുരം സെന്‍ട്രല്‍ – നേമം സ്റ്റേഷന്‍ പുനര്‍വികസനം, റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ ശക്തിപ്പെടുത്തല്‍, സത്യന്‍ നഗര്‍ സ്റ്റേഡിയത്തിന്റെ നവീകരണം തുടങ്ങിയ വിഷയങ്ങളും യോഗം സൂക്ഷ്മമായി വിലയിരുത്തി.
മണ്ഡലത്തില്‍ നടക്കുന്ന വികസന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ എം എല്‍ എ, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നല്‍കി. ചില പ്രവൃത്തികളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇവ അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

















