തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര്‍ എംഎല്‍എ. ഇരുപത് വര്‍ഷത്തിനിടെ എല്‍ഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുക്കാതിരുന്നതിന് വ്യക്തമായ വിശദീകരണം ഇരു കൂട്ടരും ജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിലെ വിവിധ സര്‍ക്കാരുകളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ വകുപ്പിലും അദ്ദേഹം പ്രധാനപ്പെട്ട ചുമതല വഹിച്ചിരുന്നു. ആവശ്യമായ ക്ലിയറന്‍സുകളും വിവിധ ഘട്ടങ്ങളില്‍ ലഭിച്ചിട്ടുണ്ട്. ഇത്രയും കാലം കണ്ടെത്താന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പെട്ടെന്ന് കണ്ടെത്തിയതിന്റെ പിന്നിലെ ‘കാരണം’ വ്യക്തമാക്കണം. സംഭവത്തില്‍ അന്ന് മന്ത്രിയായിരുന്ന എം കെ മുനീറിന്റെ പങ്കിനെപ്പറ്റിയും പരാതി പൂഴ്‌ത്തി വെച്ച തുടര്‍ സര്‍ക്കാരുകളെപ്പറ്റിയും അന്വേഷണം നടത്തണം.
ഇഡി നല്‍കിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തേടിയ നിയമോപദേശങ്ങളും പുറത്തുവിടണം. വിജിലന്‍സ് അന്വേഷണം നടത്തേണ്ട വിഷയത്തില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനുള്ള നീക്കം സംശയങ്ങള്‍ക്ക് ഇടയാക്കുന്നതാണ്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഗ്യാനേഷ് കുമാറായാലും പിണറായി വിജയനായാലും എം കെ മുനീറായാലും നിയമത്തിന് മുന്നില്‍ വരണം. നിയമനടപടികളില്‍ ഇരട്ടനീതി പാടില്ല. ഇരുപത് വര്‍ഷം പഴക്കമുള്ള കേസില്‍ ഇപ്പോള്‍ അന്വേഷണം നടത്തുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരെയും ഒരേ മാനദണ്ഡത്തില്‍ പരിശോധിക്കണം.
അതേസമയം വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ച് മാസം പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് ലഭിച്ച ഭരണനേട്ടം എന്താണെന്ന ചോദ്യത്തിന് സര്‍ക്കാരിന് മറുപടി നല്‍കാനില്ലെന്നും ബി ബി ഗോപകുമാര്‍ പറഞ്ഞു. ആകെ നേട്ടമുണ്ടായത് മുസ്ലിം ലീഗിന് മാത്രമാണ്. അവര്‍ക്ക് ആറ് ക്യാബിനറ്റ് പദവികള്‍ ലഭിച്ചു
വൈദ്യുതി പ്രതിസന്ധി, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം, പകര്‍ച്ചവ്യാധികളെ നേരിടുന്നതിലെ ആശങ്കകള്‍ എന്നിവയാണ് ജനങ്ങള്‍ നേരിടുന്നത്. സെപ്തംബറില്‍ കെഎംഎസ്സിഎല്‍ ഗോഡൗണുകളിലെ മരുന്ന് ക്ഷാമവും പുനര്‍ടെന്‍ഡര്‍ നടപടികളിലെ കാലതാമസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ജനങ്ങള്‍ക്ക് വൈദ്യുതിയും മരുന്നും വിലക്കയറ്റത്തില്‍ ആശ്വാസവും വേണം. പകര്‍ച്ചവ്യാധികളെ നേരിടാന്‍ കാര്യക്ഷമമായ സംവിധാനവും വേണം. ജനങ്ങള്‍ക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല.
ജനക്ഷേമ തീരുമാനങ്ങള്‍ക്ക് പകരം മുന്നണി രാഷ്‌ട്രീയത്തിലെ അധികാരം പങ്കുവെക്കല്‍ മാത്രമാണ് നടക്കുന്നത് .21 അംഗ മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ട്. അതിന് പുറമെ എം കെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി കാബിനറ്റ് റാങ്കോടെ നിയമിച്ചതോടെ ലീഗിന് ആറാമത്തെ കാബിനറ്റ് റാങ്കും ലഭിച്ചു.
നിലപാടുകളുടെ രാജകുമാരന്‍ എന്ന സ്വയം വിശേഷിപ്പിക്കുന്ന വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ നിലപാട്. കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയുടെ നിയമനത്തെയും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി അദ്ദേഹം എതിര്‍ത്തിരുന്നു.
എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ അന്ന് എതിര്‍ത്ത അതേ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാന് കാബിനറ്റ് റാങ്ക് നല്‍കുകയും കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയെ നിയമിക്കുകയും ചെയ്തു.വി.ഡി. സതീശന്റെ നിലപാടുകള്‍ ഇന്ന് എവിടെയാണ്? അധികാരത്തിലെത്തുമ്പോള്‍ നിലപാടുകള്‍ മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും ഗോപകുമാര്‍ പറഞ്ഞു.
കൊടിയുടെ നിറത്തില്‍ മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. പൊതുഖജനാവിനെ ബാധിക്കുന്ന തീരുമാനങ്ങളിലും ജനവിരുദ്ധ നടപടികളിലും ഇരു സര്‍ക്കാരുകളും തമ്മില്‍ വ്യത്യാസമില്ല. രണ്ടും ഒന്നുതന്നെ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
പുതുയുഗ കേരളം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ അഞ്ച് മാസം പിന്നിട്ടപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍വെക്കാന്‍ കഴിയുന്നത് എന്താണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കണം. കേരളത്തിന്റെ അടിസ്ഥാന ജനകീയ ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും നിയമസഭയ്‌ക്കകത്തും പുറത്തും സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും ബി ബി ഗോപകുമാര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി മനുപ്രസാദും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















