
മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)
ന്യൂദല്‍ഹി:ആണവാക്രമണം നടത്താന്‍ ശേഷിയുള്ള 48 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 32 എണ്ണം മിറാഷ് 2000H-ഉം 16 എണ്ണം ജാഗ്വാർ IS-ഉം ആണെന്ന് ബ്യൂറോ ഓഫ് ആറ്റമിക് സയന്‍റിസ്റ്റ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ പക്കല്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ 36 റഫാൽ യുദ്ധവിമാനങ്ങൾ ഉണ്ടെങ്കിലും ഇവയെ ആണവ ദൗത്യത്തിനായി ഇതുവരെ ഒരുക്കിയിട്ടില്ല. ഇവയ്‌ക്ക് ആണവമിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ടെങ്കിലും ഇവയില്‍ ആണവ മിസൈലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
“ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ പഴയ വിമാനങ്ങളിൽ ഒന്നിന് പകരമായി പുതിയ റഫാൽ (Rafale) വിമാനം ആണവായുധം വഹിക്കാനുള്ള ചുമതല ഏറ്റെടുത്തേക്കാം; എന്നാൽ നിലവിൽ അത്തരമൊരു മാറ്റം സംഭവിച്ചതായി ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.”- റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
ഇന്ത്യയുടെ പക്കല്‍ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന 88 ആണവായുധ ശേഷിയുള്ള മിസൈലുകള്‍ ഉണ്ട്. ഇതില്‍ 250 കി.മീ. പരിധിയുള്ള 24 പൃഥ്വി-II മിസൈലുകളും അഗ്നി-I മുതൽ അഗ്നി V വരെയുള്ള മിസൈലുകളും അഗ്നി-P-യും ഉൾപ്പെടുന്നു. കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന K-15, K-4 തുടങ്ങിയ ആണവ മിസൈലുകളും ഇന്ത്യയുടെ പക്കലുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ഇന്ത്യയ്‌ക്ക് കര, കടൽ, ആകാശം എന്നിവിടങ്ങളിൽ നിന്ന് ആണവായുധം പ്രയോഗിക്കാനുള്ള ശേഷി നല്‍കുന്നു. അങ്ങിനെയാണ് ഇന്ത്യയ്‌ക്ക് ന്യൂക്ലിയാര്‍ ട്രയാഡ് (ആണവത്രയ ശേഷി) പദവി ലഭിച്ചിരിക്കുന്നത്. )
ഇന്ത്യയുടെ ആണവ പ്രതിരോധ നയം ചരിത്രപരമായി പാകിസ്ഥാനെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും, ഏറ്റവും പുതിയ 5000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അഗ്നി മിസൈലുകളുടെ ശേഷി പരിശോധിക്കുമ്പോൾ ചൈനയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാകുന്നു. “സൈനികമായി (പരമ്പരാഗതവും ആണവപരവുമായ സേനകളുടെ കാര്യത്തിൽ) കൂടുതൽ കരുത്താർജ്ജിച്ച ചൈനയെ ലക്ഷ്യമാക്കി ഇന്ത്യയുടെ ആണവ സേന വിപുലീകരിക്കപ്പെടുന്നത്, വരും ദശകത്തിൽ പുതിയ ശേഷികൾ വിന്യസിക്കുന്നതിലേക്ക് നയിക്കും,” റിപ്പോർട്ട് പറയുന്നു. വാസ്തവത്തില്‍ ഇന്ത്യയുടെ അഗ്നി ആറിന് 12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്ന് പറയുന്നു. പക്ഷെ ഇന്ത്യ ഇത് പുറത്തുവിടുന്നില്ല. കാരണം 12000 കിലോമീറ്റര്‍ എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളെ വരെ ലക്ഷ്യമിടാവുന്ന ആണവ മിസൈല്‍ എന്നാണര്‍ത്ഥം. യൂറോപ്യന്‍ രാജ്യങ്ങളെ പ്രകോപിപ്പിക്കേണ്ട എന്ന് കരുതി ഇന്ത്യയുടെ ഈ പുതിയ ആണവശേഷി പുറത്തുപറയുന്നില്ല.