നെടുങ്കണ്ടം: രാമക്കല്‍മേട് മേഖലയിലെ കാറ്റാടി, സൗരോര്‍ജ പദ്ധതികളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി പുഷ്പക്കണ്ടത്ത് പുതിയ വൈദ്യുതി സബ്സ്റ്റേഷന്‍ ഒരുങ്ങുന്നു. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി പുഷ്പക്കണ്ടത്ത് അനെര്‍ട്ടിന്റെ 4.40 ഏക്കര്‍ ഭൂമി വൈദ്യുതി ബോര്‍ഡിന് കൈമാറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
രാമക്കല്‍മേട് മേഖലയിലെ കാറ്റാടിപ്പാടങ്ങളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പുഷ്പക്കണ്ടത്ത് എത്തിച്ച് അവിടെനിന്ന് നെടുങ്കണ്ടം സബ്സ്റ്റേഷനിലേക്ക് കൈമാറുകയാണ് ലക്ഷ്യം. ഇതിനായി 33/110 കെ.വി. ശേഷിയുള്ള വൈദ്യുതി സബ്സ്റ്റേഷനാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ രാമക്കല്‍മേട് മേഖലയില്‍ 19 കാറ്റാടി യന്ത്രങ്ങളിലായി 14.25 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുണ്ട്. കാറ്റിന്റെ ലഭ്യത അനുസരിച്ച് ഉല്‍പാദനത്തില്‍ വ്യത്യാസമുണ്ടാകും.
ശരാശരി പ്രതിദിനം ഏകദേശം 1.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതായാണ് കണക്ക്. എന്നാല്‍ നിലവിലെ വൈദ്യുതി പ്രസരണ സംവിധാനത്തിന്റെ ശേഷിക്കുറവ് മൂലം കാറ്റാടികളില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പുതിയ സബ്സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് വലിയൊരളവില്‍ പരിഹാരമാകും.
കൂടുതല്‍ കാറ്റാടികള്‍ക്കും സൗരോര്‍ജ പദ്ധതികള്‍ക്കും സാധ്യത
നിലവില്‍ കാറ്റാടികളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നി ല്ല. ഈ അവസ്ഥ മാറുന്നതോടെ രാമക്കല്‍മേട് മേഖലയില്‍ കൂടുതല്‍ കാറ്റാടി പദ്ധതികള്‍ക്ക് സാധ്യതയേറും. ഭാവിയില്‍ സൗരോര്‍ജ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അവയില്‍നിന്നുള്ള വൈദ്യുതിയും പുഷ്പക്കണ്ടം സബ്സ്റ്റേഷന്‍ വഴി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാനാകും. രാമക്കല്‍മേട് മേഖലയിലെ പുനരുപയോഗ ഊര്‍ജ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്‌പായാണ് പുഷ്പക്കണ്ടം സബ്സ്റ്റേഷന്‍ പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
4.40 ഏക്കര്‍ ഭൂമി; നെടുങ്കണ്ടത്തേക്ക് പുതിയ വൈദ്യുതി ലൈന്‍
പുഷ്പക്കണ്ടം സബ്സ്റ്റേഷനില്‍നിന്ന് നെടുങ്കണ്ടം സബ്സ്റ്റേഷനിലേക്ക് 110 കെ.വി. വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതുവഴി രാമക്കല്‍മേട് മേഖലയിലെ കാറ്റാടി വൈദ്യുതി കൂടുതല്‍ കാര്യക്ഷമമായി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാനാകും. സബ്സ്റ്റേഷനില്‍ 60 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി മാറ്റിയെടു ക്കല്‍ സംവിധാനവും സ്ഥാപിക്കും. കാറ്റാടി, സൗരോര്‍ജ പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ശേഖരിച്ച് വൈദ്യുതി ശൃംഖലയിലേക്ക് കൈമാറുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുക
ജി.കെ. രാജശേഖരന്‍
















