കേരളത്തിന്റെ വൈദ്യുതി മേഖല ഇന്ന് പുറമെ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇത് പ്രകൃതിയുടെ പരിമിതി കാരണമല്ല മറിച്ച് വർഷങ്ങളായുള്ള അസൂത്രണമോ ഭരണമികവോ ഇല്ലാത്ത കൊണ്ടും തെറ്റായ തീരുമാനങ്ങളും മോദിക്ക് ഗുജറാത്തിനെക്കുറിച്ച് ഉണ്ടായത് പോലെയുള്ള ദീർഘവീക്ഷണം ഇല്ലാത്തതിന്റെയും കുറവാണ്.
നമുക്ക് കേരളത്തിന്റെ ചില വൈദ്യുതി കണക്കുകൾ നോക്കാം:
👉ആകെ വൈദ്യുതി ഉപയോഗം: ~27,700 MU
👉കേരളത്തിന്റെ സ്വന്തം ഉൽപാദനം: 7,300 MU മാത്രം
👉 അതായത് നമുക്ക് വേണ്ട 80% വൈദ്യുതിയും നമ്മൾ പണം കൊടുത്ത് പുറത്തുനിന്ന് വാങ്ങുന്നുതാണ്. 2024-25ൽ കെഎസ്ഇബിയുടെ സ്വന്തം ഉൽപ്പാദനം ഏകദേശം 7,300 MU ആയപ്പോൾ, 26,000 MU-ലധികം വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നു. അതായത് കേരളത്തിന്റെ വൈദ്യുതി സംവിധാനത്തിന്റെ ഏകദേശം നാലിൽ മൂന്ന് ഭാഗവും പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
സിഎജി കണക്കുകൾ പ്രകാരം 2015-16 മുതൽ 2024-25 വരെ കെഎസ്ഇബിയുടെ power-purchase cost 101.2% ഉയർന്നു. അതേ കാലയളവിൽ കെഎസ്ഇബിയുടെ മൊത്തം വായ്‌പകൾ 369.91% ഉയർന്ന് 13,884.73 കോടി രൂപയിലെത്തി. ചുരുക്കത്തിൽ നാളിതുവരെയായിട്ടും ഇടത് വലത് സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും കേരളം സ്വന്തം ആവശ്യത്തിന്റെ നാലിൽ ഒരു ഭാഗം കറണ്ട് പോലും സ്വന്തം നിലക്ക് ഉൽപാദിപ്പിക്കുന്നില്ല!
കേരളത്തിന് പിഴച്ചത് എവിടെയാണ്?
സത്യം പറഞ്ഞാൽ പിഴവ് പറ്റിയത് ജനങ്ങൾക്കാണ്. ദീർഘവീക്ഷണം ഉള്ളവരെ വോട്ട് ചെയ്തു ജയിപ്പിക്കാൻ കേരളം പണ്ട് മുതലേ ശ്രമിച്ചില്ല. അതിനാൽ വികസനവും ഇല്ല ക്ഷേമവും ഇല്ല, സദ്ഭരണവും ഇല്ല.
ദീർഘകാല വൈദ്യുതി കരാറുകളുടെ കാര്യത്തിൽ കേരളത്തിന് വലിയ അവസരങ്ങളും ഉണ്ടായിരുന്നെങ്കിലും, സംഭരണ നടപടികളിലെ പിഴവുകളും റെഗുലേറ്ററി പ്രശ്നങ്ങളും കാരണം കുറഞ്ഞ നിരക്കിലുള്ള ചില ദീർഘകാല കരാറുകൾ പോലും നിയമപരമായ തർക്കങ്ങളിൽ കുടുങ്ങി.
❌ നമുക്ക് സ്ഥിരമായ ഉൽപാദനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ല. അത് കേരളം ഇതുവരെ നിർമ്മിച്ചിട്ടില്ല.
❌ നമുക്ക് വലിയ താപ വൈദ്യുതി നിലയങ്ങൾ ഇല്ല.
❌ നമുക്ക് ആണവ വൈദ്യുതി പദ്ധതികൾ ഇല്ല.
ഫലം: 24 മണിക്കൂറും സ്ഥിരമായ വൈദ്യുതി ഉറവിടമില്ല.
‘പുറമെ നിന്നുള്ള’ വൈദ്യതിയോട് ഉള്ള അമിത ആശ്രയം:
👉സെൻട്രൽ ഗ്രിഡ്: ~11,400 MU (കേന്ദ്ര ഗ്രിഡ്)
👉പവർ എക്സ്ചേഞ്ച്: ~5,500 MU
👉സ്വകാര്യ ഉൽപാദകർ: ~2,600 MU
കേരളം “ദിവസേന” വൈദ്യുതി “വാങ്ങി ജീവിക്കുന്ന” അവസ്ഥയാണ്.
വിപണി വിലയുടെ അടിമത്തതിൽ ആണ് നമ്മൾ:
പവർ എക്സ്ചേഞ്ച് വഴി വാങ്ങുന്ന വൈദ്യുതി:
• സാധാരണ: ₹5–₹7/unit
• വേനലിൽ: ₹10–₹20/unit വരെ
ദിവസത്തിൽ 20 കോടി രൂപ വരെ അധിക ചെലവ് വരുന്ന സാഹചര്യം ആണുള്ളത്. എക്സ്ചേഞ്ചിൽ 10 MU വൈദ്യുതി ഒരു യൂണിറ്റിന് 20 രൂപ നിരക്കിൽ വാങ്ങേണ്ടി വന്നാൽ മാത്രം 20 കോടി രൂപ ചെലവാകും. അതായത് പീക്ക് അവറിൽ അവർ പറയുന്ന റേറ്റ് എന്താണോ ആ റേറ്റ് നമ്മൾ കൊടുക്കണം. ഇന്നത്തെ വില 20 രൂപ എന്ന് പറഞ്ഞാൽ അത് കൊടുക്കണം. വേറേ വഴി ഇല്ലാ എന്നതാണ് സത്യം.
👉 അങ്ങനെ വരുമ്പോൾ സർക്കാർ ആ ബാധ്യത അത് ജനങ്ങളുടെ തലക്കിടും. അതിന് ഇങ്ങനെ ഒക്കെയാണ് പേര്.
• വൈദ്യുതി നിരക്ക് വർധന
• ഇന്ധന സർചാർജ് മുതലായവ
* അല്ലെങ്കിൽ കറണ്ട് കട്ട്, ലോഡ് ഷെഡിംഗ് തുടങ്ങിയവ
ദിനംപ്രതി വൈദ്യുതിയുടെ ആവശ്യകത ഉയരുന്നു, പക്ഷെ അത് പരിഹരിക്കാൻ നമുക്ക് പദ്ധതിയില്ല, ആശയം ഇല്ല, പ്ലാനിംഗ് ഇല്ല.!
• പ്രതിദിന ഉപയോഗം: 100 MU കടന്നു
• പീക്ക് ഡിമാൻഡ്: 6,000 MW+ വരെയും
എന്നാൽ നമുക്ക് അധിക വൈദ്യുതി ഉൽപാദനം ഇല്ല, ഉള്ളവ ഉത്പാദനത്തിൽ ആണെങ്കിൽ സ്ഥിരതയില്ല, ഉത്പാദനത്തിൽ വർധനവുമില്ല, ഉത്പാദനം കൂട്ടാൻ പ്ലാനോ, പദ്ധതിയോ ഇല്ലാ പക്ഷെ വീമ്പ് പറച്ചിലിൽ നമ്പർ വൺ ആണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ അതിവേഗം ബഹുദൂരം മുന്നിൽ എത്തി.
👉 CEA ഡാറ്റ March 2025 പ്രകാരം:
ഗുജറാത്ത്:
* Hydro: 772 MW
* Thermal: 24,491 MW
* Nuclear: 1,035 MW
* RES: 31,403 MW
* Total: 57,701 MW
കേരളം:
* Hydro: 1,964 MW
* Thermal: 3,255 MW
* Nuclear allocation: 362 MW
* RES: 1,889 MW
* Total: 7,470 MW.
ഗുജറാത്തിന്റെ മാതൃക പകർത്തണം എന്നതല്ല ചോദ്യം. ദീർഘകാല വൈദ്യുതി സംഭരണം, താപ/ആണവ ഊർജ്ജ വിഹിതം, പുനരുപയോഗ ഊർജ്ജ ശേഷി, സംഭരണം, ട്രാൻസ്മിഷൻ എന്നിവയെ ഏകീകൃതമായി ആസൂത്രണം ചെയ്യുന്ന ഊർജ്ജ നയം കേരളത്തിനുണ്ടോ എന്നതാണ് ചോദ്യം.
പുനരുപയോഗ ഊർജ്ജത്തിന്റെ തെറ്റായ ഉപയോഗം, വിന്യാസം:
കേരളം പുരപ്പുറ സോളാറിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. പക്ഷേ generation-നെ firm evening power ആക്കി മാറ്റാനുള്ള സംഭരണം, pumped storage, demand management എന്നിവയുടെ സ്കെയിൽ ഇപ്പോഴും ആവശ്യത്തിന് എത്തിയിട്ടില്ല. സൗരോർജ്ജ സംഭരണം ആരംഭിച്ചിട്ടുണ്ടെങ്കിലും, കേരളത്തിന്റെ evening peak-നെ ഗണ്യമായി അഡ്രസ് ചെയ്യാൻ നിലവിലെ സംഭരണ ശേഷി ഇപ്പോഴും അപര്യാപ്തമാണ്. അതിനാൽ അധിക ഉത്പാദനം സ്റ്റോർ ചെയ്തു രാത്രിയിൽ പീക്ക് ടൈം ഡിമാൻഡിൽ ആ സംഭരിച്ചു വച്ച വൈദ്യുതി ഉപയോഗിക്കാൻ നമുക്ക് കഴിയില്ല. ഇത്ര സിമ്പിൾ പ്രശ്നം പരിഹരിക്കാൻ പോലും നമുക്ക് പ്ലാനുകളോ പദ്ധതികളോ അറിയില്ല.
ഫലമോ പകൽ സോളാർ കൂടി ഉള്ളത് കൊണ്ട് വൈദ്യുതി കൂടുതൽ പക്ഷെ വൈദ്യുതി ഏറ്റവും വേണ്ട രാത്രിയിൽ പീക്ക് ഡിമാൻഡിൽ കടുത്ത ക്ഷാമവും.
ജനങ്ങൾക്ക് കോൺഗ്രസ്സിന്റെ യാഥാർത്ഥ ശിക്ഷ ഇനിയാണ് :
വർഷംതോറും ₹10,000 കോടിക്ക് മുകളിൽ വൈദ്യുതി വാങ്ങാൻ മാത്രം നമ്മൾ ചെലവാക്കുന്നു.
കേരളത്തിന്റെ വൈദ്യുതി സുരക്ഷയുടെ യഥാർത്ഥ ചിത്രം ഇതാണ്;
2024-25ൽ KSEBയുടെ സ്വന്തം net generation ഏകദേശം 7,300 MU ആയപ്പോൾ കേരളത്തിന്റെ periphery-യിൽ വാങ്ങിയ വൈദ്യുതി 25,300 MU-ലധികമായിരുന്നു — സ്വന്തം ഉൽപ്പാദനത്തിന്റെ ഏകദേശം 3.5 മടങ്ങ്. ഇതൊരു ചെറിയ ആശ്രയത്വമല്ല; ഭരണപരാജയം മൂലമുള്ള ദയനീയ ആശ്രയത്വം ആണ്.
മറ്റുള്ളവരിലേക്ക് ആശ്രയം കൂടുമ്പോൾ കൂടെ സർക്കാരിന്റെ ചെലവ് കൂടുന്നു. ചിലവ് കൂടുമ്പോൾ സ്വാഭാവികമായും നിരക്ക് കൂടുന്നു. നിരക്ക് കൂടുമ്പോൾ ജനങ്ങൾ വലയുന്നു. നമ്മൾ ഇടതനെ മാറ്റി മണ്ടന്മാരായ വലതനെ ജയിപ്പിക്കുന്നു. ഇത് തുടരുന്നു.
👉 ഒടുവിൽ ബാധിക്കപ്പെടുന്നത് ആരാണ് ?
കേരളത്തിലെ സാധാരണ ജനങ്ങളും ഇവിടെ ഉള്ള വ്യവസായവും. നല്ല വ്യവസായികൾ ഈ നാട് വിട്ട് ഓടി പോവുകയെ വഴിയുള്ളൂ.
ഒരു സംസ്ഥാനം എന്ന നിലക്ക് മുൻകൂട്ടി ബുദ്ധിപരമായി നമുക്ക് എന്ത് ചെയ്യാമായിരുന്നു?
👉 കുറഞ്ഞത് 1–2 വലിയ സ്ഥിര വൈദ്യുതി നിലയങ്ങൾ:
താപ / ആണവ വൈദ്യുതി നിലയങ്ങൾ.
കൽക്കരി കിട്ടാൻ ഇല്ലാ എന്നാണ് എങ്കിൽ ആണവ വൈദ്യുതിയും മാസ്സ് സോളാർ വൈദ്യുതി നിർമ്മാണ പദ്ധതിയും വേണം. സ്ഥിരമായ base-load capacityയും പുനരുപയോഗ ഊർജ്ജ സംഭരണ സംവിധാനങ്ങളും വികസിപ്പിച്ചാൽ പുറത്തുനിന്നുള്ള വൈദ്യുതിയിലുള്ള ആശ്രയം ഗണ്യമായി കുറയ്‌ക്കാൻ കഴിയുമായിരുന്നു.
👉 നീണ്ടുനിൽക്കുന്ന ഹൈഡൽ പദ്ധതികൾ വേഗം പൂർത്തിയാക്കുക.
അതിരപ്പിള്ളി, ഭൂതത്താൻകെട്ട് തുടങ്ങിയവ ഇപ്പോഴു എവിടെയും എത്തിയിട്ടില്ല. എന്ത് കൊണ്ട് ? ആരാണ് ചോദിക്കാൻ ഉള്ളത് ഇവിടെ ? നമ്മൾ നമ്പർ വൺ ആണല്ലോ .
44 നദികളുള്ള കേരളത്തിന് ജലവൈദ്യുത സാധ്യത പരിമിതിയില്ലാത്തതല്ല. എന്നാൽ CEA കണക്കാക്കിയ പ്രയോജനപ്പെടുത്താവുന്ന പരമ്പരാഗത ജലവൈദ്യുത സാധ്യത ഏകദേശം 2,473 MWയും pumped-storage potential ഏകദേശം 1,200 MWയും ആണ്. ലഭ്യമായ potential-ന്റെ എത്ര ഭാഗം സാമ്പത്തികമായും പരിസ്ഥിതിപരമായും പ്രായോഗികമായി വികസിപ്പിച്ചു എന്നതാണ് യഥാർത്ഥ ചോദ്യം. അതിനാൽ ഈ നാട്ടിൽ വൈദ്യുതി ഇല്ലായെങ്കിൽ അതിന് ഈ സംസ്ഥാനം ഉണ്ടായ അന്ന് മുതൽ ഭരണം നടത്തിയ സകലവനും പ്രതികൂട്ടിൽ ആണ്.
👉 സോളാർ എനർജിയും അതിന്റെ സംഭരണവും :
പകൽ ശേഖരിക്കുന്ന സോളാർ വൈദ്യുതി കൃത്യമായി ശാസ്ത്രീയമായി സംഭരിക്കാൻ സാധിച്ചാൽ പീക്ക് ഉപയോഗം ഉള്ള രാത്രി സമയത്ത് ആ സംഭരിച്ച വൈദ്യുതി നമുക്ക് ഉപയോഗിക്കാൻ സാധിക്കും. അപ്പോ പീക്ക് അവർസിൽ അവർ പറയുന്ന വിലക്ക് ശതകോടികൾ നൽകി കറണ്ട് വാങ്ങേണ്ട. അത് ലാഭം അല്ലെ. ?
2026ൽ തന്നെ കേരളത്തിന്റെ peak-hour demand 5,500–6,000 MW വരെ എത്തിയപ്പോൾ, ചില ഘട്ടങ്ങളിൽ ലഭ്യമായ SUPPLY ഏകദേശം 4,000 MW മാത്രമായിരുന്നു. അതായത് പ്രശ്നം വെറും വാർഷിക ഊർജ്ജക്ഷാമം അല്ല; പ്രത്യേകിച്ച് വൈകുന്നേരത്തെ peak-hour capacity shortage കൂടിയാണ്
👉 വൈദ്യുതി വാങ്ങാൻ ഉള്ള ദീർഘകാല കരാറുകൾ വേണം:
നമ്മൾ സ്വകാര്യ വൈദ്യുതി ഉത്പാദന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക. എന്നിട്ട് അവരിൽ നിന്ന് ദീർഘകാല കരാറിൽ ചെറിയ വിലക്ക് ദീർഘകാല അടിസ്ഥാനത്തിൽ വിപണി വിലയിൽ നിന്ന് കുറച്ചു വാങ്ങാൻ കരാർ ഉണ്ടാക്കണം.
👉 സ്മാർട്ട് ഗ്രിഡ് & ആവശ്യ നിയന്ത്രണം:
സമയക്ലിപ്തമായ വൈദ്യുതി നിയന്ത്രണം.
സമയ ബന്ധിതമായ താരിഫ്. അതായത് പീക്ക് മണിക്കൂറുകളിൽ സോളറിൽ നിന്നുള്ള കറണ്ട് ഉപയോഗിക്കാൻ സംവിധാനം ഉണ്ടാക്കുക. പകൽ IEX ന്റേം കേന്ദ്ര ഗ്രിഡും എല്ലാം കുറഞ്ഞ വിലക്ക് കിട്ടുമല്ലോ അത് ഉപയോഗിച്ച് കാര്യം കാണുക. നല്ല കിടിലൻ സ്മാർട്ട് മീറ്റർസ് വെക്കുക. സ്മാർട്ട് ഉപകരണങ്ങൾ സ്ഥാപിക്കുക. മൂവ്മെന്റ് ഇല്ലാത്ത സമയത്ത് തനിയെ ഷട്ട് ആവുന്ന വൈദ്യുതി ഉപകരണങ്ങൾ വേണം നമുക്ക്.
👉 കേരളത്തിനും വേണം ആണവ വൈദ്യുതി നിലയം :
കിഫ്‌ബി പോലുള്ള തട്ടിക്കൂട്ട് പറ്റിപ്പ് പരിപാടി നിർത്തി കേന്ദ്രസഹായത്തോടെ കേരളത്തിൽ ഒരു ആണവവൈദ്യുതി നിലയം സ്ഥാപിക്കാമല്ലോ. കൂടംകുളം പോലെ.
അങ്ങനെ നമ്മൾ വൈദ്യുതി വാങ്ങാൻ ഇപ്പോൾ നൽകുന്ന അധികം പണം ലാഭിച്ച്, ആ പണം കൊണ്ട് കേന്ദ്ര ലോൺ നമുക്ക് അടച്ചു തീർക്കാം. അതായത് സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന പദ്ധതിയിൽ നിന്നുള്ള പണം കൊണ്ട് കേന്ദ്രസർക്കാരിന്റെ ലോൺ അടക്കണം. അല്ലാതെ പെട്രോളിൽ നിന്ന് സെസ്സ് പിരിച്ചല്ല ലോൺ അടക്കേണ്ടത്. ലോൺ എടുത്തല്ല റോഡും പാലവും പണിയേണ്ടത്. ആ റോഡും പാലവും ഇങ്ങോട്ട് പണം തരില്ല. എങ്കിൽ ലോണിന്റെ പലിശ ആര് എവിടുന്നു അടക്കും? ഓരോ പദ്ധതിയും സ്വന്തം കാലിൽ നിൽക്കുന്ന തരത്തിൽ ആസൂത്രണം ചെയ്യണം.
ICU വിൽ ആയ കെഎസ്ഇബി
കേരളത്തിന്റെ പ്രശ്നം വൈദ്യുതി മാത്രം അല്ല, പണത്തിന്റെ കാര്യത്തിലും പ്രതിസന്ധി ഉണ്ട്.
സിഎജിയുടെ 2024-25 റിപ്പോർട്ട് പ്രകാരം 2015-16 മുതൽ 2024-25 വരെ കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് 101.2% ഉയർന്നു. അതേ കാലയളവിൽ KSEBLയുടെ മൊത്തം വായ്‌പകൾ 369.91% ഉയർന്ന് 13,884.73 കോടിയിലെത്തി.
👉 നമ്മുടെ കേരളത്തിന് വിഭവങ്ങളുടെ കുറവില്ല.
👉 കുറവ് ഉള്ളത് പ്ലാൻ ചെയ്യാനും നടപ്പാക്കാനും ഉള്ള വിവരവും കഴിവും ഉള്ളവർ ഭരണത്തിൽ ഇല്ലാത്തത് കൊവിവരം ഇല്ലാത്തവരാണ് നാളിതുവരെ കേരളം ഭരിച്ചത്. അതാണ് പ്രശ്നം. നമ്മുടെ കേരളത്തിലെ 44 നദികളിലെ വെള്ളവും 9 ജില്ലക്ക് കടൽ തീരവും സൂര്യന്റെ വെളിച്ചവും ഉള്ള ഒരു സംസ്ഥാനം ഇന്നും സ്വന്തം വൈദ്യുതിക്ക് വേണ്ടി മറ്റുള്ളവരെ നമ്പുന്നു എങ്കിൽ ആരുടെ തെറ്റാണ് അത്. ? എന്നിട്ട് ഞങ്ങൾ നമ്പർ വൺ ആണെന്ന് പറഞ്ഞു പത്രത്തിൽ കാശ് മുടക്കി പരസ്യം കൊടുക്കുന്നു.
ഇത് ഒരു വൈദ്യുതി പ്രശ്നം മാത്രമല്ല, LDF – UDF ഭരണ പരാജയത്തിന്റെ ഇരുട്ടിൽ ആണ് കേരളം തപ്പുന്നത്. ഇതെല്ലാം അതിന്റെ തെളിവാണ്.
എന്താണ് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം?
👉 കേരള എനർജി സെക്യൂരിറ്റി പ്രോജക്റ്റ് 2035:
കേരളത്തിന്റെ വൈദ്യുതി സുരക്ഷ ഉറപ്പാക്കണമെങ്കിൽ ഒറ്റപ്പെട്ട പദ്ധതികളല്ല, ഉൽപ്പാദനം + പ്രസരണം + സംഭരണം + ആവശ്യകതാ മാനേജ്‌മെന്റ് എന്നിവയെ ഏകോപിപ്പിച്ചുള്ള ദീർഘകാല ഊർജ്ജ സുരക്ഷാ പദ്ധതി ആണ് വേണ്ടത്. നിലവിലുള്ള സാമ്പത്തികമായും പരിസ്ഥിതിപരമായും പ്രായോഗികമായ ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം, നിലവിലുള്ള ജലസംഭരണികൾ ഉപയോഗപ്പെടുത്തി Pumped Storage Projects വേഗത്തിൽ നടപ്പാക്കണം. കേരളത്തിനകത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യതയും കേന്ദ്ര സർക്കാരുമായി ചേർന്ന് ഗൗരവമായി പരിശോധിക്കണം; കേരളത്തിന് നേരിട്ട് നിർമ്മിക്കാൻ കഴിയാത്ത പദ്ധതികളിൽ കേന്ദ്ര മേഖലയിൽ നിന്ന് ദീർഘകാല വൈദ്യുതി അനുവദിക്കൽ ഉറപ്പാക്കുന്നതും പരിഗണിക്കണം. അതോടൊപ്പം മേൽക്കൂരയിലെ സൗരോർജ്ജ സംവിധാനവും വൻകിട സൗരോർജ്ജ പദ്ധതിയും കൂടുതൽ വികസിപ്പിക്കുകയും, പകൽ ലഭിക്കുന്ന അധിക സൗരോർജ്ജം വൈകുന്നേരവും രാത്രിയും ഉപയോഗിക്കാൻ ബാറ്ററി ഊർജ്ജ സംഭരണ സംവിധാനങ്ങൾ (BESS), Pumped Storage എന്നിവയുടെ ശേഷി വലിയ തോതിൽ വർധിപ്പിക്കുകയും വേണം.
വൈദ്യുതി വാങ്ങുന്നതിൽ ഹ്രസ്വകാല വൈദ്യുതി കൈമാറ്റത്തെ അമിതമായി ആശ്രയിക്കുന്നതിന് പകരം, സുതാര്യവും മത്സരാധിഷ്ഠിതവുമായ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ (PPAs) വഴി സ്ഥിരമായ നിരക്കിൽ വൈദ്യുതി ഉറപ്പാക്കണം. അതോടൊപ്പം സ്മാർട്ട് ഗ്രിഡ്, സ്മാർട്ട് മീറ്റർ, സമയ-അധിഷ്ഠിത താരിഫ്, ഡിമാൻഡ് റെസ്‌പോൺസ് തുടങ്ങിയ സംവിധാനങ്ങൾ വ്യാപകമാക്കി peak-hour demand നിയന്ത്രിക്കണം. ഏറ്റവും പ്രധാനമായി, പുതിയ ഉൽപ്പാദന ശേഷി ഉണ്ടാക്കുന്നതിന് ഒപ്പം അതിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള പ്രസരണ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുകയും വേണം. ഇതെല്ലാം ഒരുമിച്ച് നടപ്പാക്കുന്ന ഒരു കേരള ഊർജ്ജ സുരക്ഷാ ദൗത്യം 2035 ആണ് കേരളത്തിന് ആവശ്യമായത് — ഓരോ വേനലിലും വൈദ്യുതി വാങ്ങാൻ അടിയന്തരമായി ഓടുന്ന സംവിധാനമല്ല, അടുത്ത 10–15 വർഷത്തെ വൈദ്യുതി ആവശ്യകത മുൻകൂട്ടി കണക്കാക്കി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു ദീർഘകാല ഊർജ്ജ സുരക്ഷാ പദ്ധതി ആണ് കേരളത്തിന് വേണ്ടത്.
നമ്മുടെ പ്രശ്നങ്ങൾ പഠിച്ചു മനസിലാക്കി വെളിവും ബോധ്യവും പഠിപ്പും ഉള്ളവരെ മലയാളികൾ ഇത് വരെ വോട്ട് ചെയ്തു ജയിപ്പിച്ചിട്ടില്ല. അവർ ജയിപ്പിച്ചത് “സ്വിച്ചിട്ടാൽ കറണ്ട് വരുന്നുണ്ടല്ലോ, ആ അത് മതി” എന്ന് ലയൺ സിനിമയിൽ പറയുന്ന രാഷ്‌ട്രീയക്കാരായ മന്ത്രിമാരെ ആണ്. ഒരു നിതിൻ ഗഡ്കരിയെ, ഒരു പിയുഷ് ഗോയലിനെ, ഒരു അശ്വനി വൈഷ്ണവിനെ, ഒരു ഹർഷ് സംഘവിയെ ഒന്നും മലയാളിക്ക് അറിയില്ല. അതാണ് കേരളം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി. നമ്മൾ നമ്പർ വൺ ആണ്, കാരണം ഈ മത്സരത്തിൽ നമ്മൾ അല്ലാതെ വേറേ ആരുമില്ല. ബാക്കി എല്ലാവരും ഏറെ മുന്നിലേക്ക് പോയിരിക്കുന്നു.
















