ഇടുക്കി: സത്രം എയര്‍ സ്ട്രിപ്പിന്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ധാരണ. വനം-റവന്യു വകുപ്പുകള്‍ തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 6.5 ഏക്കര്‍ സത്രത്തില്‍ വനംവകുപ്പ് വിട്ടുനല്‍കും.
പകരം അതേ അളവില്‍ ഭൂമി റവന്യു വകുപ്പ് മറ്റൊരിടത്ത് കൈമാറും. വനംവകുപ്പിന്റെ എതിര്‍പ്പു മൂലം മൂന്ന് വര്‍ഷത്തിലധികമായി പണി മുടങ്ങിക്കിടക്കുകയായിരുന്നു. എന്‍സിസിയുടെ എയര്‍ വിങ് കേഡറ്റുകള്‍ക്കു വിമാനം പറത്താന്‍ പരിശീലനം നല്‍കാനാണ് സത്രത്തില്‍ എയര്‍ സ്ട്രിപ് നിര്‍മ്മിച്ചത്. 800 മീറ്റര്‍ റണ്‍വേയും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഹാങ്ങറും വാച്ച് ടവറുമൊക്കെ പൂര്‍ത്തിയായിരുന്നു. വ്യോമസേനയുടെ ചെറുവിമാനവും, ഹെലിക്കോപ്റ്ററും പരീക്ഷണ ലാന്‍ഡിങ് വിജയകരമായി നടത്തുകയും ചെയ്തു.
ഇതിനിടെ കനത്ത മഴയില്‍ റണ്‍വേയുടെ ഷോള്‍ഡറിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയി. ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നതു വനം വകുപ്പ് തടഞ്ഞു. എയര്‍ സ്ട്രിപ്പിലേക്കുള്ള റോഡില്‍ 400 മീറ്റര്‍ ടാറിങ് നടത്താനും വനംവകുപ്പ് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് എയര്‍ സ്ട്രിപ് നിര്‍മ്മാണം സ്തംഭിച്ചത്.
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 24 കോടി രൂപ എന്‍സിസി സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. ഇതില്‍ 14 കോടി രൂപ ഇതുവരെ ചെലവായി. ഇടിഞ്ഞുപോയ സംരക്ഷണ’ഭിത്തി നിര്‍മ്മിക്കാന്‍ മണ്ണു പരിശോധനക്ക് പൊതുമരാമത്ത് വകുപ്പിനോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എയര്‍ സ്ട്രിപ്പിനോട് അനുബന്ധിച്ച് ഡ്രോണ്‍ സ്‌റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിംഗ് സെന്ററും തുടങ്ങാന്‍ എന്‍സിസി തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇടുക്കിയുടെ വിനോദസഞ്ചാര, ദുരന്തനിവാരണ മേഖലകള്‍ക്കും വലിയൊരു മുന്നേറ്റമായി സത്രം എയര്‍സ്ട്രിപ്പ് മാറും. സിറിയക് തോമസ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ ഡോ. ദിനേശ് ചെറുവാട്ട്, കോട്ടയം ഡിഎഫ്ഒ പ്രഭുല്‍ അഗര്‍വാള്‍, പൊതുമരാമത്ത് എക്‌സി. എഞ്ചിനീയര്‍ പി.കെ. ധന്യ, സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്. ബിനു എന്നിവര്‍ പങ്കെടുത്തു.
















