
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പേരുകൾ ഉള്ളതുകൊണ്ടാണ് യുഡിഎഫ് സർക്കാർ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി സ്വീകരിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഷ്‌ട്രീയ സൗകര്യത്തിനനുസരിച്ച് അന്വേഷണവും നിയമനടപടികളും തീരുമാനിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടും വി.ഡി. സതീശൻ സർക്കാർ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്ന് ജനങ്ങളോട് വ്യക്തമാക്കണം. മാസപ്പടി കേസിൽ പണം വാങ്ങിയവരുടെ പട്ടികയിൽ കോൺഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഉൾപ്പെടുന്നതുകൊണ്ടാണോ പിണറായി വിജയനെതിരെ നടപടിയെടുക്കാൻ യുഡിഎഫ് സർക്കാർ മടിക്കുന്നത്? ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം.
പിണറായി വിജയനെതിരെ നടപടി സ്വീകരിച്ചാൽ അതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതം കോൺഗ്രസിനും മുസ്ലിം ലീഗിനും ഉണ്ടാകുമെന്ന ഭയമാണോ യുഡിഎഫ് സർക്കാരിനുള്ളത്? അങ്ങനെയാണെങ്കിൽ അത് രാഷ്‌ട്രീയ ഒത്തുതീർപ്പാണ്. അഴിമതി കേസുകളിൽ ആരാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനോ നിർത്തിവയ്‌ക്കാനോ പാടില്ല.
അന്വേഷണം പിണറായി വിജയനിലേക്കെത്തുമ്പോൾ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പേരുകൾ ഉയരുന്നു എന്ന കാരണത്താൽ അന്വേഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. അഴിമതിക്കെതിരെ നിയമം ഒരുപോലെ ബാധകമാകണം.
അതുപോലെ ഹവാലാ ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണം. ഹവാലാ കേസിൽ അന്വേഷണം മുന്നോട്ടുപോയാൽ മുസ്ലിം ലീഗ് നേതാക്കൾ പ്രതിക്കൂട്ടിലാകുമെന്ന രാഷ്‌ട്രീയ ഭയമാണോ യുഡിഎഫ് സർക്കാരിനെ പിന്നോട്ടടിപ്പിക്കുന്നത് എന്നും വ്യക്തമാക്കണം.
അഴിമതി കേസുകളിൽ രാഷ്‌ട്രീയ സൗകര്യം നോക്കി നടപടി സ്വീകരിക്കുന്നതല്ല നിയമവാഴ്ച. ആരായാലും, ഏത് പാർട്ടിക്കാരനായാലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാഷ്‌ട്രീയ ബന്ധങ്ങളുടെ പേരിൽ ആരെയും സംരക്ഷിക്കാൻ ബിജെപി അനുവദിക്കില്ല.
പത്ത് വർഷം അധികാരത്തിലിരുന്ന സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഇപ്പോൾ തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, അതിനെ രാഷ്‌ട്രീയ ഒത്തുതീർപ്പിലൂടെ മറച്ചുവയ്‌ക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല. രാഷ്‌ട്രീയ അഴിമതിക്ക് ബിജെപിയുടെ നിലപാട് സീറോ ടോളറൻസാണ്.
മാസപ്പടി കേസിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും എന്തെങ്കിലും മറച്ചുവയ്‌ക്കാനുണ്ടോ? പിണറായി വിജയനെതിരെ നടപടി എടുക്കാത്തതിന് യുഡിഎഫ് സർക്കാരിന്റെ രാഷ്‌ട്രീയ കാരണം എന്താണ്? ഈ ചോദ്യങ്ങൾക്ക് വി.ഡി. സതീശൻ മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.