ഗുരുവായൂർ ; ഏകാദശിക്കു കണ്ണന് മുന്നിൽ ഇനി ‘കോടതിവിളക്ക്’ ഇല്ല. പകരം ‘നീതിവിളക്ക്’ തെളിയും. കോടതിവിളക്കെന്ന പേരിൽ ആഘോഷിക്കുന്നത് ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ലഭിച്ച പരാതിയിൽ, ‘കോടതിവിളക്ക്’ എന്ന പേരിനു പകരം സാധ്യമെങ്കിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് ദേവസ്വം മറ്റൊരു പേര് കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് സംഘാടകരുടെ കൂടി നിർദേശം പരിഗണിച്ച് പേര് ‘നീതിവിളക്ക്’ എന്നാക്കി മാറ്റാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ അറിയിച്ചു.
നവംബറിലാണ് ഇക്കൊല്ലത്തെ ഏകാദശി. ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും 30 ദിവസം ‘വിളക്കുകൾ’ നടത്തുക പതിവാണ്. ന്യായാധിപർ, അഡ്വക്കറ്റ് ക്ലാർക്കുമാർ എന്നിവരുടെ സഹകരണത്തോടെ അഭിഭാഷകരുടെ ‘കോർട്ട് വിളക്ക് സെലിബ്രേഷൻ കമ്മിറ്റി’യാണ് ‘കോടതിവിളക്ക്’ നടത്തുന്നത്. ‘ചാവക്കാട് മുൻസിഫ് കോടതി വിളക്ക്’ എന്നാണിതിനു ദേവസ്വം രേഖകളിലുള്ള പേര്. ഇതിനു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
എന്നാൽ കോടതിവിളക്ക് എന്ന പദം ഇതിന് ഉപയോഗിക്കരുതെന്ന് 2022ൽ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്ന് പേരുമാറ്റാൻ നിർദേശിച്ചിരുന്നു. മതനിരപേക്ഷ സമൂഹത്തിൽ കോടതിവിളക്കെന്ന പേരിൽ ഒരു ചടങ്ങ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നും ഇതിൽ നടപടി വേണമെന്നുമായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ തുടർന്നുള്ള വർഷങ്ങളിലും ഇതേ പേര് ഉപയോഗിക്കുകയായിരുന്നു.
















