ഗണേശോത്സവം ഭാരതത്തിലുടനീളം ആഘോഷിക്കുന്നതാകയാല്‍ ദേശീയോത്സവമാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിലാണ് ഈ ആഘോഷം. വിഘ്നേശ്വരനായ ഗണപതിയുടെ വിഗ്രഹമുണ്ടാക്കി പൂജ ചെയ്ത് ജലത്തില്‍ നിമജ്ജനം ചെയ്യുന്ന ചടങ്ങാണ് ആഘോഷത്തിലെ പ്രധാന ഇനം. എല്ലാ പ്രതിബന്ധളിലും ആശ്രയിക്കുക വിഘ്നേശ്വരനെയാണ്. എല്ലാ അദ്ധ്യാത്മിക കര്‍മ്മങ്ങളും ഗണപതിയെ വന്ദിച്ചാണ് തുടങ്ങുക. വേദത്തില്‍ വിനായകനെ ഗണങ്ങളുടെ പതിയായും ബ്രഹ്‌മണസ്പതിയായും ജ്യേഷ്ഠരാജനായും വിശദമാക്കുന്നുണ്ട്.
‘ഗണാനാം ത്വാ ഗണപതീം ഹവാമഹേ
കവിം കവീനാമുപമശ്രവസ്തമം
ജ്യേഷ്ഠരാജം ബ്രഹ്‌മണാം ബ്രഹ്‌മണസ്പത
ആ നാശൃണ്വന്നുതിഭിഃ സീദ സാദനം.’
കവികളില്‍ കവിയും അനുപമമായ കീര്‍ത്തിയോടുകൂടിയവനും വേദപതിയുമെല്ലാമായ ഗണേശനെ യജ്ഞശാലയിലേക്ക് ആദരപൂര്‍വ്വം ക്ഷണിക്കുകയാണ് ഈ മന്ത്രത്തിലൂടെ.
ഭാരതത്തിലുടനീളവും പുറത്തുള്ള നിരവധി രാജ്യങ്ങളിലും ഇത്രമേല്‍ പ്രസിദ്ധി നേടിയ മറ്റൊരു ദേവനും ഇല്ലതന്നെ. ആനത്തലയും കുറുകിയ മനുഷ്യശരീരവും കുംഭയും ചതുര്‍ബാഹുക്കളുംകൊണ്ട് വിചിത്രാകൃതിയിലുള്ള ഈ രൂപം മാലോകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഗണപതിയുടെ പ്രതിമയും ചിത്രങ്ങളും വ്യത്യസ്ത രൂപഭാവങ്ങളില്‍ ആണ്ടോടാണ്ട് വരുമ്പോള്‍ വളരരെവേഗം ജനങ്ങള്‍ അവയെ ഏറ്റുവാങ്ങുന്നു. ഗണേശനെ ആളുകള്‍ ഇഷ്ടപ്പെടുന്നത് രൂപഭംഗികൊണ്ടും ആ രൂപം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ ഗാംഭീര്യംകൊണ്ടുമാണ്. വേദശാസ്ത്രാദികള്‍ക്ക് അധികാരികളായ ഭാരതീയ ഋഷിപരമ്പര തന്നെയാണ് ഗണപതിക്കും രൂപഭാവങ്ങള്‍ നല്‍കി അനുയോജ്യമായ പുരാണകഥകള്‍ വിശദീകരിച്ചത്.
ലോകത്താകമാനം ഇത്രയും ആരാധിക്കപ്പെടുന്ന മറ്റൊരു ദേവതയില്ല. അഫ്ഗാന്‍, നേപ്പാള്‍, തിബറ്റ്, ഭൂട്ടാന്‍, മംഗോളിയ, ശ്രീലങ്ക, മ്യാന്മാര്‍, ഇന്തോനേഷ്യ, ചൈന, ജപ്പാന്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലല്ലാം ഗണപതി ആരാധനയുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ഗണപതിവിഗ്രഹങ്ങളും ചിത്രങ്ങളും ലിഖിതങ്ങളുമൊക്കെ തെളിവായി കിട്ടിയിട്ടുമുണ്ട്. ക്രിസ്തുവിന് ആറ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബാങ്കോങ്ങിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ ഗണേശവിഗ്രഹം ഉണ്ടായിരുന്നതിന്റെ തെളിവുകളുണ്ട്. ആനയുടെ തലയും മനുഷ്യന്റെ ഉടലും ആടയാഭരണങ്ങളും ചതുര്‍ബാഹുക്കളും അരയില്‍ പാമ്പിന്റെ അരപ്പട്ടയും നാലുകൈകളില്‍ തോട്ടിയും കയറും ഒടിഞ്ഞ തന്റെതന്നെ കൊമ്പും മോദകവും. വാഹനമാകട്ടെ ചുണ്ടെലിയും. വിനായകന്‍, ഗജാനന്‍, ലംബോദരന്‍, ഏകദന്തന്‍, വിഘ്‌നരാജന്‍, ഗണാധിപന്‍, ശൂര്‍പ്പകര്‍ണ്ണന്‍ തുടങ്ങി നിരവധി പേരുകളിലും ഈ ദേവന്‍ അറിയപ്പെടുന്നു.
അംഗപ്രത്യംഗം ആശയങ്ങളുടെ പ്രതീകമാണ് ഗണേശന്‍. ഓംകാരസ്വരൂപനും ബ്രഹ്‌മത്വത്തിന്റെ പ്രതീകവുമെന്നതാണ് ഗണപതിയുടെ സവിശേഷത. ദേവനാഗരലിപിയിലൂടെ വരയ്‌ക്കപ്പെടുന്ന ഒരു രേഖാചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് ഗണേശരൂപമാണെന്ന് കാണാന്‍ കഴിയും. ശബ്ദബ്രഹ്‌മമാണല്ലോ ഓംകാരം. ബ്രഹ്‌മതത്ത്വപ്രതീകമായ ദേവതാസങ്കല്പമാണ് ഗണപതിയുടേത്. നര-ഗജ രൂപമാണത്.
തത്ത്വമസി മഹാവാക്യത്തെ ഗണപതി എങ്ങനെയാണ് പ്രതിനിധാനം ചെയ്യുക എന്നുനോക്കാം. തത്+ത്വം+അസി = തത്ത്വമസി. തത് പരമാത്മാവിനേയും ത്വം ജീവാത്മാവിനേയും പ്രകടമാക്കുന്നു. ത്വം ജീവാത്മാവ് എന്നത് നരന്‍. തത്പദത്തിനര്‍ത്ഥം പരമാത്മാവ്, ഇവിടെ ഗജം. എല്ലാം യാതൊന്നിലേക്കാണോ ഗമിക്കുന്നത്, യോഗികള്‍ ധ്യാനത്തിലൂടെ ഏതൊരു ബ്രഹ്‌മത്തെയാണോ പ്രാപിക്കുന്നത് ആ’ഗ’മനം ‘ഗ’. യാതൊന്നില്‍ നിന്നാണോ സര്‍വ്വവും ജനിക്കുന്നത് അത് ‘ജ.’ ഗമനവും ജനനവും ബ്രഹ്‌മതത്ത്വത്തെ സൂചിപ്പിക്കുന്നു. അതായത് ഗജമുഖന്‍ ബ്രഹ്‌മതത്ത്വപ്രതീകമാണ്. ഗണാനാം പതിയുമാണ്.
വിനായകചതുര്‍ത്ഥി അതിപ്രാചീനകാലം മുതല്‍ ആഘോഷിച്ചുവരുന്നതാണ്. എന്നാല്‍ ഭാരതം ബ്രിട്ടീഷ് അടിമത്തത്തില്‍ ആണ്ടുപോയ സമയത്ത് ജനങ്ങളെ കര്‍മ്മോത്സുകരാക്കി ഉണര്‍ത്തിയെടുക്കുന്നതിന് വിഘ്‌നേശ്വരപൂജയിലൂടെ സാധിക്കുമെന്ന് ബാലഗംഗാധര തിലകനെ പോലെയുള്ളവര്‍ ചിന്തിച്ചു. ഹൈന്ദവോത്സവങ്ങളിലൂടെ ഹിന്ദുജാഗരണം എന്നത് വിനായക ചതുര്‍ത്ഥി ആഘോഷത്തിലൂടെ സാധിച്ചെടുത്തു.
വിനായക ചതുര്‍ത്ഥിയില്‍ ചന്ദ്രദര്‍ശനം നിഷിദ്ധം
ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി ശ്രാവണകൃഷ്ണ ചതുര്‍ത്ഥിയെന്ന് അറിയപ്പെടുന്നു. അന്ന് ചന്ദ്രനെ കാണാന്‍ പാടില്ല എന്നതിന് ഒരു പുരാണകഥയുമുണ്ട്. ഒരിക്കല്‍ ഗണപതി സ്വര്‍ഗ്ഗലോകത്ത് ഒരു ആഘോഷത്തിനുപോയി. വിഭവസമൃദ്ധമായ ഒരു സദ്യയും അവിടെ ഏര്‍പ്പെടുത്തിയിരുന്നു. സ്വാദിഷ്ടമായ ഭക്ഷണം ആവുന്നിടത്തോളം കഴിച്ചു.(ഭക്ഷണപ്രിയനാണ് ഗണപതിയെന്ന് കുബേരന്റെ സദ്യയില്‍ പങ്കെടുത്ത കഥയുമുണ്ട്). കുംഭനിറഞ്ഞു വീര്‍ത്തു. എഴുന്നേറ്റുനടക്കുമ്പേമ്പോള്‍ കാലുവെയ്‌ക്കേണ്ടിടത്ത് കണ്ണ് എത്തുന്നില്ല. ഉറയ്‌ക്കാത്ത കാലുമായി പടിപ്പുരവാതിക്കലെത്തി വാതില്‍പ്പടിയില്‍ കാല്‍തട്ടി ഒന്നുവീണു. ഗണപതിയുടെ വരവും വീഴ്ചയും കാവല്‍ക്കരാനായി നിന്ന ചന്ദ്രന് രസമായിത്തോന്നി. ചന്ദ്രന്‍ പൊട്ടിച്ചിരിച്ചു. ഇത് ഗണപതിക്ക് ഇഷ്ടമായില്ല. ഗണപതി കോപാകുലനായി ചന്ദ്രനെ ശപിച്ചു: ‘ഈ ദിവസം നിന്നെ കാണുന്നവരെല്ലാം കള്ളനെന്ന പേരുദോഷം നേടും.” ഈ കഥയുടെ പൊരുളെന്തുതന്നെയായാലും ചിങ്ങമാസ കൃഷ്ണപക്ഷ ചതുര്‍ത്ഥിയില്‍ ഭക്തര്‍ ചന്ദ്രനെ നോക്കാറില്ല.
ഗണപതി ജ്ഞാനത്തിന്റെ-വേദാന്തവിദ്യയുടെ സ്വാമിയാണ്. മനസ്സിനെ നശിപ്പിക്കാതെ വേദാന്തജ്ഞാനം സാക്ഷാത്ക്കരിക്കുക സാധ്യമല്ല. അതിനാല്‍ മനോദേവതയായ ചന്ദ്രനെ ഒഴിവാക്കിയാണ് ജ്ഞാനത്തിന് ശ്രമിക്കേണ്ടത്. മനസ്സിന്റെ ആധിപത്യമാണ് ചന്ദ്രനുള്ളത് എന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
ജന്മരഹിതന്റെ പിറന്നാള്‍
സനാതനനായ ദേവന് ജന്മമില്ല. എങ്കിലും വിനായകചതുര്‍ത്ഥി ദിനം ഗണപതിയുടെ പിറന്നാളായാണ് ഭക്തര്‍ കൊണ്ടാടുന്നത്. ധാരാളം പുരാണകഥകളിലൂടെയാണ് ഓരോ ദേവതയേയും വിശേഷിപ്പിക്കുന്നത്. ഗണപതിയുടെ ജനനം, ഗജമുഖനായത്, കുബേരന്റെ അതിഥിയായത്, ഗണപതിയുടെ ഒരു കൊമ്പ് നഷ്ടമായത്, മഹാഭാരതം എഴുതി എടുത്തത്, സിദ്ധി-ബുദ്ധി പത്നിമാരുള്ളത് തുടങ്ങി നിരവധി പുരാണകഥകളിലൂടെ ഈ ദേവത മനുഷ്യമനസ്സില്‍ സ്ഥാനംപിടിക്കുന്നു.
മൂലാധാരത്തിന്റെ ദേവത
ഷഡാധാരങ്ങളില്‍ മൂലാധാരത്തിന്റെ ദേവതയാണ് ഗണപതി. കുണ്ഡലിനീശക്തി മൂന്നരച്ചുറ്റായി സ്ഥിതിചെയ്യുന്ന ശ്രോണീദേശമാണ് ആനത്തലയായി വിഭാവനം ചെയ്തിരിക്കുന്നത്. മൂലാധാരത്തില്‍ നിന്ന് മുകളിലേയ്‌ക്കുള്ള സുഷുമ്‌ന തുമ്പിക്കൈയ്യ്. ദ്വൈത ഭാവനയാണ് രണ്ട് കൊമ്പുകള്‍. സദാ ചലനസ്വഭാവമുള്ള മനസ്സിന്റെ രണ്ട് മണ്ഡലങ്ങള്‍ രണ്ടുചെവികള്‍. എത്രയായാലും തൃപ്തിവരാത്ത കുംഭോദരം കര്‍മ്മവാസനകള്‍. സ്ഥാനത്തും അസ്ഥാനത്തും നിഗൂഢമാര്‍ഗ്ഗേണ സഞ്ചരിച്ച് ഭോഗം നുകരുന്ന ഇന്ദ്രിയവാസനകള്‍ എലി, വാഹനം. വിപുലമായ അര്‍ത്ഥത്തില്‍ മനുഷ്യന്റെ ഉള്ളിലിരുന്ന് അവനറിയാതെ മൂഷികനെപോലെ നാമരൂപാത്മകമായ ജഗത്തില്‍ നിന്ന് ഭോഗങ്ങളെയെല്ലാം ഭുജിക്കുന്ന (ഓരോ ജിവനും താനാണ് ഭോക്താവെന്നു കരുതുന്ന) യഥാര്‍ത്ഥ ഭോക്താവായ ഈശ്വരന്‍- സര്‍വ്വവ്യാപിയായ ബ്രഹ്‌മംതന്നെയാണ് മൂഷികന്‍. സര്‍വ്വവ്യാപിക്ക് എല്ലായിടത്തും എല്ലാത്തിനേയും വഹിക്കുന്നതിനുള്ള കഴിവുണ്ടല്ലോ.
ഗണപതിയുടെ വിവിധ ഭാവത്തിലുള്ള പ്രതിഷ്ഠകള്‍ പല ക്ഷേത്രങ്ങളിലുമുണ്ട്. ബാലഗണപതി, തരുണഗണപതി, സിംഹാരൂഢനായ പഞ്ചമുഖഗണപതി, നൃത്തഗണപതി എന്നിവയാണ് പ്രധാനമായുള്ളത്.
ഏത്തമിടല്‍ എന്ന ഗണപതിവന്ദനം
ഏത്തമിടലാണ് ഗണപതിവന്ദനം. കാതുകളില്‍ കൈകള്‍ പിണച്ചു പിടിച്ച്, ഇടതുകാല്‍മുട്ടില്‍ വലതുകാല്‍ ഉയര്‍ത്തിവെച്ച് കുനിഞ്ഞ് നിവരുകയും കൈകള്‍ ചുരുട്ടി ഇരുചെവികള്‍ക്ക് മുമ്പിലിടിക്കുന്നതുമായ ഒരു പ്രത്യേക രീതിയാണിത്. കുനിഞ്ഞുനിവരുന്നത് കുണ്ഡലിനിയെ ചലിപ്പിക്കുന്നതിനും കാതില്‍പിടിക്കുന്നതു മനസ്സിന്റെ രണ്ട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതിനുമാണ്. ഏത്തമിടല്‍ കുറഞ്ഞത് പന്ത്രണ്ട് പ്രാവശ്യം വേണമെന്നും പറയുന്നുണ്ട്. അതിനു കാരണം ശിരസില്‍ സഹസ്രാരത്തിലെ ദ്വാദശാന്ത പത്മസ്ഥമായിട്ടുള്ള ശിവസ്ഥാനത്തെ ഉദ്ദേശിച്ചാണ്.
‘ഏകം വിനായകെ കുര്യാല്‍
ദേ സൂര്യേ ത്രീണിശങ്കരേ’ എന്നതുപ്രകാരം ഗണപതിക്ക് പ്രദക്ഷിണസംഖ്യ ഒന്നാണ്. മുരാരി പ്രമുഖാദ്യുപാസിതവും മൂലാധാരക്ഷേത്ര സ്ഥിതവും പ്രണവസ്വരൂപവുമായ വിഘനേശ്വരന്‍ ഹൈന്ദവ ആരാധനാക്രമങ്ങളില്‍ പ്രഥമസ്ഥാനത്താണ്. വിനായകചതുര്‍ത്ഥി വ്രതം സര്‍വ്വ ദുഃഖഹരമാണെന്ന് കരുതപ്പെടുന്നു. ധര്‍മ്മപുത്രര്‍ ഗണേശചതുര്‍ത്ഥി വ്രതം അനുഷ്ഠിച്ച് വിശ്വചക്രവര്‍ത്തിയായതായും ശിവപാര്‍വ്വതീ വിവാഹത്തിനായി പാര്‍വ്വതീദേവി ഗണേശചതുര്‍ത്ഥി വ്രതം ആചരിച്ചതായും വിശ്വാസമുണ്ട്.
ഹോമങ്ങളില്‍ പ്രധാനം ഗണപതിഹോമം
ഗണേശവിഗ്രഹം മണ്ഡപത്തില്‍ സ്ഥാപിച്ചു പൂജിക്കുക, ഗണപതിഹോമം നടത്തുക, പകല്‍ നിരാഹാരവ്രതം അനുഷ്ഠിച്ച് ഗണപതി സ്മരണയും കീര്‍ത്തനാദികളുംകൊണ്ട് മനോനിയന്ത്രണം ചെയ്യണം. മോദകം, ലഡു തുടങ്ങിയവ പൂജയ്‌ക്ക് ഉപയോഗിക്കാറുണ്ട്. ഗണപതിക്ഷേത്ര ദര്‍ശനം, ഗണേശകഥാശ്രവണം, ഗണേശകീര്‍ത്തനം, ജപം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്കുശേഷം വിഗ്രഹ നിമജ്ജനത്തോടെ ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണ് സാധാരണ പതിവ്. ഒരിക്കലൂണോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. പഞ്ചശുദ്ധികള്‍ വ്രതത്തിന്റെ ഭാഗമാണ്. അവയില്‍ മനഃശുദ്ധിക്കാണ് ഏറെ
പ്രാധാന്യമുള്ളത്.
താന്ത്രികവിധിപ്രകാരം നിരവധിയായ ഹോമങ്ങളുണ്ടെങ്കിലും അവയിലൊക്കെയും പ്രാധാന്യം ഗണപതിഹോമത്തിനുണ്ട്. ദേവാ ലയങ്ങളിലെല്ലാംതന്നെ അതിരാവിലെ ഗണപതിഹോമം നടത്തുന്നു. തനിക്ക് പ്രിയപ്പെട്ടതെല്ലാം അഗ്നിയില്‍ ഹോമിക്കുകയാണ്. സര്‍വ്വദേവതാസ്വരൂപമാണ് അഗ്നി. സുഗന്ധവസ്തുക്കളും ഔഷധവസ്തുക്കളും ഭക്ഷ്യഗുണപ്രധാനമായ വസ്തുക്കളും ഹോമിക്കപ്പെടുന്നു. സുഗന്ധ ഔഷധഗുണമേറിയ ഗണപതിഹോമത്തിലെ പുക വളരെ വിസ്തൃതമായ പ്രദേശങ്ങളിലെ അന്തരീക്ഷശുദ്ധീകരണത്തിന് ഉപകരിക്കുന്നു.
















