തിരുവനന്തപുരം: കടല്‍ത്തിരമാലകളില്‍ നിന്ന് ഹരിത ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് ആരംഭിച്ച ഏഷ്യയിലെ ആദ്യത്തെ പൈലറ്റ് തിരമാല വൈദ്യുതി പദ്ധതി അനക്കറ്റ നിലയില്‍. വന്‍പ്രതീക്ഷകളോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തുടക്കം കുറിച്ച ഈ പദ്ധതിയാണ് ആവശ്യമായ പരിപാലനവും സാങ്കേതിക പിന്തുണയും ലഭിക്കാതെ നിര്‍ജീവമായത്.
വിഴിഞ്ഞം കടല്‍ത്തീരത്ത് സ്ഥാപിച്ച പരീക്ഷണാത്മക വേവ് എനര്‍ജി പ്ലാന്റില്‍ നിന്ന് ആദ്യമായി വിജയകരമായി വൈദ്യുതി ഉത്പാദിപ്പിച്ചത് 1991ലാണ്.
ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെ വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍ സംവിധാനത്തിലൂടെയായിരുന്നു ഊര്‍ജ്ജോത്പാദനം ലക്ഷ്യമിട്ടിരുന്നത്.
തിരമാലകളുടെ കയറ്റിറക്കങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വായുസമ്മര്‍ദ്ദം ഉപയോഗിച്ച് ‘ഓസ്‌സിലേറ്റിംഗ് വാട്ടര്‍ കോളം’ സാങ്കേതികവിദ്യ വഴി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചായിരുന്നു വൈദ്യുതി നിര്‍മ്മിച്ചിരുന്നത്.
ഒരു ഘട്ടത്തില്‍ വിജയകരമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിഴിഞ്ഞം ലൈറ്റ് ഹൗസിലേക്ക് നല്‍കാന്‍ പദ്ധതിക്ക് സാധിച്ചിരുന്നു. എന്നാല്‍ കടല്‍വെള്ളത്തിന്റെ ക്ഷാരത മൂലം യന്ത്രഭാഗങ്ങള്‍ക്കുണ്ടായ തുരുമ്പെടുപ്പും, ശക്തമായ കടലാക്രമണങ്ങളില്‍ ഉണ്ടായ തകരാറുകളും പദ്ധതിക്ക് തിരിച്ചടിയായി. പരീക്ഷണ ഘട്ടത്തിന് ശേഷം തുടര്‍ ഫണ്ട് ലഭ്യമാകാതിരുന്നതും ആവശ്യമായ സാങ്കേതിക നവീകരണങ്ങള്‍ നടത്താത്തതും പദ്ധതി പൂര്‍ണ്ണമായും സ്തംഭിക്കാന്‍ കാരണമായി.
പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാമായിരുന്ന ഈ നാഴികക്കല്ല് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നടപടിയില്ലെന്നത് പ്രദേശവാസികളിലും ശാസ്ത്രലോകത്തും വലിയ നിരാശ ഉണ്ടാക്കുന്നു. കാലഘട്ടത്തിന് അനുസൃതമായ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജം എന്ന ലക്ഷ്യത്തോടെ കല്‍ക്കരി മറ്റ് ഇന്ധനങ്ങളോ ഇല്ലാതെ പൂര്‍ണ്ണമായും ഹരിതോര്‍ജ്ജം ഉത്പാദിപ്പിക്കാമെന്നതായിരുന്നു പദ്ധതിയുടെ പ്രധാനലക്ഷ്യം.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് ശുദ്ധമായ പുനരുപയോഗ ഊര്‍ജ്ജ ഉറവിടങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വിഴിഞ്ഞത്തെ ഈ പരീക്ഷണം നിര്‍ണ്ണായകമായ ഒരു നാഴികല്ലായിരുന്നു. എന്നാല്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഘടനകള്‍ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.















