ഗാസിയാബാദ്, ഉത്തർപ്രദേശ്:’ഹനുമാൻ അംശ്’ (Hanuman Ansh) പ്രേക്ഷകരുടെ ഹൃദയം കീഴടക്കി വലിയൊരു വിജയമായി മാറിയിരിക്കുന്നു. വെറും രണ്ട് കോടി മുടക്കി എടുത്ത സിനിമ ഇപ്പോള്‍ 200 കോടി നേടിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ജീവിച്ചിരുന്ന അത്ഭുത സിദ്ധികളുള്ള നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ളതാണ് ഈ സിനിമ.
ഈ സിനിമ നിര്‍മ്മിച്ചതിലെ പ്രധാനവ്യക്തി അനുപ്രിയ നഗര്‍ എന്ന പെണ്‍കുട്ടിയാണ്. വെറും 21 വയസ്സുളള പെണ്‍കുട്ടി. യുകെയിലെ ബാത് യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് അനുപ്രിയ നഗര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ യുകെ പഠനത്തിനിടയില്‍ പാര്‍ട് ടൈം ജോലി ചെയ്ത് കുറച്ചു തുക സമ്പാദിച്ചിരുന്നു. ആകെ മുതല്‍ മുടക്കിന്റെ മൂന്നിലൊന്നാണ് അനുപ്രിയ നഗര്‍ ഇറക്കിയത്. അനുപ്രിയയെ സംബന്ധിച്ചിടത്തോളം തന്റെ കയ്യിലുള്ള സമ്പാദ്യം മുഴുവനും ഈ സിനിമ നിര്‍മ്മിക്കാനായി ചെലവഴിച്ചു. അതിന്റെ കാരണം അനുപ്രിയ നഗര്‍ വിശദീകരിക്കുന്നു:”എനിക്കിതൊരു വൈകാരികമായ പ്രോജക്റ്റാണ്. ലാറി ബ്രില്യന്റ്, സ്റ്റീവ് ജോബ്‌സ് തുടങ്ങിയ നിരവധി വിദേശികളെ മഹാരാജി (നീം കരോളി ബാബ) സ്വാധീനിച്ചിട്ടുണ്ട്, എന്നാൽ ഇന്ത്യയിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അദ്ദേഹത്തെക്കുറിച്ച് അറിയൂ. അദ്ദേഹത്തിന്റെ ജീവിതകഥ ആളുകൾ അറിയണമെന്നും അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.”
ഇപ്പോള്‍ ഈ സിനിമ വിജയിച്ചപ്പോള്‍ അതും “മഹാരാജ് ജിയുടെ (നീം കരോളി ബാബ) ഒരു അത്ഭുതം” എന്ന് വിശേഷിപ്പിക്കാനാണ് അനുപ്രിയ നഗറിന് ഇഷ്ടം.
ഈ പ്രോജക്ടില്‍ ഭാഗമായത് എങ്ങിനെയെന്ന് അനുപ്രിയ നഗര്‍ വിശേഷിപ്പിക്കുന്നു: “മൂന്ന് സ്ത്രീകളാണ് ഈ ചിത്രം നിർമ്മിച്ചത്, അവരിൽ ഏറ്റവും ഇളയത് ഞാനാണ്. പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഞാൻ ഇതിൽ ചേർന്നത്. ചിത്രം പൂർത്തിയായിരുന്നെങ്കിലും, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കുള്ള പണം അണിയറപ്രവർത്തകരുടെ കൈവശമില്ലായിരുന്നു. ചിത്രവുമായി എനിക്ക് ശക്തമായൊരു വൈകാരിക ബന്ധം തോന്നിയതുകൊണ്ട് എന്റെ സമ്പാദ്യം മുഴുവൻ ഇതിനായി വിനിയോഗിച്ചു.”
സിനിമയുടെ വിജയത്തെക്കുറിച്ച് പറയുമ്പോഴും അനുപ്രിയ നഗറിന് തികഞ്ഞ വിനയം:” ഞങ്ങൾ നിക്ഷേപിച്ച തുക തിരിച്ചുപിടിച്ചു കഴിഞ്ഞു; ചിത്രം മികച്ച രീതിയിൽ മുന്നേറുകയും ചെയ്യുന്നു. ചിത്രം ഇത്രയും നന്നായി മുന്നോട്ട് പോകുന്നത് മഹാരാജിയുടെ ഒരു അത്ഭുതം തന്നെയാണെന്നാണ് അണിയറപ്രവർത്തകർ എല്ലാവരും വിശ്വസിക്കുന്നത്…”
















