തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നതിന് പിന്നാലെ മലയാളികളെക്കാത്ത് മറ്റൊരു വാർത്തകൂടി ഉണ്ട്. സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും എന്നതാണ് അത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
അതിന്റെ റിസൾട്ട് ഇന്ന് വന്നതിന് പിന്നാലെയാണ് വൈദ്യുതി മുടക്കവും തിരിച്ചെത്തിയേക്കും എന്ന വാർത്ത എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നും വൈകുന്നേരം മുതൽ അർധരാത്രി വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് ലഭ്യമായിരിക്കുന്ന മുന്നറിയിപ്പ്.














