തൃശൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് മാറി യുഡിഎഫ് സര്‍ക്കാര്‍ വന്നെങ്കിലും പേരില്‍ മാത്രമാണ് മാറ്റമുള്ളതെന്ന് ബി.ബി.ഗോപകുമാര്‍ എംഎല്‍എ. കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
പുതിയ സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് പിന്തുടരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക കൊടുത്തു തീര്‍ക്കുമെന്ന് പറഞ്ഞങ്കിലും പിണറായി സര്‍ക്കാര്‍ അവസാനം വരെ ജീവനക്കാരെ ദ്രോഹിക്കുകയാണ് ചെയ്തത്. വി.ഡി സതീശന്റെ നേതൃത്തില്‍ പുതിയ സര്‍ക്കാര്‍ വന്നെങ്കിലും ഒരുമാറ്റവുമില്ല. മെഡിസിപ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിരവധി ആനൂകൂല്യങ്ങളാണ് നല്‍കുന്നത്. ഡിഎ ഇനത്തില്‍ ഒരു രൂപയുടെ കുടിശികയില്ല. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാവില്ല.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ക്കും മരുമകനുമെതിരെ ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി സതീശന്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്. അഴിമതിക്കാരെ തുറങ്കിലടക്കുമെന്ന് പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ സതീശന്‍ നയിക്കുന്ന സര്‍ക്കാര്‍ ഇ ഡി റിപ്പോര്‍ട്ട് കിട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും എഫ്ഐആര്‍ പോലും എടുത്തിട്ടില്ല. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്താന്‍ ബിജെപിയുടെ മൂന്ന് പേരില്‍ നിന്ന് നൂറ് പേരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
രാഷ്‌ട്രീയ കര്‍മ്മചാരി സംഘ് ദേശീയ സെക്രട്ടറി രാജേന്ദകുമാര്‍ ശ്രീവാസ്തവ്,ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.രാജേഷ,് ട്രഷറര്‍ സജീവന്‍ ചാത്തോത്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.വിശ്വകുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി രാവിലെ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവന്‍ പതാക ഉയര്‍ത്തി.
ഉച്ചയ്‌ക്ക് 2 ന് സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ എ.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാബുരാജ് അധ്യക്ഷനായി. ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സഹബൗദ്ധിക് പ്രമുഖ് സുനില്‍ മടവാക്കര സംസാരിച്ചു. തുടര്‍ന്ന് വനിതാ സമ്മേളനം പ്രൊഫ. ഉഷ നങ്ങ്യാര്‍ ഉദ്ഘാടനം ചെയ്തു.
എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രന്‍ അധ്യക്ഷയായി. വൈകിട്ട് നഗരത്തില്‍ ശക്തി പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്യ അധ്യക്ഷയായി.സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള സ്വാഗതവും ജില്ലാ സെക്രട്ടറി ജയന്‍ പൂമംഗലം നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ സംസ്ഥാന കൗണ്‍സില്‍ യോഗവും സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. സമാപാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.














