ന്യൂദൽഹി: വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ ആളുകളെ വഞ്ചിക്കുന്നതായി റിപ്പോർട്ട്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ സ്കാം അലേർട്ട് പുറപ്പെടുവിച്ചു.
പ്രിയങ്ക ഗാന്ധിയുടെ വ്യാജ എഐ-ജന്റഡ് ചിത്രങ്ങളും ശബ്ദങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകൾ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ പ്രചരിക്കുന്നുണ്ടെന്ന് ഓഫീസ് അറിയിച്ചു. പണം നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോകളാണിത്. ഈ വീഡിയോകളെല്ലാം തട്ടിപ്പുകളാണെന്ന് ഓഫീസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് ആളുകളോട് അഭ്യർത്ഥിക്കുന്നു. അത്തരം പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക എന്നാണ് അറിയിപ്പ്.
നേരത്തെ ആഗസ്റ്റിന്റെ തുടക്കത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ പേരിൽ സമാനമായ ഒരു വ്യാജ വീഡിയോ പുറത്തുവന്നിരുന്നു, എന്നാൽ സർക്കാർ അത് നിഷേധിച്ചിരുന്നു.
















